രണ്ടും മൂന്നും വരിയുള്ള നഗരറോഡുകളിൽ ചീറിപ്പായുന്ന വാഹനങ്ങൾ തലസ്ഥാന നഗരത്തിലെ രാത്രിക്കാഴ്ചയാണ്. പകൽ ഗതാഗതക്കുരുക്കുകളിൽപ്പെടുന്നതിനാൽ റോഡുകളിലൂടെ പതുക്കെ മാത്രമേ പോകാനാവൂ. എന്നാൽ, രാത്രി രംഗം മാറും. വാഹനങ്ങൾ ഒഴിഞ്ഞുകഴിഞ്ഞാൽ അമിതവേഗതയിലാണ് പല വാഹനങ്ങളും പായുന്നത്. കുറേനാൾ മുമ്പുവരെ ചെറുപ്പക്കാരുടെ കൂട്ടായ്മകൾ രാത്രി മത്സരിച്ച് ബൈക്ക് റെയ്‌സിങ്ങും നടത്തിയിരുന്നു. ഇത് കവടിയാർ-വെള്ളയമ്പലം റോഡിൽ അപകട പരമ്പരകൾ സൃഷ്ടിച്ചതോടെ മോട്ടോർ വാഹനവകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. റെയ്‌സിങ്‌ സംഘങ്ങൾ കുറഞ്ഞിട്ടുണ്ടെങ്കിലും അമിതവേഗതയ്ക്കു കുറവൊന്നും വന്നിട്ടില്ല.

നേരത്തെ കവടിയാർ ഭാഗത്താണ് അമിതവേഗതയും അപകടങ്ങളും കൂടുതലായിരുന്നത്. എന്നാൽ, ഇപ്പോൾ കരമന-നേമം റോഡിലും കഴക്കൂട്ടം-മുക്കോല ബൈപ്പാസിലുമാണ് അപകടങ്ങൾ കൂടുതലായി സംഭവിക്കുന്നത്. അമിതവേഗത തന്നെയാണ് രാത്രി അപകടങ്ങളുടെ പ്രധാന കാരണം.

എന്നാൽ, ഇതിനെല്ലാം ഇടയിൽ അകപ്പെട്ടു പോകുന്നത് ജോലി കഴിഞ്ഞ് മടങ്ങുന്ന സാധാരണക്കാരാണ്. യാത്രകൾ കഴിഞ്ഞ്‌ തീവണ്ടിയിൽ മടങ്ങിെയത്തെുന്ന കുടുംബങ്ങൾ പലപ്പോഴും പേടിച്ചാണ് അർധരാത്രി കഴിഞ്ഞാൽ വാഹനം ഓടിക്കുന്നത്. പുറകിൽനിന്നു വാഹനത്തിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഒതുക്കി നിർത്തിക്കൊടുക്കുകയാണ് പതിവെന്ന് ഓട്ടോഡ്രൈവർമാരും പറയുന്നു. നിരവധി അപകടങ്ങൾ ഇത്തരത്തിൽ നടക്കുന്നുണ്ട്. എന്നാൽ, ഇതൊന്നും പുറത്തറിയാതെ അവസാനിക്കുകയാണ് പതിവ്. പലപ്പോഴും നഗരനിരത്തുകൾ രാത്രി സാധാരണക്കാരെ പേടിപ്പിക്കുന്നുണ്ടെന്നത്‌ സത്യം തന്നെയാണ്.

അമിതവേഗവും മദ്യലഹരിയും

സർവീസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ അമിതവേഗതയിൽ പായിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തെത്തുടർന്ന് പോലീസ് പല സ്ഥലത്തും രാത്രി പരിശോധന ശക്തമാക്കിയിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചവരടക്കം നിരവധിപേരാണ് ഈ പരിശോധനകളിൽ കുടുങ്ങിയത്. ബാറുകൾക്കു പുറമേ നിരവധി ക്ലബ്ബുകളും മറ്റ് കൂട്ടായ്മകളുമെല്ലാം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇവിടെനിന്നു രാത്രി പുറത്തിറങ്ങുന്നതിൽ ഭൂരിഭാഗംപേരും സ്വന്തമായി തന്നെയാണ് വാഹനം ഓടിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഹോബിയായി കൊണ്ടുനടക്കുന്നവരുമുണ്ട്. ഉന്നതസ്ഥാനം വഹിക്കുന്നവരും നഗരത്തിലെ വി.ഐ.പി.കളും വരെ ഇക്കൂട്ടത്തിലുണ്ട്.

