രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യൻ നാട്ടുരാജ്യങ്ങളിലാദ്യമായി പട്ടാളത്തെ വിദേശത്തേക്ക് അയച്ചത് തിരുവിതാംകൂർ ആയിരുന്നു. മാത്രവുമല്ല, ആധുനിക സൗകര്യത്തോടെയുള്ള ഒരു യുദ്ധക്കപ്പലും തിരുവിതാംകൂർ ബ്രിട്ടനു സംഭാവന ചെയ്തു. മുൻപ്‌ തിരുവിതാംകൂർ നായർ ബ്രിഗേഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന പട്ടാളം രണ്ടാം ലോകമഹായുദ്ധത്തിനു മുൻപുതന്നെ തിരുവിതാംകൂർ സ്റ്റേറ്റ് ഫോഴ്‌സായി. ഇതേപ്പോലെ ഇന്ത്യൻ നാട്ടുരാജ്യങ്ങളിലെ എല്ലാ പട്ടാളത്തെയും സ്റ്റേറ്റ് ഫോഴ്‌സാക്കി ഇന്ത്യൻ ആർമിയുടെ കീഴിലാക്കുകയാണുണ്ടായത്.

രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കാൻ പോയ പട്ടാളക്കാർ കൂടുതലും തമ്പാനൂരിൽ നിന്നാണ് തീവണ്ടി കയറിയത്. അതിനു മുൻപ്‌ മിക്ക പട്ടാളക്കാരും പഴവങ്ങാടിയിലെത്തി തേങ്ങയടിച്ച ശേഷമാണ് തമ്പാനൂരിലെത്തിയത്. യുദ്ധത്തിനു പോകുന്ന പട്ടാളക്കാർക്ക് അന്നത്തെ മേയർ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ ഗംഭീര സ്വീകരണം നൽകി. പാളയത്ത് കോത്ത് മൈതാനത്ത് (ഇന്ന് നിയമസഭാ മന്ദിരം സ്ഥിതിചെയ്യുന്ന സ്ഥലം) വച്ചായിരുന്നു സ്വീകരണം. ആദ്യം ഒന്നാം പട്ടാളവും പിന്നെ രണ്ടാം പട്ടാളവും തീവണ്ടികയറി. അവരെ യാത്രയാക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും ഉദ്യോഗസ്ഥന്മാരും അടങ്ങിയ വൻ ജനക്കൂട്ടം സ്റ്റേഷനിലെത്തിയിരുന്നു. പൊട്ടിക്കരച്ചിലും ഏങ്ങലടികളും നിറഞ്ഞ അന്തരീക്ഷത്തിലാണ് പട്ടാളക്കാരെ വഹിച്ചുകൊണ്ടുള്ള തീവണ്ടിയാത്ര തുടങ്ങിയത്.

ഇതിനിടയിൽ അനന്തപുരിയിൽ പട്ടാള പരിശീലനകേന്ദ്രം തുടങ്ങി. ധാരാളം പേർ ഇവിടെ പേരെഴുതി പരിശീലനം തുടങ്ങി. ഇവരിൽനിന്നു തിരഞ്ഞെടുത്ത ആളുകൾ ഉൾപ്പെടെയുള്ള മൂന്നാം പട്ടാളം യുദ്ധരംഗത്തേക്കു തിരിച്ചു. ഇതിൽ കൂടുതലും ഇൻഫെന്ററിക്കാരായിരുന്നു. പട്ടാളത്തിൽനിന്ന്‌ അടുത്തൂൺപ്പറ്റി പിരിഞ്ഞ ആരോഗ്യമുള്ളവരെ ഉൾപ്പെടുത്തിയ നാലാം പട്ടാളവും പിന്നീട് തീവണ്ടി കയറി. ഒന്നും രണ്ടും പട്ടാളം യുദ്ധരംഗത്തേക്കു പോയതിനാൽ മറ്റ് ഡ്യൂട്ടിക്കാണ് നാലാം പട്ടാളത്തെ പരിശീലിപ്പിച്ചത്. അവരെ കടുപ്പമുള്ള കവാത്തുകളിൽനിന്നും ഡ്രില്ലുകളിൽനിന്നും ഒഴിവാക്കിയിരുന്നു. ഗാട്ട്, കാവൽ എന്നിവയ്ക്കാണ് ആദ്യം ഇവരെ നിയോഗിച്ചിരുന്നത്. പെൻഷൻപ്പറ്റി പിരിഞ്ഞ ക്യാപ്റ്റൻ അനന്തകൃഷ്ണപിള്ളയ്ക്കാണ് ഇവരുടെ ചുമതല നൽകിയിരുന്നത്. അദ്ദേഹത്തിനു പിന്നീട് മേജർ സ്ഥാനം നൽകി. ഇതു കൂടാതെ സുദർഗാർഡ് എന്നൊരു വിഭാഗവും സൈന്യത്തിലുണ്ടായിരുന്നു. തൊപ്പിയിലെ ചുവപ്പ് തൂവൽ ആയിരുന്നു ഇവരുടെ അടയാളം.

തിരുവിതാംകൂറിൽനിന്നു പോയ പട്ടാളത്തിന് ബെംഗളൂരു, വിശാഖപട്ടണം എന്നിവിടങ്ങളിൽ പരിശീലനം നൽകി. അതിനുശേഷമാണ് ഒന്നാം പട്ടാളത്തെ ഹോങ്കോങ്ങിലും രണ്ടാം പട്ടാളത്തെ ഇറാഖ്, ഇറാൻ, ബാഗ്‌ദാദ് എന്നിവിടങ്ങളിലേക്കും അയച്ചത്. ഹോങ്കോങ്ങിൽ ബ്രിട്ടീഷ് പട്ടാളത്തോടും ബാഗ്‌ദാദിൽ റഷ്യൻ പട്ടാളവുമായും ഇവർ ചേർന്നു. ഹോങ്കോങ്ങിൽ മൗണ്ട്ബാറ്റൻ പ്രഭു തിരുവിതാംകൂർ പട്ടാളക്കാരെ കാണാനെത്തി. സഖ്യകക്ഷികളുടെ സൗത്ത് ഈസ്റ്റ് ഏഷ്യ കമാൻഡറായിരുന്ന മൗണ്ട്ബാറ്റൻ പ്രഭുവിന്റെ സന്ദർശനവും അദ്ദേഹം നൽകിയ ഉപദേശങ്ങളും തിരുവിതാംകൂറിലെ പട്ടാളക്കാർക്കും പട്ടാള മേധാവികൾക്കും കൂടുതൽ ആവേശം നൽകി. ഇതു കൂടാതെ ജയ്‌പുർ മഹാരാജാവ്, ലഫ്റ്റനന്റ് ജനറൽ സർ മോണ്ടേഗ് തുടങ്ങി പലരും തിരുവിതാംകൂറിലെ പട്ടാളക്കാരെ സന്ദർശിക്കുകയുണ്ടായി. റോയൽനേവി, റോയൽ എയർഫോഴ്‌സ് തുടങ്ങിയവയിലെ പട്ടാളക്കാരുമായി ഇടപെടാനും യുദ്ധകാലത്ത് തിരുവിതാംകൂർ പട്ടാളത്തിനു കഴിഞ്ഞു.