തലസ്ഥാനനഗരത്തിനും ചരിത്രത്തിന്റെ ആ പഴമ  അവകാശപ്പെടാം. രാജഭരണത്തിൽനിന്നു ജനകീയ ഭരണത്തിലേക്കു മാറിയ നാളുകൾ.തിരുവനന്തപുരത്തിന്റെ സംസ്കാരം, ആചാരം, കലാപൈതൃകം എന്നിവയി ലെല്ലാം ഐക്യകേരളത്തിന്റെ തനിമ ഈ കാലയളവിൽ നിറഞ്ഞു.

അധികാരസിരാകേന്ദ്രമായി മാറിയ തിരുവനന്തപുരത്തിന് രാജഭരണത്തിന്റെ അവശേഷിപ്പുകൾ അലങ്കാരമായി നിലനിന്നു. കൊട്ടാരവും കോവിലുകളും ഉത്സവങ്ങളും തലസ്ഥാനത്തെ പഴമയുടെ കുറിയണിയിച്ചു. അപ്പോഴും വളർച്ചയുടെ ഓരോ നാഴികക്കല്ലും തലസ്ഥാനം അളന്നുകുറിച്ചു. സിനിമയിലും സാഹിത്യത്തിലും ഹൈടെക്ക് സംസ്കാരത്തിലും വരെ അവ പ്രതിഫലിച്ചു. ഓരോ കേരളപ്പിറവിയും തലസ്ഥാനത്തിന് ഓരോ ഓർമപുതുക്കലായിരുന്നു.
വസ്ത്രത്തിലും മലയാളപ്പെരുമയിലും തലസ്ഥാനജനത പിറവി ആഘോഷിച്ചു. ഇന്നും അതിനു മാറ്റമുണ്ടായിട്ടില്ല.

പാലാ നാരായണൻനായർ പാടിയതുപോലെ
“കേരളം വളരുന്നു പശ്ചിമഘട്ടങ്ങളിൽ
കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളിൽ”

നാടും നഗരവും കോടിയുടുത്തു

വാർധക്യത്തിന്റെ തുടക്കമാണ് ഷഷ്ടിപൂർത്തിയെന്ന് പറയാറുണ്ടെങ്കിലു, കൂടുതൽ ചെറുപ്പവും പ്രസരിപ്പും നിറയുന്നതാണ് കേരളത്തിന്റെ ഷഷ്ടിപൂർത്തിയാഘോഷങ്ങൾ. ഐക്യകേരളത്തിന്റെ 61-ാം പിറന്നാൾ നാടും നഗരവും ആഘോഷിച്ചു.

ആനന്ദവും ആരവങ്ങളുമൊഴിയാതെ കേരളത്തിന്റെ ഷഷ്ടിപൂർത്തിക്ക് വൈവിധ്യങ്ങളായ കാഴ്ചകളാണ് തലസ്ഥാന നഗരം കണ്ടത്. വേഷമാണ് പലപ്പോഴും കേരളപ്പിറവി ദിനത്തെ ആകർഷകമാക്കുന്നത്. ഓണക്കാലങ്ങൾ ന്യൂജെൻ ആയാലും കേരളപ്പിറവി ദിനത്തിൽ തനി മലയാളിത്തമാണ് നഗരവാസികളുടെ പൊതുവായ ശീലം. കാലമെത്ര മാറിയാലും കേരളീയ വേഷവും സദ്യയുമൊക്കെ തന്നെയാണിപ്പോഴും ആഘോഷങ്ങളിൽ ഇടം പിടിക്കുന്നത്.  

വീടുകളിലല്ല നിരത്തുകളിലും സ്ഥാപനങ്ങളിലുമാണ് ശരിക്കും കേരളപ്പിറവിയാഘോഷം നിറഞ്ഞത്. സർക്കാർ ഓഫീസുകളിൽ ജീവനക്കാർ കൈത്തറി മുണ്ടുടുത്തും വനിതകൾ വെളുത്ത കസവുനേര്യത് ധരിച്ചും ജോലിക്കെത്തി. വിദ്യാർഥികളും പതിവുപോലെ കേരളീയ വേഷമണിഞ്ഞാണ് കോളേജുകളിലെത്തിയത്. സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ആഘോഷത്തിന്റെ ഭാഗമായി തൂശനിലയിൽ വിളമ്പിയ സദ്യവട്ടവും ഉണ്ടായിരുന്നു. കോളേജിലും സ്‌കൂളുകളിലും വിദ്യാർഥികളുടെ കലാപരിപാടികൾ ആഘോഷത്തിന് പൊലിമ നിറച്ചു.

നല്ല കാര്യങ്ങൾക്ക് ഹരിശ്രീ കുറിക്കാൻ കേരളത്തിന്റെ ജന്മദിനം തന്നെയാണ് അനുയോജ്യമെന്ന മട്ടിൽ സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും സംരംഭങ്ങളുടെയും പദ്ധതികളുടെയും ഉദ്ഘാടനം നടത്തി. ഭരണഭാഷ മാതൃഭാഷയായതും കൂടി ചേർത്താൽ ആഘോഷങ്ങൾക്ക് മലയാളത്തനിമ ഇരട്ടിച്ചു. വിദ്യാലയങ്ങളിലും സർക്കാർ ഓഫീസുകളിലും മലയാളഭാഷാ വാരാചരണത്തിന് ബുധനാഴ്ച തുടക്കം കുറിച്ചു. യോഗങ്ങളിൽ പങ്കെടുത്തവരെല്ലാം ഭാഷാ പ്രതിജ്ഞ ചൊല്ലി. സംസ്ഥാനത്തിന്റെ വാരാഘോഷം സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഒരാഴ്ച നീളുന്ന മലയാളഭാഷാ വാരാചരണത്തിന് സെമിനാറും കലാപരിപാടികളും ഉണ്ടായിരിക്കും.

