തിരുവനന്തപുരം: അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തിൽ ഉൾപ്പെട്ട കേന്ദ്രങ്ങൾ ഉൾപ്പെടുന്നതാണ് തലസ്ഥാന ജില്ല. അതുകൊണ്ടുതന്നെ ജില്ലയിലെ വിനോദസഞ്ചാരമേഖല എല്ലാക്കാലത്തും സജീവവുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജീവിതം പടുത്തുയർത്തുന്ന ഒരുപാടുപേരുണ്ട്. എന്നാൽ, സഞ്ചാരികളുടെ വരവ് കൂടിയെന്ന് അധികൃതർ കണക്ക് നിരത്തുമ്പോഴും വിനോദസഞ്ചാരമേഖലയെ ഉപജീവനമാക്കിയവർക്കുമുന്നിൽ കഴിഞ്ഞ ഏതാനും മാസങ്ങൾ ദുരിതങ്ങൾ തീർക്കുകയായിരുന്നുവെന്നാണ് ഈ രംഗത്തുള്ളവർ സാക്ഷ്യപ്പെടുത്തുന്നത്. വർക്കലയിലും കോവളത്തുമൊക്കെ നോട്ടുനിരോധനവും പിന്നീടുണ്ടായ ഓഖിയുമൊക്കെ കരിനിഴൽ വീഴ്ത്തി.
 
പുതുവത്സരവും പ്രതീക്ഷകൾ തകർത്തു
 
വർക്കലയിൽ ബീച്ചിൽ സഞ്ചാരികൾ നിറയേണ്ട സമയമായിരുന്നു പുതുവത്സരം. എന്നാൽ, ജനുവരിയിലും ഫെബ്രുവരിയിലും സഞ്ചാരികളുടെ വരവ് കുറഞ്ഞെന്നാണ് ഈ ഭാഗത്ത് കച്ചവടം നടത്തുന്നവർ പറയുന്നത്. കഴിഞ്ഞ സീസണിൽ നോട്ട് പിൻവലിക്കൽ തിരിച്ചടിയായെങ്കിൽ ഇത്തവണ ഓഖിയും കാലാവസ്ഥയും വർക്കലയുടെ നടുവൊടിച്ചു. കഴിഞ്ഞ സീസണേക്കാൾ ഭീകരമാണ് ഇത്തവണത്തെ അവസ്ഥയെന്ന് കച്ചവടക്കാർ ഒരേ സ്വരത്തിൽ പറയുന്നു. മൊത്തം ബിസിനസിൽ 30 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.  ഓഖി ദുരന്തവും അതിനെത്തുടർന്നുള്ള കടൽക്ഷോഭ മുന്നറിയിപ്പുകളും സീസണ് വൻ തിരിച്ചടിയാണ് നൽകിയതെന്ന് വർക്കല തിരുവമ്പാടി ബീച്ചിൽ ജയറാം കഫേ നടത്തുന്ന കിം പറയുന്നു. ഡിസംബറിലേക്കുള്ള ബുക്കിങ്ങുകളെല്ലാം പിൻവലിക്കപ്പെട്ടു. 
 
ടൂർ ഓപ്പറേറ്റർമാരെ ആശ്രയിച്ചാണ് ബുക്കിങ് നടത്തുന്നത്. ഓൺലൈനിലും സമൂഹമാധ്യമങ്ങളിലെ വാർത്തകളും തിരിച്ചടിയായി. യൂറോപ്യൻ രാജ്യങ്ങളിലെ തണുപ്പുകാലത്താണ് അവർ ഇവിടെത്തുന്നത്. ആസമയം ഇവിടെ കൊടുങ്കാറ്റാണെന്ന് പറഞ്ഞാൽ ആരെങ്കിലും എത്തുമോയെന്ന് കിം ചോദിക്കുന്നു. കഴിഞ്ഞ തവണത്തതിന്റെ മൂന്നിലൊന്ന് ബിസിനസ് മാത്രമാണ് ഇതുവരെ ലഭിച്ചത്. യൂറോപ്യൻ രാജ്യങ്ങളിലെയും റഷ്യയിലെയും സാമ്പത്തിക മാന്ദ്യവും സീസണ് ദോഷമായിട്ടുണ്ടെന്നും കിം പറഞ്ഞു.
 
വർക്കല ആലിയിറക്കം മുതൽ കാപ്പിൽ വരെയുള്ള ടൂറിസം മേഖലയിൽ റിസോർട്ടുകൾ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ഹോം സ്റ്റേ, സ്റ്റാളുകൾ ഉൾപ്പെടെ അഞ്ഞൂറിലധികം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 3000ത്തിലധികംപേർ വർക്കലയിലെ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നു. കരകൗശല സ്റ്റാളുകളിലുൾപ്പെടെ കശ്മീർ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ജോലിചെയ്യുന്നുണ്ട്. നവംബറിൽ ആരംഭിച്ച് ആറുമാസത്തോളംനീളുന്ന സീസണാണ് ഇവരുടെയെല്ലാം സ്വപ്നം. 
 
