തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനെയും കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിനെയും ബന്ധിപ്പിച്ചുകൊണ്ട് റോഡിനു കുറുകേ കാൽനടയ്ക്ക് പാലം നിർമിക്കാനുള്ള നടപടി അധികൃതരുടെ അനാസ്ഥ കാരണം വൈകുന്നു. എട്ടു വർഷത്തിലേറെയായി ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയിലുള്ള പദ്ധതിക്ക് ഇനിയും അന്തിമരൂപം കൈവരിച്ചിട്ടില്ല. യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന പദ്ധതിക്കാണ് ഈ ദുരവസ്ഥ.
ജനപ്രതിനിധികളും കോർപ്പറേഷനും ജില്ലാ ഭരണകൂടവും ഇതിൽ ഇടപെടണമെന്ന ആവശ്യം ശക്തമാണ്. തമ്പാനൂരിൽ കെ.ടി.ഡി.എഫ്.സി.യുടെ ബഹുനില വാണിജ്യമന്ദിരം പ്രവർത്തിച്ചു തുടങ്ങിയപ്പോഴാണ് റെയിൽവേ സ്റ്റേഷനിലേക്ക് ഒരു നടപ്പാലമെന്ന ആശയം ഉയർന്നത്. ബസ് ഇറങ്ങുന്ന യാത്രക്കാർക്ക് റോഡിലെ തിരക്കിൽപ്പെടാതെ റെയിൽവേ സ്റ്റേഷനിൽ എത്താൻ ഇതിലൂടെ കഴിയും. റെയിൽവേ സ്റ്റേഷനിൽനിന്നുള്ളവർക്ക് നേരേ ബസ്സ്റ്റാൻഡിലേക്കും എത്താം. തിരക്കേറിയ തമ്പാനൂർ റോഡ് മുറിച്ചുകടക്കുക മാത്രമാണ് നിലവിലുള്ള മാർഗം. ഇത് ഏറെ അപകടകരവും ക്ലേശകരവുമാണ്. വാഹനങ്ങൾക്കിടയിലൂടെയാണ് യാത്രക്കാർ തലങ്ങും വിലങ്ങും റോഡ് മുറിച്ചുകടക്കുന്നത്.
ബഹുനില വാണിജ്യസമുച്ചയത്തിൽ ആർ.ടി. ഓഫീസ് ഉൾപ്പെടെയുള്ള തിരക്കേറിയ നിരവധി സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. എട്ടു വർഷത്തോളം ആളനക്കമില്ലാതെ നിലനിന്നിരുന്ന കെട്ടിടം സർക്കാർ ഓഫീസുകൾക്കു കൈമാറിയതോടെയാണ് തിരക്കേറിയത്. സമുച്ചയത്തിന്റെ താഴത്തെ നിലയിലാണ് ബസ്സ്റ്റേഷൻ പ്രവർത്തിക്കുന്നത്. റെയിൽവേ സ്റ്റേഷനിലെ നടപ്പാലങ്ങളിലൊന്നിനെ റോഡിനു കുറുകേ വാണിജ്യസമുച്ചയത്തിന്റെ മുകൾഭാഗത്തേക്കു ബന്ധിപ്പിക്കാനാകും. ഇവിടെനിന്ന് യാത്രക്കാർക്ക് താഴത്തെ നിലയിലെ ബസ് സ്റ്റേഷനിലേക്ക് സുഗമമായി എത്താനാകും.
അഴിയാക്കുരുക്ക്; പാലമെത്തിയാൽ അപകടമൊഴിയും
തമ്പാനൂരിലെ അപകടവും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ മേൽപ്പാലം സഹായിക്കും. രാവിലെ എട്ടിനും പത്തിനും ഇടയിലാണ്, തിരക്കുള്ള പ്രതിദിന തീവണ്ടികളെല്ലാം തലസ്ഥാനത്തേക്കെത്തുന്നത്. ഇവയിലെത്തുന്ന യാത്രക്കാർ വിവിധ സ്ഥലങ്ങളിലേക്കുള്ള ബസിൽ കയറാനുള്ള തത്രപ്പാടിലായിരിക്കും. സ്റ്റേഷനിൽനിന്നിറങ്ങി കഴിവതും വേഗത്തിൽ ബസിൽ കയറാനുള്ള യാത്ര മിക്കപ്പോഴും അപകടം വരുത്തിവയ്ക്കാറുണ്ട്. സ്റ്റേഷനിലെ പ്രധാന കവാടത്തിലും റിസർവേഷൻ കൗണ്ടറിനു സമീപത്തെ ഗേറ്റിലും തീവണ്ടികൾ എത്തുമ്പോൾ തിക്കും തിരക്കുമാണ്. ഇതിനു പുറമേ, റോഡിൽ നിർത്തിയിടുന്ന ഓട്ടോറിക്ഷകളും യാത്രക്കാരുടെ വഴിമുടക്കുന്നുണ്ട്. കാൽനടക്കാരെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നതിന് പോലീസുകാരെയും ട്രാഫിക് വാർഡൻമാരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ, അതും അപര്യാപ്തമാണ്. മേൽപ്പാലമുണ്ടെങ്കിൽ യാത്രക്കാർക്ക് റോഡിലേക്കിറങ്ങാതെ ബസ്സ്റ്റാൻഡിൽ എത്താൻ കഴിയും.
