തിരുവനന്തപുരം: അത്തപ്പൂക്കളമൊരുക്കുന്നത് കണ്ടും അടപ്രഥമൻ രുചിച്ചും ഓണാഘോഷത്തിൽ പങ്കെടുത്ത്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഭാര്യ രേഷ്മ ആരിഫ്. ഓണം വാരാഘോഷത്തോടനുബന്ധിച്ച് ടൂറിസം വകുപ്പ് സെന്റ് ജോസഫ്സ് സ്കൂളിൽ സംഘടിപ്പിച്ച അത്തപ്പൂക്കള മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അവർ. മത്സരാർഥികൾ പൂക്കൾ ഒരുക്കുന്നതും പൂക്കളമിടുന്നതും കൗതുകത്തോടെ നോക്കിക്കാണുകയും കുശലം ചോദിക്കുകയും ചെയ്തു. ഗവർണറുടെ ഭാര്യയുടെ ആദ്യത്തെ പൊതുചടങ്ങായിരുന്നു ഇത്.

രേഷ്മ ആരിഫും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖയും ചേർന്നാണ് മത്സരം ഉദ്ഘാടനം ചെയ്തത്. മലയാളത്തനിമയിൽ സെറ്റ് സാരിയണിഞ്ഞ് എത്തിയ വിശിഷ്ടാതിഥികളെ ചെണ്ടമേളത്തോടെയാണ് വരവേറ്റ് വേദിയിലേക്ക് ആനയിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പൂക്കള മത്സരത്തിൽ മുപ്പതോളം ടീമുകൾ പങ്കെടുത്തു.