തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഹോം സയൻസ് വിഭാഗത്തിനോട് അധികൃതർക്ക് ചിറ്റമ്മനയം. മികച്ച അക്കാദമിക് നിലവാരമുണ്ടായിരുന്നിട്ടും വകുപ്പിന് ഗവേഷണവിഭാഗം അനുവദിക്കാൻ സർവകലാശാല തയ്യാറാകുന്നില്ലെന്ന് പരാതി. കൂടാതെ സർവകലാശാലയുടെ പി.ജി.ബോർഡ് ഒാഫ് സ്റ്റഡീസിൽ ഹോം സയൻസ് വിഭാഗത്തിൽ നിയമിച്ചിരിക്കുന്നത് ബോട്ടണിയുൾപ്പെടെയുള്ള മറ്റ് വിഷയത്തിലെ അധ്യാപകരെയും.

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുള്ള അധ്യാപകരുള്ള പഠനവകുപ്പിനാണ് ഈ ഗതികേട്. ഹോം സയൻസിന് ബിരുദ, ബിരുദാനന്തര കോഴ്‌സുകളുള്ള സംസ്ഥാനത്തെ ഏക സർക്കാർ കോളേജ് തിരുവനന്തപുരം ഗവ.വിമെൻസ് കോളേജാണ്. അതുകൊണ്ട് ഇവിടത്തെ വകുപ്പിന് ഗവേഷണവിഭാഗം അനുവദിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. 1958-ൽ തുടങ്ങിയ 60 വർഷത്തെ പാരമ്പര്യമുള്ള പഠനവകുപ്പാണ് ഇവിടത്തേത്. ഒട്ടേറെത്തവണ ഈ ആവശ്യം ഉന്നയിച്ച് അധ്യാപകർ സർവകലാശാലയ്ക്ക് നിവേദനങ്ങൾ നൽകിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് കോളേജിനെ ഒഴിവാക്കുന്നെന്നാണ് ആരോപണം.

നിലവിൽ ഒരധ്യാപികയ്ക്ക് മാത്രമാണ് ഇവിടെ ഗൈഡ്ഷിപ്പുള്ളത്. മറ്റൊരു കോളേജിലെ ഗൈഡ്ഷിപ്പിന് യോഗ്യതയുള്ള അധ്യാപകരെ ഉൾപ്പെടുത്തി ഗവേഷണവിഭാഗം അനുവദിക്കാമെന്ന് സർവകലാശാല കഴിഞ്ഞവർഷം ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഇത് അനുവദിച്ചില്ല. എന്നാൽ, ഗൈഡ്ഷിപ്പുള്ള ഒരു അധ്യാപകൻ മാത്രമുള്ള യൂണിവേഴ്‌സിറ്റി കോളേജിലെ ഒരു വകുപ്പിന് സർവകലാശാലാ ഗവേഷണവിഭാഗം അനുവദിക്കുകയും ചെയ്തു. ഇതേ മാനദണ്ഡംെവച്ച് വിമെൻസ് കോളേജിൽ അനുവദിക്കാത്തത് ചിറ്റമ്മനയമാണെന്ന് വിദ്യാർഥികളും അധ്യാപകരും പറയുന്നു.

വിെമൻസ് കോളേജിലെ ഹോംസയൻസ് വകുപ്പിലെ അധ്യാപകരാരുംതന്നെ സർവീസ് സംഘടനകളിലൊന്നും അംഗങ്ങളല്ല. അതുകൊണ്ടുതന്നെ അധ്യാപകസംഘടനയുടെ രാഷ്ട്രീയ പിന്തുണയും ഇക്കാര്യത്തിൽ ഇവർക്ക് ലഭിക്കുന്നില്ല. കോളേജിനുള്ളിൽത്തന്നെ അധ്യാപസംഘടനയുടെ എതിർപ്പും ഹോം സയൻസ് വകുപ്പിനുണ്ട്. സംഘടനാ പ്രവർത്തനത്തിന് താത്‌പര്യമില്ലാത്ത അധ്യാപകരുടെ പഠനവകുപ്പിന് ഗവേഷണവിഭാഗം അനുവദിക്കേണ്ടതില്ലെന്ന ചില അധ്യാപകസംഘടനകളുടെ എതിർപ്പും സർവകലാശാലാ തീരുമാനത്തിലുണ്ടെന്ന് ആരോപണമുണ്ട്.

