ചിറയിന്‍കീഴ്: വളര്‍ന്ന് തമ്മില്‍ മുട്ടാറായ ശാര്‍ക്കരയിലെ ദേവസ്വം ആനകളുടെ കൊമ്പുമുറിക്കാനുള്ള നടപടികള്‍ക്ക് ഒടുവില്‍ അനക്കം വച്ചു. രണ്ടുവര്‍ഷമായി വനം വകുപ്പിന്റെ കനിവും കാത്തുകഴിയുന്ന ശാര്‍ക്കര ക്ഷേത്രത്തിലെ ദേവസ്വംവക ആനകളായ ആഞ്ജനേയന്റെയും ചന്ദ്രശേഖരന്റെയും ദുരിതം മാതൃഭൂമി ബുധനാഴ്ച വാര്‍ത്തയാക്കിയതിനു പിന്നാലെയാണ് വനംവകുപ്പിന്റെ നടപടി.

കൊമ്പുമുറിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം വെറ്ററിനറി ഡോക്ടറുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടുന്ന ബോര്‍ഡിന്റെ അപേക്ഷ വനംവകുപ്പ് തിരുവനന്തപുരം ഓഫീസില്‍നിന്ന് ആറ്റിങ്ങല്‍ റേഞ്ച് ഓഫീസര്‍ക്ക് അടിയന്തരമായി കൈമാറുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പിന്റെ ആറ്റിങ്ങല്‍ ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ശാര്‍ക്കരയിലെത്തി ആനകളുടെ അവസ്ഥ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് വനം, ദേവസ്വം വകുപ്പ് അധികൃതര്‍ പറഞ്ഞു.

ഒരുവര്‍ഷം മുന്‍പെങ്കിലും മുറിച്ചുമാറ്റേണ്ട ആനകളുടെ കൊമ്പുകളാണ് വനം വകുപ്പിന്റെ മെല്ലെപ്പോക്കുകാരണം ആനകളെ കഷ്ടത്തിലാക്കിയത്. ഇതിനിടയില്‍ ചങ്ങലയുരഞ്ഞ് ആഞ്ജനേയന്റെ കൊമ്പിന് സാരമായ കേടുപാടുകളും സംഭവിച്ചു.

വനംവകുപ്പിനോട് നടപടി ആവശ്യപ്പെട്ടു

ചിറയിന്‍കീഴ്: ശാര്‍ക്കര ക്ഷേത്രത്തിലെ ദേവസ്വം ബോര്‍ഡ് വക ആനകളുടെ ദുരിതം മാതൃഭൂമിയിലൂടെ അറിഞ്ഞ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി അധികൃതര്‍ ശാര്‍ക്കരയിലെത്തി ആഞ്ജനേയനേയും ചന്ദ്രശേഖരനേയും സന്ദര്‍ശിച്ച് വനംവകുപ്പ് അധികൃതരോട് നടപടി ആവശ്യപ്പെട്ടു.

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ.വിദ്യാധരനാണ് ബുധനാഴ്ച ആനകളെ കണ്ടത്.

ആനകളുടെ സ്ഥിതി വളരെ പരിതാപകരമാണെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ല. വനംവകുപ്പിന്റെ ഭാഗത്താണ് അലംഭാവം ഉണ്ടായത്. സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥനുമായി ഫോണില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്നുദിവസത്തിനുള്ളില്‍ അപേക്ഷയില്‍ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയതായും സെക്രട്ടറി പറഞ്ഞു.

നല്‍കിയ അപേക്ഷാ ഫോമിലുണ്ടായ സാങ്കേതിക പ്രശ്‌നമാണ് നടപടി വൈകാന്‍ കാരണമെന്നാണ് വനം വകുപ്പ് അറിയിച്ചത്. എങ്കിലും ഇത്രയും കാലതാമസം ഉണ്ടായതിന് ന്യായീകരണമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.