• പുനരുദ്ധാരണ ജോലികൾ നിലച്ചു
  • മഴപ്പേടിയിൽ സ്‌കൂൾ കെട്ടിടങ്ങൾ

ലക്ഷങ്ങളുടെ പദ്ധതി പ്രഖ്യാപനങ്ങൾ നടന്നിട്ടും അട്ടക്കുളങ്ങര സ്‌കൂളിന് ശാപമോക്ഷമില്ല. പദ്ധതികൾ പ്രഖ്യാപനങ്ങളായി ഒതുങ്ങുമ്പോൾ വീർപ്പുമുട്ടുകയാണ് സ്‌കൂളധികൃതരും വിദ്യാർഥികളും. അഞ്ചേക്കറിൽ നഗരത്തിന്റെ ഹൃദയഭാഗത്താണ് അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂൾ സ്ഥിതിചെയ്യുന്നത്.

130-ലേറെ വർഷം പഴക്കമുള്ള സ്‌കൂളിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്താണ് പരിസ്ഥിതി സ്നേഹികളും ചരിത്രകാരന്മാരും സ്കൂൾ സംരക്ഷിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരും നഗരസഭയും പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു.

പലതും പാതിവഴിയിൽ അവസാനിച്ചപ്പോൾ സ്‌കൂളിന് വീണ്ടും ബാക്കിയായത് ദുരിതങ്ങൾ മാത്രം.

സ്‌കൂളിനെ തലസ്ഥാനനഗരത്തിന്റെതന്നെ മികച്ച അക്കാദമിക കേന്ദ്രമാക്കാനാണ് സർക്കാർ തീരുമാനിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ കെട്ടിടങ്ങളുടെ പഴമ നിലനിർത്തിക്കൊണ്ട് പുനരുദ്ധാരണം നടത്താനായിരുന്നു പദ്ധതി. ഇതിനായി ഹാബിറ്റാറ്റിനെ ചുമതലപ്പെത്തി. ഹാബിറ്റാറ്റ് ജോലിതുടങ്ങി എട്ടുമാസം കഴിഞ്ഞിട്ടും  കെട്ടിടങ്ങളിൽ ഭൂരിഭാഗവും ജീർണിച്ചും ഉപയോഗശൂന്യമായും കിടക്കുകയാണ്.
അഞ്ചു കെട്ടിടങ്ങളുള്ളതിൽ നിലവിൽ രണ്ടെണ്ണമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. അവയുടെ  പകുതിയിലധികം വരുന്ന നിർമാണ പ്രവർത്തനങ്ങളും പാതിവഴിയിൽത്തന്നെ.

  • ഓപ്പറേഷൻ അനന്ത പദ്ധതിയുടെ ഭാഗമായി നിർമിച്ച ഓട കടന്നുപോകുന്നത് സ്‌കൂളിനകത്തു കൂടിയാണ്. അശാസ്ത്രീയമായ ഓടയുടെ നിർമാണം വിദ്യാർഥികൾക്കും അധികൃതർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. മഴക്കാലമായാൽ നഗരത്തിലെ മാലിന്യം മുഴുവൻ സ്‌കൂൾ മൈതാനിയിലേക്ക് വന്നു നിറയും. അനാരോഗ്യകരമായ ഈ അന്തരീക്ഷത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടും നടപടികളില്ലെന്ന് അധികൃതർ പറയുന്നു
  • രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധർ അതിക്രമിച്ചു കടന്ന് സ്‌കൂളിലെ  വസ്തുക്കൾ നശിപ്പിക്കുന്നു. കക്കൂസുകൾ ഉൾപ്പെടെയുള്ളവ പലപ്പോഴും ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്. പുറത്തെ കടകളിലെ മാലിന്യങ്ങൾ  സ്‌കൂളിലേക്ക് വലിച്ചെറിയുന്നുമുണ്ട്
  • അധ്യാപകർക്കും പ്രിൻസിപ്പലിനും ഇരിക്കാനും രേഖകൾ സംരക്ഷിക്കാനും സൗകര്യപ്രദമായ സംവിധാനങ്ങൾ സ്‌കൂളിലില്ല. സ്‌കൂളിലുള്ള പല ഉപകരണങ്ങളുടെയും അവസ്ഥ പരിതാപകരമാണ്.

