തിരുവനന്തപുരം: ചിരിപ്പിച്ചും ചിന്തിപ്പിച്ചും വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ കഥ പറഞ്ഞ് 'ചരിത്രപുസ്തകത്തിലേക്ക് ഒരേട്'. ദേശീയ നാടകോത്സവത്തില്‍ ആസ്വാദകര്‍ക്കു വിരുന്നൊരുക്കുന്നതായി ജോസ് കോശി സംവിധാനംചെയ്ത ഈ നാടകം. ഗ്രാമീണജീവിതത്തിന്റെ പശ്ചാത്തലങ്ങളെ സമര്‍ത്ഥമായി അരങ്ങില്‍ ക്രമീകരിച്ചുകൊണ്ടായിരുന്നു അവതരണം.

സൈക്കിള്‍യജ്ഞക്കാരുടെ കൊച്ചുകൊച്ചു സര്‍ക്കസുകളിലൂടെ വികസിക്കുന്ന പ്രമേയം, ടി.വി.കൊച്ചുബാവയുടെ 'ഉപന്യാസം' എന്ന കഥയെ അവലംബിച്ചായിരുന്നു. വഴക്കും പരിഹാസവും പ്രേമവും കച്ചവടവുമൊക്കെയായി സമൂഹത്തിന്റെ നാനാതുറകളെ ഹൃദ്യമായി സ്​പര്‍ശിക്കുന്നതായി നാടകം.

നാട്ടിന്‍പുറത്തെ ചേഷ്ടകളും പ്രാദേശികത്തനിമ തുളുമ്പുന്ന ഭാഷയുമായി നാടകത്തിന്റെ രചിതപാഠം ഒരുക്കിയത് ജെയിംസ് ഓലിയ ആണ്. തൃശ്ശൂര്‍, ഇന്‍വിസിബിള്‍ ലൈറ്റിങ് സൊലൂഷന്‍സ് ആണ് 'ചരിത്രപുസ്തകത്തിലേക്ക് ഒരേട്' രംഗത്തെത്തിച്ചത്.

ഒരു ജനതയുടെ നിസ്സഹായമായ ചെറുത്തുനില്‍പ്പുകളെ വിവരിക്കുന്ന മണിപ്പുരി നാടകം 'പെബെറ്റ്' പ്രേക്ഷകര്‍ക്കു തീവ്രാനുഭവം നല്‍കുന്നതായി. െസെന്യത്തിനു പ്രത്യേകാധികാരം നല്‍കുന്ന 'അഫ്‌സ്​പ' എന്ന കരിനിയമത്തിന്റെയും വിമതതീവ്രവാദസംഘടനകളുടെയും നിഴലില്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന മണിപ്പുരി ജനതയുടെ അവസ്ഥയാണ് ഒരു മുത്തശ്ശിക്കഥയിലൂടെ ഈ നാടകം മുന്നോട്ടുെവച്ചത്. പ്രതീകാത്മക ഇതിവൃത്തത്തിലൂടെയുള്ള രംഗാവതരണമാണ് സംവിധായകന്‍ ഹെസ്‌നം കന്‍ഹയ് ലാല്‍ നിര്‍വഹിച്ചത്.