മാൻഹോളിൽനിന്നു പുറത്തേക്കൊഴുകുന്ന മലിനജലം സർക്കാർ ഓഫീസിലെ ജീവനക്കാർക്കു ദുരിതമാകുന്നു. ഫിഷറീസ്  വകുപ്പിനു കീഴിൽ ഡി.പി.ഐ.-വഴുതക്കാട് വൺവേക്ക്‌ സമീപമുള്ള ജലകൃഷിവികസന ഓഫീസിനു മുന്നിലാണ് മലിനജലം ഒഴുകുന്നത്.

രൂക്ഷമായ ദുർഗന്ധത്തെത്തുടർന്ന് ഓഫീസിലിരിക്കാനാവുന്നില്ലെന്നും ആറുമാസമായി തങ്ങൾ ഈ ദുർഗന്ധം സഹിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതു സഹിച്ചു മാത്രമേ ഓഫീസിനുള്ളിൽ കയറാൻ കഴിയൂ എന്ന സ്ഥിതിയാണിപ്പോഴെന്ന്‌ ജീവനക്കാർ പറഞ്ഞു. ഓഫീസ് കെട്ടിടത്തിനു മുന്നിൽ മലിനജലം ഒഴുകുന്നതു സംബന്ധിച്ച് മേയർക്കും ഡ്രെയിനേജ് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർക്കും പരാതി കൊടുത്തിട്ടും ഉപയോഗമില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വിവിധ ആവശ്യങ്ങൾക്കായി ജലകൃഷി ഓഫീസിലെത്തുന്നവർ മലിനജലം ചവിട്ടിയാണ് കെട്ടിടത്തിലേക്കു വരേണ്ടത്. ഇതിന്‌ അടിയന്തരമായി പരിഹാരം കാണണമെന്ന്  ജീവനക്കാർ ആവശ്യപ്പെട്ടു.