ഒഴിയാത്ത വിവാദങ്ങൾ

1889-ൽ മാർത്താണ്ഡം തമ്പിയാണ് സ്‌കൂൾ സ്ഥാപിച്ചത്. പട്ടം താണുപിള്ള, ഉള്ളൂർ എസ്. പരമേശ്വരയ്യർ, സഹോദരൻ അയ്യപ്പൻ തുടങ്ങി ഒട്ടേറെ പ്രഗല്‌ഭരുടെ സേവനം സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.

ഇത്തരം പ്രാധാന്യങ്ങൾ മുൻനിർത്തിയാണ് സ്‌കൂൾ നിലനിർത്താൻ സർക്കാർ നേരിട്ടിടപെട്ടത്. സ്‌കൂൾ പൊളിച്ചുനീക്കി കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് സ്ഥലം കണ്ടെത്താനും നഗരത്തിലെ പ്രധാന വാണിജ്യയിടമായി സ്ഥലത്തെ മാറ്റാനും നേരത്തെ പദ്ധതികളുണ്ടായിരുന്നു.

എന്നാൽ സ്‌കൂൾ സംരക്ഷണസമിതിയുടെയും സാമൂഹിക പ്രവർത്തകർ, പൊതുജനങ്ങളുൾപ്പെടെയുള്ളവരുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് മാസ്റ്റർ പ്ലാനിൽ സ്‌കൂളിനെയും ഉൾപ്പെടുത്തി നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചത്. മാസ്റ്റർപ്ലാൻ സംബന്ധിച്ച രൂപരേഖയോ വിശദാംശങ്ങളോ രേഖാമൂലം സ്‌കൂളിൽ ലഭ്യമായിട്ടില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ ആക്ഷേപം.

കുട്ടികൾക്കും ആവലാതി...

എം.എൽ.എ. ഫണ്ട് വകയിരുത്തി നൽകുന്ന സ്കൂൾ ബസുകൾ പല സ്കൂളിനും അനുഗ്രഹമാകുമ്പോൾ അട്ടക്കുളങ്ങരയ്ക്ക് അതൊരു ബാധ്യതയാണ്. പി.ടി.എ. ഫണ്ടില്ലാത്തതാണ് പ്രധാനപ്രശ്നം. സാധാരണക്കാരായ വിദ്യാർഥികളിൽ നിന്നു പണപ്പിരിവ് നടത്തുന്നത് അപ്രായോഗികമാണ്. മാത്രമല്ല ആവശ്യമുള്ള തുക പിരിച്ചെടുക്കാൻ പലപ്പോഴും സാധിക്കാറുമില്ല. അങ്ങനെവരുമ്പോൾ ഡ്രൈവറുടെ ശമ്പളവും ബസിന്റെ അറ്റകുറ്റപ്പണികളും സ്കൂളിന് നൽകുന്നത് അധികബാധ്യത മാത്രം.

നല്ല ക്ലാസ് മുറികളില്ലാത്തതും ഉപകരണങ്ങൾ ഉണ്ടെങ്കിലും കളിക്കാൻ നല്ലൊരു മൈതാനമില്ലാത്തതുമാണ് കുട്ടികളുടെ പ്രശ്നം. പിന്നെ ഓഡിറ്റോറിയം നന്നാക്കണം, കക്കൂസുകൾ പലതും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്- അവർ പറയുന്നു. നിലവിൽ നൂറ്റിഅറുപതോളം വിദ്യാർഥികളാണ് അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ  പഠിക്കുന്നത്.

