രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന നിർഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലുന്ന ദിവസം അനിശ്ചിതമായി നീളുമ്പോൾ, അനന്തപുരിയിലെ പഴമക്കാരുടെ മനസ്സിൽ തെളിയുന്നത് ആറ് ദശാബ്ദം മുമ്പ് നടന്ന ’കോടാക്കുളങ്ങര വാസുപിള്ള’യുടെ വധശിക്ഷ സംബന്ധിച്ച ഓർമകളാണ്.
കായംകുളം ആസ്ഥാനമാക്കി 1950-ൽ രൂപവത്‌കരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവികളുടെ കലാസംഘടനയായ കെ.പി.എ.സി. (കേരള പീപ്പിൾസ് ആർട്സ് ക്ലബ്) യുടെ സജീവ പ്രവർത്തകനായിരുന്നു കോടാക്കുളങ്ങര വാസുപിള്ള. ഒരാളിനെ കൊന്നതിന്റെ പേരിലാണ് അദ്ദേഹത്തെ തൂക്കിക്കൊല്ലാൻ വിധിച്ചത്. പൂജപ്പുര ജയിലിൽ പലപ്രാവശ്യം അതിനുവേണ്ടി നടപടികൾ നടന്നു. തുക്കിക്കൊല്ലാനുള്ള കയറും അതിന്റെ പരിശോധനയും ആരാച്ചാരുടെ വരവും പലപ്രാവശ്യം അരങ്ങേറി. പത്രങ്ങളിൽ വാസുപിള്ളയെ തൂക്കി കൊല്ലുന്ന ദിവസവും പിന്നീട് അത് മാറ്റിവെയ്ക്കുന്നതുമായ വാർത്തകളും വന്നുകൊണ്ടിരുന്നു. വാസുപിള്ളയെ തൊടാൻ യമധർമ്മന് ഭയമാണെന്നുപോലും ആളുകൾ കളിയാക്കി പറയാൻ തുടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ ഇ.എം.എസിന്റെ നേതൃത്വത്തിൽ അധികാരമേൽക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. എല്ലാ വധശിക്ഷകളും ഇളവ് ചെയ്യുമെന്നും രാഷ്ട്രീയത്തടവുകാരെ വിട്ടയക്കുമെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രകടന പത്രികയിലെ ഇനമായിരുന്നു. അതിനാൽ എല്ലാവരും മന്ത്രിസഭയുടെ തീരുമാനം കാത്തിരുന്നു.
വധശിക്ഷക്ക് വിധിക്കുന്നവർക്ക് ദയാഹർജി നൽകുന്ന പതിവ് രാജഭരണകാലം മുതൽ തുടങ്ങിയതാണ്. സ്വതന്ത്ര ഇന്ത്യയിൽ ദയാഹർജി സമർപ്പിക്കേണ്ടത് രാഷ്ട്രപതിക്കാണ്. സ്വാതന്ത്ര്യത്തിനുമുമ്പ് ദയാഹർജി സ്വീകരിച്ച് പ്രതിയെ മോചിപ്പിക്കാനുള്ള പരമാധികാരം നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാർക്കും ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയിക്ക് അഥവാ ഗവർണർ ജനറലിനുമായിരുന്നു. അവസാനത്തെ ഗവർണർ ജനറൽ മൗണ്ട് ബാറ്റൻ പ്രഭു ഇന്ത്യയിലെത്തി അധികാരമേറ്റപ്പോൾ ആദ്യം ഒപ്പിട്ട ഫയൽ ഒരു ദയാഹർജിയിലാണെന്ന് കേട്ടിട്ടുണ്ട്. എന്നാൽ തൂക്കിക്കൊല്ലാൻ വിധിച്ച പ്രതിയോട് അദ്ദേഹം കരുണ കാട്ടിയില്ല. ദയാഹർജി തള്ളിക്കൊണ്ട് അദ്ദേഹം ഉത്തരവിട്ടു. സ്വതന്ത്ര ഇന്ത്യയിൽ രാഷ്ട്രപതിയുടെ ദയാകാരുണ്യത്തിൽ എത്രയോപേർക്ക് ഇതിനകം വധ ശിക്ഷയിൽ നിന്നും ഇളവ് ലഭിച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രപതി ദയാഹർജി തള്ളിയാൽ വധശിക്ഷ ഉടൻ നടപ്പിലാക്കുകയായിരുന്നു മുമ്പൊക്കെ. ഇപ്പോൾ തിരുത്തൽ ഹർജിയും അപ്പീലുമായി നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീളുകയാണ്.