കലാലയങ്ങളിൽ അക്ഷരപൂജയും ഭാഷാപ്രതിജ്ഞയുമായി തുടക്കം

കേരളപ്പിറവിദിനം നഗരത്തിലെ കലാലയങ്ങൾക്ക് ആഘോഷത്തിന്റെ വേദിയായി. ഒരാഴ്ച നീളുന്ന മാതൃഭാഷാവാരാചരണം അക്ഷരപൂജയോടെയാണ് ആരംഭിച്ചത്. കോളേജുകളിൽ വിദ്യാർഥികൾ മലയാളദിന പ്രതിജ്ഞ ചൊല്ലി. ആൺകുട്ടികൾ കൈത്തറി മുണ്ട് മടക്കിക്കുത്തി കാമ്പസിൽ വിലസി. പെൺകുട്ടികൾ പലയിടത്തും പഴമയെ ഓർമിപ്പിക്കുന്ന പാവാടയും ബ്ലൗസും അണിഞ്ഞു. വെളുത്ത കസവുസാരി അണിഞ്ഞും പെൺകുട്ടികൾ പിറവിദിനം അവിസ്മരണീയമാക്കി.

വഴുതയ്ക്കാട് വിെമൻസ് കോളേജിൽ വിവിധ വകുപ്പുകളുടെ ഏകോപനമാണ് ആഘോഷത്തിന് ഉണ്ടായത്. മലയാളവിഭാഗത്തിന്റെ പകൽ നീണ്ട ആഘോഷം ഹയർസെക്കൻഡറി ഡയറക്ടർ ഡോ. പി.പി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് എസ്.ആർ.ലാലിനെ അനുമോദിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ.കെ.ഉഷാകുമാരി, ഡോ.എ.അഷറഫ്, വകുപ്പ് അധ്യക്ഷൻ ചായം ധർമരാജൻ, പി.എൽ.ഷിബുകുമാർ, പി.ടി.എ. ഭാരവാഹികളായ ബാബു മാത്യു, പദ്മകുമാരി എന്നിവർ പങ്കെടുത്തു. വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

എം.ജി.കോളേജ് മലയാളവിഭാഗത്തിന്റെ മാതൃഭാഷാദിനാചരണം കവാടത്തിൽ കേളികൊട്ടോടു കൂടിയാണ് ആരംഭിച്ചത്. ഒരാഴ്ച നീളുന്ന തുടി ഡോ.വിളക്കുടി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ.പി.ഗീത അധ്യക്ഷയായി. പ്രിൻസിപ്പൽ ഡോ.എം.ആർ.സുദർശനകുമാർ, ഡോ.അജയപുരം ജ്യോതിഷ്‌കുമാർ, ഡോ.സുധീഷ്, ഡോ. എ.രമാദേവി എന്നിവർ പങ്കെടുത്തു. മാർ ഇവാനിയോസ് കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഭാഷയെ സംബന്ധിച്ച മത്സരങ്ങളോടെയാണ് ഭാഷാദിനം ആഘോഷിച്ചത്. കോളേജിൽ മലയാളത്തിലെ ചോദ്യങ്ങളും പ്രസംഗവും ഉൾപ്പെടുത്തി ‘ശ്രീമാൻ ശ്രീമതി’ മത്സരം നടത്തി. വൈസ് പ്രിൻസിപ്പൽ ഉമ്മച്ചൻ, അധ്യാപിക ആനന്ദവല്ലി എന്നിവർ നേതൃത്വം നൽകി.

സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ മലയാളം ശ്രേഷ്ഠഭാഷാ ദിനാഘോഷം സംഘടിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഏ.ആർ.രാജന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സാഹിത്യകാരൻ ഡോ.പ്രഭാകരൻ പഴശ്ശി ഉദ്ഘാടനം ചെയ്തു. മഞ്ജു വെള്ളായണി, ആർ.അനിരുദ്ധൻ, പ്രത്യുഷ്ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പട്ടം പി.എസ്.സി. ആസ്ഥാനത്ത് ചെയർമാൻ എം.കെ.സക്കീർ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരുവനന്തപുരം നഗരസഭയിൽ സ്ഥിരംസമിതി ചെയർമാൻ വഞ്ചിയൂർ പി.ബാബു ജീവനക്കാർക്ക് ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി എൽ.എസ്.ദീപ, അഡീഷണൽ സെക്രട്ടറി കെ.ഹരികുമാർ എന്നിവർ പങ്കെടുത്തു.

ഐരാണിമുട്ടം തുഞ്ചൻ സ്മാരകസമിതിയിൽ കേരളപ്പിറവിദിനം തുഞ്ചൻദിനമായി ആചരിച്ചു. മാതൃഭാഷാ സമ്മേളനം ഡോ. ടി.ജി.രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ഡോ. സി.ജി.രാമചന്ദ്രൻനായർ, ഡോ. പി.സേതുനാഥൻ, വെള്ളനാട് രാമചന്ദ്രൻ, സുധ എം.ഹരികുമാർ, ഉണ്ണി പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.