റെയിൽവേ തയ്യാർ
റെയിൽവേ സ്റ്റേഷനിൽനിന്ന് ബസ് സ്റ്റാൻഡിലേക്ക് കാൽനട മേൽപ്പാലം നിർമിക്കാനുള്ള പദ്ധതിക്കാവശ്യമായ സഹായങ്ങളെല്ലാം ചെയ്യാൻ റെയിൽവേ സന്നദ്ധമാണ്. കോർപ്പറേഷനോ സർക്കാർ ഏജൻസികളോ ഇതിനു മുൻകൈയെടുത്താൽ റെയിൽവേയും പദ്ധതിയിൽ പങ്കാളിയാകും. ജില്ലാ ഭരണകൂടമോ കോർപ്പറേഷനോ ഇതിനു മുൻകൈയെടുക്കണമെന്ന നിലപാടിലാണ് റെയിൽവേ.
റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിലെ തിരക്കു കുറയ്ക്കാൻ കഴിയുമെന്നത് റെയിൽവേക്കും അനുഗ്രഹമാണ്. രണ്ടു മുതൽ അഞ്ചു വരെയുള്ള പ്ലാറ്റ്ഫോമുകളിൽ തീവണ്ടിയിറങ്ങുന്നവർ നടപ്പാലത്തിലൂടെയാണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്കെത്തുന്നത്. ഇവിടെ താഴേക്ക് ഇറങ്ങുന്നതിനു പകരം റോഡിലേക്ക് മേൽപ്പാലമുണ്ടെങ്കിൽ പെട്ടെന്നു പുറത്തേക്ക് എത്താനാകും.
കെ.ടി.ഡി.എഫ്.സി.ക്കു പണമില്ല
സാമ്പത്തിക പ്രതിസന്ധി കാരണം കൂടുതൽ പദ്ധതികൾ ഏറ്റെടുക്കാൻ കഴിയില്ലെന്ന് വാണിജ്യസമുച്ചയത്തിന്റെ ഉടമയായ കെ.ടി.ഡി.എഫ്.സി. അധികൃതർ പറയുന്നു. അതേസമയം, സർക്കാരോ കോർപ്പറേഷനോ മുൻകൈയെടുത്താൽ ഇത്തരമൊരു പദ്ധതിയുമായി സഹകരിക്കാൻ കെ.ടി.ഡി.എഫ്.സി.യും തയ്യാറാണ്.
ഭൂമിയേറ്റെടുക്കൽ വേണ്ടിവരില്ല
സ്ഥലമേറ്റെടുക്കലോ തർക്കങ്ങളോ ഉണ്ടാകാനിടയില്ലാത്ത പദ്ധതിയാണിത്. റെയിൽവേ, പൊതുമരാമത്തുവകുപ്പ്, കെ.എസ്.ആർ.ടി.സി. എന്നിവയുടെ സ്ഥലം മാത്രമാണ് പദ്ധതിക്കു വേണ്ടിവരിക. ഇളക്കിമാറ്റാനാകുന്ന വിധത്തിൽ സ്റ്റീൽ ഫ്രെയിമിൽ മേൽപ്പാലം നിർമിച്ചാൽ ഭാവിയിലെ വികസന പ്രവർത്തനങ്ങൾക്കും തടസ്സമാകില്ല. റെയിൽവേ സ്റ്റേഷനുകളിലെ നടപ്പാലങ്ങളുടെ മാതൃക പരിഗണിക്കാവുന്നതാണ്.
Content Highlights: demand for walkway at thampanoor, Railway station KSRTC Bus Stand Walkway, Local News