കൂടാതെ അപകടമുണ്ടാക്കുന്ന മറ്റൊരു വിഭാഗം ഇരുചക്രവാഹനങ്ങളും കാറുകളുമായി നിരത്തിലിറങ്ങുന്ന പുതുതലമുറയാണ്. പലപ്പോഴും അർധരാത്രി അമിതവേഗതയിലാണ് ഇവരുടെ പാച്ചിൽ. ഇവർ സ്ഥിരം അപകടത്തിൽപ്പെടുന്നതും പതിവാണ്. നഗരത്തിൽ രാത്രി ഇത്തരത്തിൽ പത്തും പതിനഞ്ചും അപകടങ്ങൾ നടക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ശാസ്തമംഗലം- വെള്ളയമ്പലം റോഡ്, അട്ടക്കുളങ്ങര ജങ്ഷൻ തുടങ്ങിയവയെല്ലാം സ്ഥിരം അപകടങ്ങളുണ്ടാകുന്ന സ്ഥലങ്ങളാണ്. വലിയ അപകടങ്ങളോ മരണങ്ങളോ സംഭവിക്കുമ്പോൾ മാത്രമാണ് പുറത്തറിയുന്നത്. ശ്രീറാം വെങ്കിട്ടരാമന്റെ വാഹനാപകടത്തിന്റെ അടുത്ത ദിവസം ശ്രീചിത്രയിലെ ഒരു ഡോക്ടർ ഓടിച്ച വാഹനവും പാളയത്ത് അപകടത്തിൽപ്പെട്ടിരുന്നു.

മദ്യലഹരിതന്നെയാണ് രാത്രികാല അപകടങ്ങളുടെ പ്രധാന കാരണം. ഒഴിഞ്ഞ റോഡിലെ അമിതവേഗത കൂടിയാവുന്നതോടെ പരിക്കും കൂടുതലായിരിക്കും.

വി.ഐ.പി.കളെ പേടിച്ച് പോലീസ്

ഈ അമിതവേഗവും മദ്യപിച്ചുള്ള വാഹനം ഓടിക്കലും പോലീസ് വിചാരിച്ചാൽ അവസാനിപ്പിക്കാനാവും. പക്ഷേ, ഈ കൂട്ടത്തിലെ വി.ഐ.പി.കളും വി.ഐ.പി. പുത്രൻമാരുമാണ് പോലീസിന്റെ പ്രധാന തലവേദന. അമിതവേഗത്തിനോ മദ്യപിച്ച് വാഹനം ഓടിച്ചതിനോ പിടിച്ചാലും ഉടൻ ഉന്നത ഇടപെടലുണ്ടാകും. പുത്തൻതലമുറ ബൈക്കുമായി കവടിയാർ-വെള്ളയമ്പലം ഭാഗത്ത് സ്ഥിരം പിടിയിലാകുന്ന ചില ബൈക്കുകൾ മ്യൂസിയം സ്റ്റേഷനിൽ എത്തിച്ചാലുടൻതന്നെ ഉന്നതങ്ങളിൽനിന്നു വിളിയെത്തും. പലപ്പോഴും പിഴ ഈടാക്കാതെ വിടേണ്ട സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. അപകടത്തിൽ ഒരാൾ മരിച്ചിട്ടുപോലും ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താൻ നടന്ന ഉന്നത ഇടപെടലുകൾ ഇതിന് ഉദാഹരണമാണ്.

രാത്രി സാധാരണ ഇരുചക്രവാഹനങ്ങളെല്ലാം പരിശോധിക്കുന്ന പോലീസ് ആഡംബര കാറുകളടക്കമുള്ളവയെ ഒഴിവാക്കുകയാണ് പതിവ്. ഇതിനെതിരേ മനുഷ്യാവകാശ കമ്മിഷനും രംഗത്തെത്തിയിരുന്നു. എന്നാൽ, പലപ്പോഴും ഉന്നതരാവും ഇത്തരം വാഹനങ്ങളിലുണ്ടാവുക. ഇവരെ പിടിക്കുന്നത് തലവേദനയാവുമെന്നതിനാലാണ് പലപ്പോഴും ഈ വാഹനങ്ങൾക്കു കൈകാണിക്കാത്തതെന്ന് പോലീസ് പറയുന്നു.

