കുഞ്ചാലുംമൂട് ജങ്ഷനു സമീപത്തെ റെയിൽവേ മേല്പാലത്തിലെ ഗതാഗതക്കുരുക്കു രൂക്ഷമാകുന്നു.  കുപ്പികഴുത്തുപോലെയുള്ള ഈ ഭാഗത്ത് ഒരേസമയം കരമന-പൂജപ്പുര റോഡിലൂടെ ഇരുവശത്തേക്കും പോകുന്ന വാഹനങ്ങളും ദേശീയപാതയിൽനിന്ന്‌ കരമന സ്കൂളിനു സമീപം  കൽപാളയത്തുനിന്നു തിരിഞ്ഞ് ഇടറോഡിലൂടെ കുഞ്ചാലുംമൂട് പൂജപ്പുരഭാഗത്തേക്കും പോകുന്ന വാഹനങ്ങളും എത്തിച്ചേരുമ്പോൾ ഗതാഗതക്കുരുക്കിലാകുന്നു.  ഈസമയം കാൽനടക്കാർ പോലും റോഡു മുറിച്ചുകടക്കാനാകാതെ ബുദ്ധിമുട്ടുന്നു.

പ്രധാന റോഡായ കരമനയിലേക്കു പോകാൻ രണ്ട് റോഡുകളാണ് പാലം കഴിഞ്ഞാലുള്ളത്. കുഞ്ചാലുംമൂട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളെ ഇവിടെ നിന്നാൽ എളുപ്പം കാണാൻ സാധിക്കാത്തതിനാൽ റോഡ്‌ മുറിച്ചുകടക്കാൻ ഏറെ ബുദ്ധിമുട്ടുന്നു. ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങളാണ്  കരമന ജങ്ഷനിലൂടെ കറങ്ങി പോകാതെ ഇടുങ്ങിയ റോഡിലൂടെ കുഞ്ചാലുംമൂട് ഭാഗത്തേക്കും തിരിച്ചും പോകുന്നത്. ഈ റോഡിന്റെ വീതി കൂട്ടണമെന്ന ആവശ്യത്തിന് ഏറെനാൾ പഴക്കമുണ്ട്. ഏകദേശം അൻപത് മീറ്ററോളം വിസ്തൃതിയിൽ ബ്രാഹ്മണസമുദായത്തിന്റെ ശ്മശാനം അവിടെയുണ്ട്. വീതി കൂട്ടണമെങ്കിൽ വിലയ്ക്ക് വസ്തു വിട്ടുനൽകാൻ അവർ സന്നദ്ധതയറിയിച്ചിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ കരമന അജിത് പറഞ്ഞു. എന്നാൽ, വീതി കൂട്ടുന്ന കാര്യത്തിൽ പൊതുമരാമത്തുവകുപ്പ് നിസ്സംഗത തുടരുകയാണെന്നാണ് ആക്ഷേപം. റോഡിനു വീതി കൂട്ടിയാൽ റെയിൽവേ ഇടപെട്ട് മേല്പാലത്തിന്റെ വീതിയും കൂട്ടുമെന്നാണു പ്രതീക്ഷ.

മുൻപ്‌ ഗതാഗതക്കുരുക്കു രൂക്ഷമായ സമയത്ത് ഈ റോഡ്  വൺവേ ആക്കിയിരുന്നു. എന്നാലിപ്പോൾ വീണ്ടും പഴയതുപോലെ ഇരുവശത്തേക്കും ഒരേസമയം ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടന്നുപോകുകയാണ്. വളരെ അപൂർവമായി മാത്രമേ ഗാതഗതനിയന്ത്രണത്തിന് മേല്പാലത്തിനു സമീപം പോലീസിനെ നിയോഗിക്കാറുള്ളൂ. ഗതാഗതക്കുരുക്കു പരിഹരിക്കാനും യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനും സഹായിക്കാൻ ട്രാഫിക് വാർഡനെയെങ്കിലും നിർത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
കുഞ്ചാലുംമൂട്ടിൽനിന്ന് പൂജപ്പുരയിലേക്കു പോകുന്ന റോഡിലും റെയിൽവേ ക്വാർട്ടേഴ്‌സിലേക്കു തിരിയുന്ന ഭാഗം മുതൽ ഇരുവശത്തും വീതിയുള്ളതിനാൽ ഓട കെട്ടി ടാർ ചെയ്യണമെന്ന ആവശ്യവുമുയരുന്നുണ്ട്.