കഴക്കൂട്ടം-മുക്കോല പാതയിലെ സർവീസ് റോഡുകളിൽ ആക്രിസാധനങ്ങളും അറവുമാടുകളും നാട്ടുകാർക്കു സൗകര്യപ്രദമായി സഞ്ചരിക്കുന്നതിന്  ദേശീയപാതയ്ക്കിരുവശവും നിർമിച്ചിട്ടുള്ള സർവീസ് റോഡുകൾ  വഴിവാണിഭക്കാർ കൈയേറി. കഴക്കൂട്ടം-മുക്കോല നാലുവരിപ്പാതയുടെ ഈഞ്ചക്കൽ മുതൽ തിരുവല്ലം പാലം വരെയുള്ള സർവീസ് റോഡാണ് കൈയേറിയിരിക്കുന്നത്. 45 മീറ്റർ വീതിയിലാണ് നാലുവരിപ്പാത കടന്നുപോകുന്നത്. ഇതിൽ 30 മീറ്റർ വീതിയിൽ മധ്യത്തായി നാലുവരിപ്പാതയും ഇതിന് ഇരുവശത്തുമായി ഏഴര മീറ്റർ വീതിയിൽ സർവീസ് റോഡുകളുമുണ്ട്.  

എന്നാൽ, കൈയേറ്റം കാരണം സർവീസ് റോഡിന്റെ വീതി  അഞ്ച്‌ മീറ്ററായി കുറഞ്ഞു. നാലുവരിപ്പാതയിൽ അടിയന്തര സാഹചര്യങ്ങളുണ്ടായാൽ സർവീസ് റോഡും ഉപയോഗിക്കാമെന്നിരിക്കെയാണ് കൈയേറ്റം കാരണം  ഇതുവഴിയുള്ള ഗതാഗതം പലിടത്തും തടസ്സപ്പെട്ടിരിക്കുന്നത്. സർവീസ് റോഡിന്റെ ഇരുവശത്തുമായി മോട്ടോർവാഹന കമ്പനികൾക്ക് കാറുകളും സ്കൂട്ടറുകളും എത്തിക്കുന്ന ട്രെയിലർ ലോറികളുടെ നീണ്ട നിരയാണ്. കൂടാതെ സർവീസ് റോഡിനോടു ചേർന്നുള്ള വർക്ക്‌ഷോപ്പുകളിൽ അറ്റകുറ്റപ്പണികൾെക്കത്തിക്കുന്ന വാഹനങ്ങളും സർവീസ് റോഡുകളിലാണ് നിരത്തിയിട്ടിരിക്കുന്നത്. ഈഞ്ചക്കലിൽ ആക്രിക്കടയിൽ കൊണ്ടുവരുന്ന പഴയ സാധനങ്ങളും ഈ റോഡിലാണ് കൂട്ടിയിടുന്നത്. കാൽനടക്കാർക്കും വാഹനങ്ങൾക്കും ഇവ തടസ്സമായിരിക്കുകയാണ്.

മുട്ടത്തറ എസ്.എൻ.ഡി.പി. ശ്മശാനത്തിനു മുന്നിലായി പാർക്കുചെയ്തിരിക്കുന്ന സ്വകാര്യവാഹനങ്ങൾ പലപ്പോഴും ശവസംസ്കാരത്തിന് മൃതദേഹവുമായി എത്തുന്ന  ആംബുലൻസുകൾക്ക് വഴിമുടക്കികളാകുന്നുണ്ട്. മൃതദേഹവുമായി എത്തുന്ന ആംബുലൻസുകൾക്ക് പലപ്പോഴും അവിടേക്ക് എത്താൻ പറ്റില്ല. ശ്മശാനത്തിനുള്ളിലേക്ക് വാഹനം സുഗമമായി കടക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. എന്നാൽ, റോഡിനിരുവശവും നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ   ആംബുലൻസുകൾക്ക് അകത്തേക്കു കടക്കാൻ തടസ്സമാകുന്നത് ഈ റോഡിലെ നിത്യകാഴ്ചയാണ്. പരുത്തിക്കുഴി ഭാഗത്ത് റോഡിന്റെ രണ്ടു വശത്തുമുള്ള സർവീസ് റോഡുകളിലും ഉപയോഗശൂന്യമായ കാറുകൾ നിരത്തിയിട്ടിട്ടുണ്ട്. തുരുമ്പുപിടിച്ച നിലയിലാണ് മിക്ക വാഹനങ്ങളും. ഈ വാഹനങ്ങളുടെ മറവിലായി അറവിനെത്തിക്കുന്ന കന്നുകാലികളെയും കെട്ടിയിട്ടിട്ടുണ്ട്. പലപ്പോഴും ഇവ കെട്ടഴിഞ്ഞ് റോഡിൽ തടസ്സമുണ്ടാക്കാറുണ്ട്.

ഇതേ സർവീസ് റോഡിന്റെ തുടർച്ചയായി പള്ളിത്തെരുവ്  റോഡിൽത്തന്നെ വാഹനങ്ങൾ കൊണ്ടുവരുന്ന ട്രെയിലർ ലോറികൾ, ആക്രിക്കടകൾ, വർക്ക്‌ഷോപ്പുകൾ, പഴയ തടികൾ ഉപയോഗിച്ച് ഫർണിച്ചർ നിർമിക്കുന്നതിന് റോഡ് കൈയേറി തടിയിറക്കിയിരിക്കുന്ന കടകൾ, ലേലംചെയ്യുന്നതിനായി റോഡിൽ നിരത്തിയിട്ടിരിക്കുന്ന കാറുകളും മറ്റു വാഹനങ്ങളും ഈ റോഡിൽ മാർഗതടസ്സം സൃഷ്ടിക്കുന്നുണ്ട്. അമ്പലത്ത കുമരിച്ചന്ത കഴിഞ്ഞുള്ള റോഡിലും ഇതേ സ്ഥിതിയാണ്. കഴക്കൂട്ടം മുതൽ പണിതീർന്ന നാലുവരിപ്പാതയുടെ സർവീസ് റോഡിൽ പരക്കെയുള്ള കൈയേറ്റങ്ങൾ ദേശീയപാതാ അധികൃതരുടെ  ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൈയേറ്റങ്ങൾക്കെതിേര നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തിനു നിർദേശം നൽകിയതായി സൂചനയുണ്ട്.