Libraryവര്‍ക്കല: ഗ്രാമീണവായനശാലയെന്ന ഒരുകൂട്ടം യുവാക്കളുടെ സ്വപ്‌നം ഒരു നാടിന്റെ സാംസ്‌കാരികകേന്ദ്രമായി വളര്‍ന്ന ചരിത്രമാണ് പുന്നമൂട് സന്മാര്‍ഗപ്രദായിനി ഗ്രന്ഥശാലയ്ക്കുള്ളത്. പുന്നമൂട് എന്ന ഗ്രാമത്തിന്റെ സാംസ്‌കാരിക പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ച അക്ഷരകേന്ദ്രം ഇന്നും അറിവിന്റെ പ്രകാശഗോപുരമായി നിലകൊള്ളുന്നു.

67 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യത്തിനൊപ്പം താലൂക്ക് റഫറല്‍ ഗ്രന്ഥശാലയെന്ന അംഗീകാരവും സന്മാര്‍ഗപ്രദായിനിക്ക് സ്വന്തം. പുന്നമൂട് മാര്‍ക്കറ്റിന് എതിര്‍വശം മൂന്നുനിലകളിലായാണ് ഇന്ന് ഗ്രന്ഥശാല പ്രവര്‍ത്തിക്കുന്നത്. 1950-ല്‍ ആരംഭിച്ച ഗ്രന്ഥശാല അനേകം പ്രവര്‍ത്തകരുടെ ത്യാഗത്തിന്റെയും ആത്മാര്‍ഥതയുടെയും വിയര്‍പ്പിന്റെയും പരിണിതഫലമായാണ് ഇന്ന് കാണുന്നവിധം ഉയര്‍ന്നത്. പി.എന്‍.പണിക്കരുടെ നേതൃത്വത്തില്‍ പലയിടങ്ങളിലും ഗ്രാമീണഗ്രന്ഥശാലകള്‍ രൂപംകൊള്ളുന്ന കാലത്താണ് പുന്നമൂട്ടിലെ യുവാക്കളിലും അത്തരം മോഹം ഉദിച്ചത്.
 
പുന്നമൂട് റെയില്‍വേ ഗേറ്റിന് വടക്ക് ചെറിയവാടകയ്ക്ക് ലഭിച്ച ഒരു കടമുറിയില്‍ പലരില്‍ നിന്നും ശേഖരിച്ച പുസ്തകങ്ങളും ഒരു ദിനപത്രവുമായിട്ടാണ് വായനശാലയുടെ തുടക്കം. ഗ്രന്ഥശാലയ്ക്ക് കുഴിവിള പി.ഗോപിനാഥന്‍നായരാണ് തുച്ഛമായ വിലയ്ക്ക് സ്ഥലം നല്‍കിയത്. നാട്ടുകാരുടെയും സിങ്കപ്പൂര്‍ നിവാസികളുടെയും സഹായത്തോടെയാണ് സ്വന്തമായി കെട്ടിടം നിര്‍മിച്ചത്.

അന്തരിച്ച ജി.കാര്‍ത്തികേയന്‍, വര്‍ക്കല വിജയന്‍ എന്നിവരെയെല്ലാം വായനയുടെ ലോകത്തേക്ക് നയിച്ചത് ഈ ഗ്രന്ഥശാല അംഗങ്ങളായിരുന്നു. വീട്ടില്‍ റേഡിയോയും വര്‍ത്തമാനപത്രവും വാരികകളും ഇല്ലാതിരുന്ന കാലത്തെ അഭയമായിരുന്നു സന്മാര്‍ഗപ്രദായിനിയെന്ന് ഗ്രന്ഥശാല സുവര്‍ണജൂബിലി സുവനീറിലെ തന്റെ ലേഖനത്തില്‍ ജി.കാര്‍ത്തികേയന്‍ മനസ്സുതുറന്നിട്ടുണ്ട്.

1989ലാണ് പുതിയ ഇരുനിലകെട്ടിടം പണിതത്. താഴെ വായനാമുറിയും ഒന്നാംനിലയില്‍ ലൈബ്രറിയുമാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നാം നില അടുത്തിടെ ബാലവേദിക്കായി സജ്ജമാക്കി. 1780 അംഗങ്ങളുള്ള എഗ്രേഡ് ലൈബ്രറിയില്‍ 18,988 പുസ്തകങ്ങളും പ്രധാന പത്രങ്ങളെല്ലാമുണ്ട്. വാര്‍ഷികാഘോഷത്തില്‍ വിദ്യാര്‍ഥികളെ ആദരിക്കല്‍, മെഡിക്കല്‍ക്യാമ്പ് എന്നിവ നടത്താറുണ്ട്. രണ്ടുവര്‍ഷം മുന്‍പ് അമ്മവായന എന്ന പേരില്‍ സ്ത്രീകള്‍ക്ക് വായിക്കാനായി പുസ്തകങ്ങള്‍ വീട്ടിലെത്തിക്കുന്ന പരിപാടി നടപ്പാക്കിയിരുന്നു.
 
വായനയും നാടിന്റെ സാംസ്‌കാരിക പുരോഗതിയും വളര്‍ത്താനുള്ള കര്‍മപരിപാടികളുമായാണ് ഗ്രന്ഥശാല മുന്നോട്ടുപോകുന്നത്. എന്‍.ഗോപിനാഥന്‍നായര്‍ പ്രസിഡന്റും എസ്.സുരേഷ്‌കുമാര്‍ സെക്രട്ടറിയുമായുള്ള ഭരണസമിതിയാണ് ഗ്രന്ഥശാലയെ നയിക്കുന്നത്.