കാറ്റിലും മഴയിലുംപെട്ട് പുറംകടലിൽ കമിഴ്ന്നുപോയ തങ്ങൽ വള്ളത്തിന്റെ മുകളിൽ പിടിച്ചിരുന്നപ്പോൾ കരയിലെത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ലെന്ന് പെരുമാതുറ പുറംകടലിൽ അപകടത്തിൽപ്പെട്ട മീൻപിടിത്ത തൊഴിലാളികൾക്കിപ്പോഴും അപകടത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല. മുന്നിലൂടെ തിരമാല കടന്നുപോകുമ്പോഴും സൂര്യന്റെ നിഴൽ മാറുമ്പോഴും ചങ്കിടിച്ചു. രണ്ട് രാവും ഒരു പകലും ആഴക്കടലിൽ വേദനയോടെ കാത്തിരുന്നു. ആരെങ്കിലും രക്ഷപ്പെടുത്താനെത്തട്ടേയെന്ന് പ്രാർഥിച്ചു, ഒടുവിലത് സംഭവിച്ചു. രക്ഷപ്പെട്ടെത്തിയ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അല്ലായിരുന്നുവെങ്കിൽ ഈ ക്രിസ്‌മസിൽ തങ്ങൾക്കു പങ്കുകൊള്ളാനാകില്ലായിരുന്നുവെന്നും തൊഴിലാളികൾ പറഞ്ഞു.
കഴിഞ്ഞ പതിനേഴിന് വിഴിഞ്ഞത്തുനിന്ന് രാവിലെ 10-ന് മീൻപിടിത്തത്തിനുപോയ വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര സ്വദേശികളായ ശ്രീകുമാരൻ(50), വർഗീസ്(55), വിൽഫ്രഡ്(52) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ചിറയിൻകീഴിനും പെരുമാതുറയ്ക്കും ഇടയ്ക്കുള്ള പുറംകടലിലായിരുന്നു ഇവർ അപകടത്തിൽപ്പെട്ടത്.
തീരത്തുനിന്ന് ഏതാണ്ട് 35 നോട്ടിക്കൽ മൈൽ അകലെ വ്യാഴാഴ്ച പുലർച്ചെയോടെ പുറംകടലിലുണ്ടായ ശക്തമായ കാറ്റിലും മഴയിലുംപെട്ടായിരുന്നു വള്ളം മറിഞ്ഞത്. അപകടത്തിൽപ്പെട്ട തൊഴിലാളിയായ വർഗീസ് പറഞ്ഞു. വള്ളം മറിഞ്ഞപ്പോൾ വാരിയെല്ല് പൊട്ടിയ വിൽഫ്രഡ് വേദനയോടെ പുളഞ്ഞുവെങ്കിലും സങ്കടപ്പെടാനേ ഞങ്ങൾക്കു കഴിഞ്ഞുള്ളൂവെന്ന് വർഗീസ് പറഞ്ഞു. തമിഴ്നാട്ടിൽ വൈദ്യന്റെ ചികിത്സയിലാണ് വിൽഫ്രഡ്.
മത്സ്യബന്ധന അനുബന്ധ ഉപകരണങ്ങളും വലകളും കടലിൽ താഴ്‌ന്നുപോയി. രണ്ട് എൻജിനുകളിൽ ഒരെണ്ണം കടലിൽ താഴ്ന്നു. മറ്റൊരെണ്ണം വലയിൽ കുരുങ്ങിക്കിടന്നു. ഒന്നരയാഴ്ചയോളം കടലിൽത്തങ്ങി മീൻപിടിക്കുന്നതിനാണ് പോയത്. വള്ളത്തിലുണ്ടായിരുന്ന ഭക്ഷണവും വെള്ളവും മുങ്ങിപ്പോയി. തിരമാലവരുമ്പോൾ വള്ളവും ഞങ്ങളും താഴും പിന്നെയും പൊങ്ങിവരുമെന്ന് വിൽഫ്രഡ് പറഞ്ഞു.
രണ്ടരദിവസം വള്ളത്തിനു മുകളിൽ പിടിച്ചുകിടന്നു. ഉപ്പുവെള്ളം കുടിച്ച് ജീവൻ പിടിച്ചുനിർത്തി. ഒടുവിൽ ശനിയാഴ്ച പുലർച്ചെ അഞ്ചുതെങ്ങ് ഭാഗത്തുനിന്ന് മീൻപിടിത്തത്തിനുവന്ന തൊഴിലാളികൾ ഞങ്ങളുടെ നിലവിളികേട്ടു. അവരുടെ വള്ളത്തിലേക്കു ഞങ്ങളെ വലിച്ചുകയറ്റി കരയ്ക്കെത്തിച്ചു. സംഭവമറിഞ്ഞ് വള്ളം ഉടമയുടെ മകൻ കുമാറും കൂട്ടുകാരായ മത്സ്യത്തൊഴിലാളികളും അഞ്ചുതെങ്ങിലെത്തി ഞങ്ങളെ നാട്ടിലെത്തിച്ചു.
ജീവൻ തിരിച്ചുകിട്ടിയതുതന്നെ ഭാഗ്യമെന്ന് തൊഴിലാളികൾ പറഞ്ഞു. 700 കിലോയുടെ വലയിൽ 300 കിലോ മാത്രമാണ് തിരിച്ചുകിട്ടിയത്. വലയിൽ കുരുങ്ങിക്കിടന്നതിനാൽ ഒരു എൻജിനും കിട്ടിയെന്ന് വള്ളം ഉടമ സേവ്യർ പറഞ്ഞു. തകർന്ന വള്ളത്തെയും അവശേഷിച്ച വലയെയും ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലെത്തിയ മറൈൻ എൻഫോഴ്സ്‌മെന്റ് അധികൃതർ മുതലപ്പൊഴി ഹാർബറിലെത്തിച്ചു.