തിരുവനന്തപുരം: ഒരു ചെറിയ കാറ്റടിച്ചാൽ മേൽക്കൂര നിലംപോത്തുമോയെന്ന് ഭയക്കും. മഴക്കാറുണ്ടെങ്കിൽ കുഞ്ഞുങ്ങളെ സ്കൂളിൽ വിടാറില്ല. വന്യമൃഗങ്ങളും പാമ്പും യഥേഷ്ടം വിഹരിക്കാനെത്തും. ഇത് ഇവിടുത്തെ വിദ്യാലയങ്ങളുടെ അവസ്ഥയാണ്. പൊതുവിദ്യാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടുന്നവർ ഈ സ്കൂളുകളെപ്പറ്റിയും അറിയണം.
പൊന്മുടി ഗവ.യു.പി.സ്‌കൂൾ
കാട്ടാനയും കാട്ടുപോത്തും മ്ലാവും മലമ്പാമ്പും പൊന്മുടി സ്കൂളിലെ കുട്ടികൾക്ക് ഭീഷണിയാകുന്നു. ഈ അധ്യയന വർഷവും ഉച്ചസമയത്ത് കാട്ടാനകൾ പള്ളിക്കൂടത്തിന്റെ മുന്നിലെത്തിയിരുന്നു. കഴിഞ്ഞയാഴ്ച സ്കൂളിനു സമീപത്തെ തോട്ടം തൊഴിലാളിക്ക് പാമ്പുകടിയേറ്റ സംഭവവും ഉണ്ടായി. സ്കൂളിൽ 21-ഉം സമീപത്തെ അങ്കണവാടിയിൽ 17-ഉം കുട്ടികളാണ് പഠിക്കുന്നത്. സംരക്ഷണവേലിയില്ലാത്തതാണ് പൊന്മുടി ഗവ.യു.പി.സ്കൂൾ നേരിടുന്ന പ്രധാന വെല്ലുവിളി.
നെയ്യാറ്റിൻകര പ്രീ പ്രൈമറി സ്കൂൾ
മഴ പെയ്താൽ സ്കൂളിലേക്ക് കുട്ടികളെ മാതാപിതാക്കൾ അയയ്ക്കില്ല. ആറ് വലിയ മരങ്ങൾ സ്കൂളിന് അപകടഭീഷണിയായി നിലനിൽക്കുന്നതിനാലാണിത്. 40 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഏതാനും നാളുകൾക്കു മുൻപ് കനത്ത മഴയിൽ സ്കൂളിന് പിറകിലെ മരം സമീപത്തെ ഡോക്ടറുടെ പരിശോധനാ മുറിയുടെ മുകളിൽവീണ് അപകടം ഉണ്ടായിട്ടുണ്ട്. കളിക്കുന്ന പാർക്കിനടുത്തും മരങ്ങൾ ചരിഞ്ഞു നിൽക്കുന്നുണ്ട്. അതിനാൽ കുട്ടികളെ കളിക്കാനും അധ്യാപകർ സമ്മതിക്കാറില്ല.
ഊരൂട്ടമ്പലം ഗവ. യു.പി.ആൻഡ് എൽ.പി.സ്‌കൂൾ
ഇവിടെ പുതിയ ബഹുനിലമന്ദിരം പണിയുന്നുണ്ട്. അതിന്റെ ഭാഗമായുണ്ടായ വെള്ളക്കെട്ടാണ് കുട്ടികൾക്ക് ദുരിതം ആകുന്നത്. മണ്ണ് കൂട്ടിയിട്ടിരിക്കുന്നതുമൂലം മഴവെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത സാഹചര്യമാണ്. വെള്ളക്കെട്ടുമൂലം കൊതുകുശല്യവും രൂക്ഷമാണ്.
ഇടവ ഗവ.മുസ്‌ലിം യു.പി.സ്‌കൂൾ
കാറ്റും മഴയുമുണ്ടെങ്കിൽ ഇടവ ഗവ.മുസ്‌ലിം യു.പി.സ്കൂളിലേക്ക് വിദ്യാർഥികളെ രക്ഷിതാക്കൾ അയയ്ക്കില്ല. 97 വർഷം പഴക്കമുള്ള സ്കൂളിലെ പ്രധാന കെട്ടിടത്തിന്റെ ഓടുപാകിയ മേൽക്കൂരയുടെ ഉത്തരത്തിൽ വിള്ളലുണ്ട്. ഈ ഭാഗത്ത് മേൽക്കൂര താഴ്ന്നുകിടക്കുകയാണ്. ഇതിന് താഴെയുള്ള ക്ലാസുകൾ മാത്രം മറ്റിടത്തേക്ക് മാറ്റിയാണ് പഠനം. നൂറോളം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. അപകടാവസ്ഥ നിലനിൽക്കുന്നതിനാൽ ഓരോ വർഷവും കുട്ടികൾ വേറെ സ്കൂളിലേക്ക് മാറിപ്പോകുകയുമാണ്.
Content Highlights: List of Schools, Danger to children and lack of facilities, Thiruvananthapuram Latest News