കോൺട്രാക്ടർക്കുണ്ടായ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം സ്കൂൾകെട്ടിടത്തിന്റെ പണി പലപ്പോഴും തടസ്സപ്പെടുകയായിരുന്നുവെന്ന് വാർഡ് കൗൺസിലർ എസ്.കെ.പി. രമേഷ് പറഞ്ഞു. ഫണ്ട് അനുവദിച്ചിരുന്നെങ്കിലും ലഭ്യമാകാത്ത സ്ഥിതിയുമുണ്ട്.

നഗരസഭയിലെ അസിസ്റ്റൻറ്‌ എൻജിനീയർമാരുടെ തുടരെയുള്ള സ്ഥലംമാറ്റവും പണികൾ തടസ്സപ്പെടുന്നതിന് കാരണമായി. ഇപ്പോഴും സ്കൂളിന്റെ അറ്റകുറ്റപ്പണികൾക്കു മേൽനോട്ടം നൽകേണ്ട അസിസ്റ്റന്റ്‌ എൻജിനീയറുടെ തസ്തികയിൽ ആളില്ല. പുതിയ നിയമനത്തിനുശേഷമേ സ്ഥിതിക്ക് എന്തെങ്കിലും വ്യത്യാസം വരികയുള്ളൂ- കൗൺസിലർ പറഞ്ഞു

നവീകരണം ഇതുവരെ

സർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള പദ്ധതിയിൻപ്രകാരം ഹാബിറ്റാറ്റ് ഫെബ്രുവരി 17 മുതൽ നിർമാണപ്രവർത്തനങ്ങൾ ഏറ്റെടുത്തു. തൂണുകൾ, മേൽക്കൂര, കെട്ടിടം എന്നിവയുടെ പഴമ നിലനിർത്തിക്കൊണ്ട് പുതുക്കിപ്പണിയുകയാണ് ചെയ്തത്.

ജീർണിച്ച കെട്ടിടങ്ങളിൽ പലതും പുനരുപയോഗിക്കാൻ കഴിയാത്തതായിരുന്നുവെന്ന് ഹാബിറ്റാറ്റ് പറയുന്നു. ഒരു കെട്ടിടം പൂർണമായി പുതുക്കി മേൽക്കൂരയുൾപ്പെടെ നവീകരിച്ചു. തൂണുകൾ പുനഃസ്ഥാപിച്ച് പണി ഭാഗികമായി പൂർത്തിയാക്കുമ്പോഴേക്കും നിർമാണത്തിൽ അശാസ്ത്രീയതയുണ്ടെന്ന് ആരോപണമുയർന്നു. തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പണി താത്കാലികമായി നിർത്തിവെയ്ക്കാൻ സെപ്തംബർ 14-ന് ഉത്തരവ് നൽകി. ഇനി പൊതുവിദ്യാഭ്യാസ വകുപ്പ്  നടത്തിയ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചാലേ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുകയുള്ളൂ.

കൂടാതെ ക്ലാസ് മുറികളുടെ നവീകരണത്തിന് നഗരസഭ 20 ലക്ഷം രൂപ അനുവദിച്ചിരുന്നു.  കോൺഫറൻസ് മുറി ഉൾപ്പടെയുള്ള കെട്ടിടത്തിൽ പണികൾ ആരംഭിച്ചെങ്കിലും പൂർത്തിയായിട്ടില്ല. മഴക്കാലത്ത് ചോർച്ചയും വെള്ളക്കെട്ടും നിറയുന്ന ഇവിടെ പലപ്പോഴും അധ്യാപനം പോലും തടസ്സപ്പെടുന്ന അവസ്ഥയാണെന്നാണ്  സ്‌കൂൾ അധികൃതരുടെ പരാതി.