ഇരുപത്തിയഞ്ചോളം വാഹനങ്ങൾ നൂറിലേറെ ക്യാമറകൾ

നഗരത്തിലെ വിവിധയിടങ്ങളിലെ കാര്യങ്ങൾ അറിയുന്നതിന് നൂറിലേറെ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ, ഇപ്പോൾ ഇതിൽ പകുതിയും പ്രവർത്തിക്കുന്നില്ലെന്നാണ് പോലീസ് തന്നെ പറയുന്നത്. മാത്രമല്ല, രാത്രിദൃശ്യങ്ങൾ വ്യക്തമായി പകർത്താവുന്ന തരത്തിലുള്ള ക്യാമറകളും കുറവാണ്. എന്നാൽ, കവടിയാറിൽ മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ചിട്ടുള്ള രണ്ട് സെറ്റ് ക്യാമറകളിൽ ദിനംപ്രതി 250ഓളം അമിതവേഗത കേസുകളാണ് പതിയുന്നത്. ഇവ കൃത്യമായി പോസ്റ്റലിൽ അയയ്ക്കാൻതന്നെ ബുദ്ധിമുട്ടിലാണ് വകുപ്പ്. കവടിയാറിലെ അമിതവേഗത നിയന്ത്രിക്കുന്നതിന് ഈ ക്യാമറകൾ ഏറെ ഉപകരിച്ചിട്ടുണ്ട്.

ശ്രീറാം വെങ്കിട്ടരാമനാണോ അപകടത്തിൽപ്പെട്ട വാഹനം ഓടിച്ചതെന്ന് പരിശോധിക്കാൻ കഴിയില്ലെന്നും ക്യാമറകളെല്ലാം പ്രവർത്തനരഹിതമാണെന്നുമാണ് പോലീസ് പറഞ്ഞത്. ഇത്തരത്തിൽ പല കേസുകളിലും പ്രധാന തെളിവുകൾ നഷ്ടമാകുന്ന അവസ്ഥയുണ്ടായിട്ടും ഇതെല്ലാം സമയബന്ധിതമായി ശരിയാക്കാനുള്ള നടപടികളും ഉണ്ടാവുന്നില്ല.

കൺട്രോൾ റൂമിലെ 11 വാഹനങ്ങൾ രാത്രി പട്രോളിങ്ങിനുമുണ്ടാകും. പ്രദേശത്തെ പോലീസ് സ്റ്റേഷനിലെ ഒരു വാഹനവും ബൈക്കും രാത്രി പട്രോളിങ് നടത്തണമെന്നാണ് നിയമം. പലപ്പോഴും റോഡുവക്കുകളിൽ പോലീസ് വാഹനങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും സംശയകരമായ തരത്തിൽ വരുന്ന വാഹനങ്ങൾ പരിശോധിക്കുന്നതും അപൂർവമാണ്. പരിശോധനകൾ കർശനമാക്കിയാൽ നഗരനിരത്തുകളിലെ അമിതവേഗത നിയന്ത്രിക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു.

ചെന്നൈ നഗരത്തിൽ നടപ്പാക്കി വിജയിച്ച ഒരു മാതൃകയാണ് രാത്രികാലത്ത് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുകയെന്നത്. രാത്രി റോഡിൽ ഇടവിട്ട് ഇടവിട്ട് ഇവ സ്ഥാപിക്കുന്നതോടെ നഗരത്തിലൂടെ അമിതവേഗതയിൽ പായാൻ കഴിയില്ല. എന്നാൽ, രാത്രി ഇവ വയ്ക്കുകയും പുലർച്ചെതന്നെ മാറ്റുകയും വേണം.

Content Highlights: Thiruvananthapuram, Thiruvananthapuram City, Over Speed, Night Drive