സ്ഥലവും കെട്ടിടവും വാടകയ്ക്കെടുത്താണ് ഭൂരിഭാഗംപേരും സ്ഥാപനങ്ങൾ നടത്തുന്നത്. പണം പലിശയ്ക്കെടുത്തും മറ്റും അറ്റകുറ്റപ്പണികൾ നടത്തി മോടിപിടിപ്പിച്ചാണ് സഞ്ചാരികളെ വരവേൽക്കുന്നത്. പണം കടമെടുത്ത പലരും ഇന്ന് കടക്കെണിയിലാണ്. ഹെലിപ്പാഡിലെ ടാക്‌സികൾക്കും സവാരി കുറഞ്ഞു. കോവളം, എയർപോർട്ട്, ആലപ്പുഴ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും യാത്ര പോകുന്നത്. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് വലിയ കുറവുണ്ടായെന്ന് ടാക്‌സി ഡ്രൈവർമാർ പറയുന്നു. റഷ്യയിൽ നിന്നെത്തുന്ന സഞ്ചാരികൾ അനധികൃതമായി ഹോംസ്‌റ്റേകൾ നടത്തുന്നത് ടൂറിസം മേഖലയെ ബാധിക്കുന്നുണ്ട്. വീട് വാടകയ്ക്കെടുത്തശേഷം മറ്റുള്ളവരെ താമസിപ്പിക്കുന്നത് ബിസിനസാക്കി മാറ്റിയ ടൂറിസ്റ്റുകളുമുണ്ട്. ഇതുകാരണം റിസോർട്ടുകളിൽ മുറികൾക്ക് ആളില്ലാത്ത അവസ്ഥയുണ്ടാകുന്നു. അവധിദിനങ്ങളിൽ ടെക്‌നോപാർക്കിൽ നിന്നുൾപ്പെടെ എത്തുന്നവരെ ആശ്രയിച്ചാണ് പല റസ്റ്റോറന്റുകളും പിടിച്ചുനിൽക്കുന്നത്. വിദേശവിനോദസഞ്ചാരികൾ ദിവസങ്ങളോളം താമസിക്കാത്തതും തിരിച്ചടിയാണ്.
 
ശ്രീലങ്കയിൽ ടൂറിസത്തിനനുകൂലമായ അന്തരീക്ഷം വർക്കലയെ ബാധിക്കുന്നുണ്ട്. തിരിച്ചടികളിൽ തകരാതെ സഞ്ചാരികളെ ആകർഷിക്കുന്ന ടൂറിസം സംസ്കാരം വളർത്തിയെടുക്കാനാണ് ശ്രമിക്കേണ്ടതെന്ന് വർക്കല ടൂറിസം ഡെവലപ്‌മെന്റ് അസോസിയേഷൻ അഡ്വൈസർ ഡോ. സഞ്ജയ് പറയുന്നു. അടുത്ത സീസണ് മുൻപ്‌ ടൂറിസം സൊസൈറ്റി രൂപവത്കരിക്കുകയും ബീച്ചിൽ സൗന്ദര്യവത്കരണം, വേസ്റ്റ് മാനേജ്‌മെന്റ് എന്നിവ നടപ്പാക്കുകയും വേണം. പുതിയ തലമുറയെ ആകർഷിക്കുന്ന ഗ്ലൈഡിങ്, സർഫിങ് തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകിയുള്ള അഡ്വഞ്ചർ സ്‌പോർട്‌സ് ടൂറിസത്തിന് പ്രാധാന്യം നൽകണമെന്നും ഡോ. സഞ്ജയ് നിർദേശിക്കുന്നു.
 