പരാതിയുമായി സ്കൂൾ സംരക്ഷണസമിതി

ശാസ്ത്രീയമായുള്ള നിർമാണച്ചട്ടങ്ങൾ പാലിക്കാതെയാണ് പ്രവർത്തനങ്ങൾ നടത്തിയത്.

പ്രശ്നങ്ങൾ പരിഹരിച്ച് പണി പൂർത്തിയാക്കിയില്ലെങ്കിൽ ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങൾ നശിക്കും. ഡി.പി.ഐ. കമ്മിറ്റിയെെവച്ചു ചർച്ച നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നാണ് ലഭിച്ച പുതിയ വിവരങ്ങൾ.

നേരിട്ട് വിദ്യാഭ്യാസ മന്ത്രിയുമായി ഇതുസംബന്ധിച്ച് ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് സ്കൂൾ സംരക്ഷണ സമിതി സെക്രട്ടറി ജി.സജികുമാർ അറിയിച്ചു.

എങ്ങുമെത്താതെ സാംസ്‌കാരിക പാർക്ക്

അട്ടക്കുളങ്ങര സ്കൂളിനെ തലസ്ഥാനത്തിന്റെ പൊതുവായ കലാ  സാംസ്കാരിക ഇടമാക്കണമെന്ന ഉദ്ദേശ്യത്തോടെ വിദ്യാഭ്യാസമന്ത്രി നേരിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് കലാ-കായിക-സാംസ്‌കാരിക പാർക്ക്.

ഇതിന്റെ ഭാഗമായി മികച്ച ഏഴ് കായികയിനങ്ങൾ പരിശീലിപ്പിക്കാൻ പറ്റുന്നതരത്തിൽ മികച്ച മൈതാനം, കൂത്തമ്പലത്തിന്റെ മാതൃകയിൽ നിർമിക്കുന്ന ഓഡിറ്റോറിയം, അനുബന്ധ കെട്ടിടങ്ങൾ എന്നിവയാണ് പണിയാൻ ഉദ്ദേശിച്ചിരുന്നത്. 50 ലക്ഷം രൂപയാണ് പദ്ധതിച്ചെലവായി വകയിരുത്തിയത്. കുട്ടികളെ സ്കൂളുകളിലെ ടാലന്റ് ലാബുവഴി തിരഞ്ഞെടുത്ത് പരിശീലനം നൽകുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. എന്നാൽ കെട്ടിടത്തിെന്റയും മൈതാനത്തിെന്റയും പണികൾ എങ്ങുമെത്തിയിട്ടില്ല.

സ്‌കൂളിന്റെ അവസ്ഥ കാണണം - ആർക്കിടെക്ട് ജി.ശങ്കർ

ഹാബിറ്റാറ്റ് സ്‌കൂളിന്റെ പൗരാണികത നശിപ്പിച്ചെന്ന ആരോപണത്തിനെയും പരാതിയെയും തുടർന്നാണ് പണികൾ തടസ്സപ്പെട്ടതെന്ന് ആർക്കിടെക്ട് ജി.ശങ്കർ പറഞ്ഞു.

‘സത്യത്തിൽ കെട്ടിടത്തിന്റെ ജീർണാവസ്ഥയിൽ ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ഞങ്ങൾ നിർമാണം പൂർത്തിയാക്കുന്നതിനായി ചെയ്തിട്ടുണ്ട്. ഇനി തുടർന്നും അതിന് തയ്യാറാണ്. പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണവിധേയമായാണ് സർക്കാർ നിർമാണ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്തത്. പരാതി പിൻവലിച്ചാലേ തുടർനടപടികൾ സാധ്യമാകൂ.

സ്‌കൂളിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്നവർ നിലവിലെ സ്‌കൂളിന്റെ അവസ്ഥ കാണാതെ പോകരുത്. പണികൾ ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ അടുത്ത മഴ താങ്ങാൻ കെട്ടിടങ്ങൾക്ക് കഴിയില്ലെന്ന വസ്തുത മറക്കരുത്.