ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനട ഉൾപ്പെടുന്ന പദ്മതീർഥക്കരയിൽ മാലിന്യം നിറയുന്നു. ടൂറിസ്റ്റുകൾ പുറന്തള്ളുന്നതും ക്ഷേത്രത്തിലെ പൂജാവശിഷ്ടങ്ങളുമാണ് മാലിന്യത്തിലേറെയും. ഇവ മാറ്റിക്കൊണ്ടിരുന്ന നഗരസഭയും നിയോഗിക്കപ്പെട്ട ജീവനക്കാരും പിന്മാറുന്നുവെന്നാണ് പരാതി. രണ്ടുദിവസമായി ക്ഷേത്രത്തിലെ ജീവനക്കാരും സന്നദ്ധപ്രവർത്തകരുമാണ് ചവർനീക്കുന്നത്. ശേഷിച്ചവ സമീപത്തു കൂടിക്കിടക്കുന്നുമുണ്ട്.
ക്ഷേത്രത്തിന്റെ മറ്റ് നടകളിലെ മാലിന്യം ക്ഷേത്രജീവനക്കാർ തന്നെയാണ് മാറ്റുന്നത്. കിഴക്കേനടയിലെ മാലിന്യമാണ് നഗരസഭ നീക്കിയിരുന്നത്. ക്ഷേത്രത്തിൽ പൂജയ്ക്കുശേഷമുള്ള പൂക്കളും മറ്റ് വസ്തുക്കളും ജീവനക്കാർ പുറത്തെത്തിക്കുന്നുണ്ട്. ടൂറിസ്റ്റ് മേഖലയിൽ ടൂറിസം വകുപ്പ് സ്ഥാപിച്ച പ്ലാസ്റ്റിക് കൂടകളിലും സന്ദർശകർ ചവറിടാറുണ്ട്. കിഴക്കേനടയിൽ ഇത്തരത്തിൽ കൂടുന്ന മാലിന്യവും പരിസരവുമാണ് നഗരസഭാ ജീവനക്കാർ വൃത്തിയാക്കിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മാലിന്യനീക്കം ഉണ്ടായില്ല. ചവറ്റുകുട്ടയിൽ ടൂറിസ്റ്റുകൾ നിക്ഷേപിച്ച പ്ലാസ്റ്റിക് മാലിന്യവും ക്ഷേത്രത്തിൽനിന്നു ചാക്കിൽ കെട്ടിയിട്ട പൂക്കളും റോഡരികിൽ കൂടിക്കിടപ്പുണ്ട്. മഴ പെയ്തതോടെ ഇവ ചിതറിയും അഴുകിയും കണ്ടുതുടങ്ങി.
തിരക്കേറി; മാലിന്യവും കൂടുമെന്ന് ആശങ്ക
മുറജപവും മണ്ഡലക്കാലവുമായതിനാൽ ക്ഷേത്രത്തിൽ തീർഥാടകരുടെ തിരക്ക് അധികമാണ്. ഇതിനനുസരിച്ച് മാലിന്യവും വൃത്തികേടും അധികരിക്കും. അവ യഥാസമയം നീക്കം ചെയ്യാതെ വന്നാൽ പദ്മതീർഥക്കര മലിനമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. മറ്റുള്ളവർ ചെയ്യുന്നതുപോലെ ജൈവമാലിന്യവും ഖരമാലിന്യവും വേർതിരിച്ചുതന്നാൽ മാറ്റാമെന്ന് നഗരസഭയിലെ ആരോഗ്യവിഭാഗം അറിയിച്ചതായി ക്ഷേത്രം അധികൃതർ പറഞ്ഞു. എന്നാൽ, ഇതിനുള്ള സംവിധാനം ക്ഷേത്രത്തിലില്ല. പകരം ക്ഷേത്രപരിസരം വൃത്തിയാക്കാൻ ഒരു സൊസൈറ്റി തന്നെ പ്രവർത്തിക്കുന്നുണ്ട്. വേതനം നൽകിയാണ് ജീവനക്കാരെ ഇതിനു ചുമതലപ്പെടുത്തുന്നത്. ഭക്തർ നൽകുന്ന തുക ഇതിന് ഉപയോഗിക്കുന്നു.
നഗരസഭ ജോലി ചെയ്യുന്നില്ല
അതീവസുരക്ഷയുള്ള ടൂറിസം മേഖലയിൽ നഗരസഭ പ്രാഥമികമായ ജോലി ചെയ്യുന്നില്ല. മറ്റ് നടകൾ വൃത്തിയാക്കുന്ന ക്ഷേത്രജീവനക്കാർ കിഴക്കേനടകൂടി വൃത്തിയാക്കേണ്ട സ്ഥിതിയിലാണ്. ഇത് അമ്പലത്തിൽ ഭക്തർ നൽകുന്ന പണമെടുത്തുവേണം ചെയ്യാൻ. നേട്ടം നഗരസഭയുടെ പേരിലുമാകും. നഗരസഭ ചെയ്തില്ലെങ്കിൽ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ മാലിന്യംനീക്കും
വി.രതീശൻ, എക്സിക്യുട്ടീവ് ഓഫീസർ, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം.
കീഴ്‍വഴക്കമാണെങ്കിൽ പരിശോധിക്കും
നഗരസഭ പൊതുസ്ഥലങ്ങളിൽനിന്നു മാലിന്യം നീക്കംചെയ്യാറുണ്ട്. ഇതിനുപുറമേ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നുവോയെന്ന് പരിശോധിക്കണം. നഗരസഭ ആരോഗ്യവിഭാഗവുമായി ആലോചിക്കും. കീഴ്‌വഴക്കമാണെങ്കിൽ പരിശോധിക്കും.
കെ.ശ്രീകുമാർ, മേയർ.
Content Highlights: Padmatheerthakkara, Waste Disposal