വധശിക്ഷ ഇന്ന് ലോകം മുഴുവൻ ചർച്ചയാണ്. ഇതു നിർത്തലാക്കണമെന്ന് ശക്തമായ അഭിപ്രായം ഉയരുന്നുണ്ട്. തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ വധശിക്ഷയ്ക്ക് എതിരായിരുന്നു. വധശിക്ഷ നടപ്പിലാക്കുമ്പോൾ പാപം തന്റെമേൽ ഉണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. തിരുവിതാംകൂർ ഹൈക്കോടതി വധശിക്ഷക്ക് വിധിക്കുന്നവരുടെ അവസാന വാക്ക് രാജാവിന്റെതായിരുന്നു. വധശിക്ഷയിൽ ഒപ്പിടേണ്ട ഉദ്യോഗസ്ഥൻ പൗസ്ദാരി കമ്മിഷ്‌ണർ ആയിരുന്നു. സാധാരണ വധശിക്ഷ സംബന്ധിച്ച ഉത്തരവ് പൗസ്ദാരി കമ്മിഷണർക്ക് കിട്ടുമ്പോൾ തന്നെ അദ്ദേഹം അത് ഒപ്പിട്ട് ജയിലിലേക്ക് അയയ്ക്കും .
എന്നാൽ വധശിക്ഷ നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പ് അയാളെ ശിക്ഷയിൽനിന്നും ഒഴിവാക്കിക്കൊണ്ടുള്ള രാജ കൽപ്പന ജയിലിലേക്ക് പ്രത്യേക ദൂതൻ വഴി അയയ്ക്കുമായിരുന്നുവെന്നും അതു കിട്ടുന്നതിന് മുമ്പ് വധശിക്ഷ നടപ്പിലാക്കിക്കഴിയുമെന്നുമാണ് പറഞ്ഞു കേൾക്കുന്നത്. മഹാരാജാവിനെ പാപത്തിൽനിന്നും രക്ഷിക്കുന്ന ഈ നടപടിക്ക് രേഖകളൊന്നും ഇല്ലെന്നാണ് അറിയുന്നത്. സ്വാതന്ത്ര്യസമര കാലത്ത് 1938 സെപ്തംബർ 30 നു നടന്ന പാങ്ങോട്-കല്ലറ സമരത്തിന്റെ ഭാഗമായി പട്ടാളം കൃഷ്ണൻ, കൊച്ചപ്പിപ്പിള്ള എന്നിവരെ തൂക്കിലിട്ടത് തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസ് പ്രതിഷേധം ഉയർത്തിയ വലിയ സംഭവമായിരുന്നു. അവരെ രക്ഷിക്കാനുള്ള നേതാക്കളുടെ ശ്രമം ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ നിരസിച്ചു. സെക്രട്ടേറിയറ്റിന്റെ തെക്കേഭാഗത്ത് ലൈബ്രറി പ്രവർത്തിക്കുന്ന ഭാഗം അന്ന് തിരുവിതാംകൂർ ഹൈക്കോടതിയായിരുന്നു. ഇവരെ തൂക്കാൻ വിധി പ്രസ്താവിച്ചത് അവിടെയായിരുന്നുവെന്ന് അന്ന് ദൃക്‌സാക്ഷിയായിരുന്ന ഇന്ന് 105 വയസ്സുകാരനുമായ അഡ്വക്കേറ്റ് കെ.അയ്യപ്പൻപിള്ള ഓർക്കുന്നു. എന്നാൽ ദിവാൻ സർ സി.പി. തന്നെയാണ് ഇന്ത്യയിലാദ്യമായി 1944 നവംബർ 11-ന് വധശിക്ഷ പൂർണമായി നിർത്തലാക്കിയത്. ഇത് സംബന്ധിച്ച ഉത്തരവ് സി.പി.യുടെ നിർബന്ധത്താൽ ശ്രീചിത്തിര തിരുനാൾ ഒപ്പിട്ടതോടെ നിയമമായി.
1957 ഏപ്രിൽ അഞ്ചിന് കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ ഇ.എം.എസിന്റെ നേതൃത്വത്തിൽ അധികാരം ഏറ്റു. എല്ലാ മരണശിക്ഷകളും ഇളവുചെയ്തുകൊണ്ടും രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ചുകൊണ്ട് ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചതോടെ കോടാക്കുളങ്ങര വാസുപിള്ളയെ തൂക്കിലേറ്റാനുള്ള പൂജപ്പുര ജയിലിലെ നടപടികൾ പൂർണമായി നിർത്തിവെച്ചു.
വിശദീകരണം
മാർച്ച് 10-ന് പ്രസിദ്ധീകരിച്ചിരുന്ന ‘മന്ത്രിസഭയെ ഞെട്ടിപ്പിച്ച 1957-ലെ ബജറ്റ് ചോർച്ചയും അറസ്റ്റും’ എന്ന നഗരപ്പഴമയിൽ അത് പ്രസിദ്ധീകരിച്ച പത്രം ഏതാണെന്ന് പലരും അന്വേഷിച്ചിരുന്നു.
തിരുവനന്തപുരത്തുനിന്നും അന്ന് പ്രസിദ്ധീകരിച്ചിരുന്ന കെ.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ’കൗമുദി’ പ്രഭാത പത്രത്തിലാണ് ബജറ്റ് ചോർത്തി പ്രസിദ്ധീകരിച്ചത്.
Content Highlights: poojappura central prison, vasupillai execution case, State Goverment of Kerala, nirbhaya death penalty