മാന്ദ്യവും ഓഖിയും നടുവൊടിച്ചു
 
കോവളത്തെയും സ്ഥിതി മറിച്ചല്ല. കാൽനൂറ്റാണ്ടിലേറെയായി കോവളം സീറോക്ക് ബീച്ചിനടുത്ത് തുണിവ്യാപാരവും വിലപിടിപ്പുള്ള ഫാൻസി ആഭരണങ്ങളും കച്ചവടം ചെയ്യുകയാണ് ശ്രീനഗർ സ്വദേശിയായ മൻസൂർ. മിതമായ കച്ചവടവും അതുപോലെ ലാഭവും കിട്ടിയിരുന്ന കച്ചവടത്തിന് ഏറ്റ പ്രഹരമായിരുന്നു നോട്ട് നിരോധനം.  ഇതിനു തൊട്ടുമുൻപുള്ള ദിവസംവരെ കടയിൽ ധാരാളം വിദേശികൾ എത്തിയിരുന്നു. എന്നാൽ, നോട്ട് നിരോധത്തിനുശേഷം കച്ചവടത്തിൽ വൻകുറവുതന്നെ അനുഭവപ്പെടുന്നു. സമീപത്തായി സഞ്ചാരികൾ സാധനങ്ങൾ വാങ്ങുന്നതിൽ വലിയ കുറവാണ് കാണുന്നത്. 
 
Kovalam
 
മാസത്തിൽ രണ്ടുതവണ വിദേശത്തും സ്വദേശത്തുനിന്നും വസ്ത്രങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. ഇപ്പോൾ ഉള്ളതുപോലും വിറ്റ് തീരുന്നില്ല. പഴയതിലേക്കുള്ള തിരിച്ചുവരവിന് കാലമെടുക്കുമെന്നാണ് മൻസൂർ ചൂണ്ടിക്കാട്ടിയത്. കോവളത്ത് സീഫുഡ് റെസ്റ്റോറന്റിനുവേണ്ടി മീനുകളെയും മറ്റുകടൽ വിഭവങ്ങളെയും വിൽപ്പനടത്തി ജീവിക്കുകയാണ്  നേപ്പാൾ സ്വദേശി ഷായി.  ദിവസം അരലക്ഷത്തോളം രൂപയ്ക്ക് മീൻവിറ്റിരുന്നിടത്ത് 5000 രൂപയ്ക്കുതാഴെ വിൽപ്പനയെയുള്ളു. കോവളത്തെ കാലാവസ്ഥ വിദേശികൾക്ക് ഇഷ്ടമായിരുന്നു. എന്നാൽ, ഇപ്പോൾ ഇവിടേക്കുവരാൻ അവർ ഭയപ്പെടുകയാണ്. പണം വിനിയോഗിക്കാനുള്ള നിയന്ത്രണം. അടിക്കടിയുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളൊക്കെ കച്ചവടത്തെ ബാധിച്ചു.
 
അടുത്തിടെയുണ്ടായ ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങളും വിദേശികളെ ഭയപ്പെടുത്തി. മീൻവാങ്ങാനാരും വരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കടന്നുപോകുന്നത്. മൊത്തവിലയ്ക്കാണ് മീനും കടൽവിഭവങ്ങളും വാങ്ങുന്നത്. വിറ്റുപോകാതെ ചിഞ്ഞുനാറിയ ഇവ കടലിൽ കളയാനെ നിവൃത്തിയുള്ളൂവെന്നും ഷായി ചൂണ്ടിക്കാട്ടുന്നു.
പണവിനിമയത്തിൽവന്നമാറ്റം കോവളത്തുള്ള ചെറുകിട വൻകിട ഹോട്ടലുകളുടെ അസ്ഥിവാരമിളക്കിയെന്ന്  നീലകണ്ഠാ ഹോട്ടൽ എം.ഡി. ഷാജി തടാലിൽ പറഞ്ഞു. പണം ചെലവാക്കുന്നത് കുറഞ്ഞതോടെ കോവളത്ത് സ്ഥിരമായി എത്തിയിരുന്ന വിദേശികളുടെ വരവ് കുറഞ്ഞു.
 
തദ്ദേശീയരായ സഞ്ചാരികൾ അധികദിവസങ്ങളിൽ താമസിക്കുന്നതും കുറച്ചു. ഹോട്ടൽ വ്യവസായം തുടങ്ങിയിട്ട് വർഷങ്ങളായി. കറന്റ്‌ബില്ലിനും വാട്ടർ അതോറിറ്റിക്കും  ബില്ലടയ്ക്കാൻ ഹോട്ടലുകാർ  ബുദ്ധിമുട്ടുന്നു എന്ന കാര്യം ആരും വിശ്വസിക്കില്ല. പ്രതിസന്ധികളുടെ ദിനങ്ങളാണ് ഇപ്പോഴുളളത്. നോട്ടുനിരോധനവും ചുഴലിക്കാറ്റും ഇവിടെ വരാനുള്ള സഞ്ചാരികളുടെ ആഗ്രഹത്തെ പിന്നോട്ടടിച്ചു. മാധ്യമങ്ങളിൽ ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചുവന്ന  വാർത്തകളും വിദേശസഞ്ചാരികളുടെ വരവ്‌ കുറച്ചുവെന്നും ഷാജി പറഞ്ഞു.