2016-ൽ യു.ജി.സി. ഗവേഷണത്തിന് ഗൈഡ്ഷിപ്പ് അനുവദിക്കുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നതോടെ ഹോം സയൻസിൽ പിഎച്ച്.ഡി. ചെയ്തിരുന്ന പല വിദ്യാർഥിനികൾക്കും ഗവേഷണം പൂർത്തിയാക്കാൻ കഴിയാതെ വരുകയാണ്. പലരും ഒരു വർഷത്തിലധികമായി തീസിസ് സമർപ്പിച്ച് കാത്തിരിക്കുകയാണ്. വിമെൻസ് കോളേജിൽ ഗവഷണകേന്ദ്രം അനുവദിച്ചാൽ ഇത്തരത്തിലെ ഒട്ടേറെ വിദ്യാർഥികൾക്ക് ഗുണകരമാകും.

മികച്ച സൗകര്യങ്ങളോടെയുള്ള ഇരുനിലക്കെട്ടിടവും പത്തോളം ക്ലാസ് മുറികളും കോളേജിലുണ്ട്. നാല് ലാബുകളും ഗവേഷണത്തിന് സർവകലാശാലാ നിഷ്‌കർഷിക്കുന്ന പുസ്തകങ്ങളും ജേണലുകളുമുള്ള മികച്ച ലൈബ്രറിയും കോളേജിലുണ്ട്. എന്നാൽ, ഇത്തവണ ഗവേഷണകേന്ദ്രം അനുവദിക്കാനുള്ള പരിശോധനയ്ക്കെത്തിയ സർവകലാശാലാ സമിതി സൗകര്യങ്ങളില്ലെന്ന് റിപ്പോർട്ടാണ് നൽകിയിരിക്കുന്നത്. ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ അനുമതി നിഷേധിച്ചിരിക്കുന്നത്.

ബോട്ടണി, തമിഴ്, സംസ്കൃതം വിഭാഗത്തിലെ അധ്യാപകരാണ് ഈ സമിതിയിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സബ്ജക്ട് എക്‌സ്‌പെർട്ട് ഈ സമിതിയിലില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി വകുപ്പിലെ അധ്യാപകർ സർവകലാശാലയ്ക്ക് പരാതി നൽകിയിട്ടുണ്ട്.

ഹോം സയൻസിന്റെ പി.ജി.ബോർഡ് ഓഫ് സ്റ്റഡീസിൽ ഒഴിവുവന്ന സ്ഥാനങ്ങളിൽ ബോട്ടണിയുൾപ്പെടെയുള്ള വിഷയങ്ങളിലെ അധ്യാപകരെയാണ് നിയമിച്ചത്. ഇതും പരാതിക്കിടയാക്കിയിട്ടുണ്ട്. നാല് കോളേജുകളിലായി പിഎച്ച്.ഡി.യും സീനിയോറിറ്റിയും എട്ടോളം അധ്യാപകരുണ്ടായിരുന്നിട്ടും ഇതിൽ ആരെയും നിയമിക്കാതെയാണ് മറ്റ് വിഷയങ്ങളിലുള്ളവരെ ബോർഡ് ഓഫ് സ്റ്റഡീസിൽ നിയമിച്ചിരിക്കുന്നത്. ബോർഡ് ഓഫ് സ്റ്റഡീസിലെ നിയമനങ്ങൾ ഭരണപക്ഷാനുകൂല അധ്യാപകസംഘടന സമർപ്പിച്ച പട്ടികയിലുള്ളവരെമാത്രം ഉൾപ്പെടുത്തിയാെണന്ന ആരോപണം നിലനിൽക്കെയാണ് ഈ നീക്കം. അതേ വിഷയത്തിലുള്ളവരെയല്ലാതെ പി.ജി.ബോർഡിൽ ഉൾപ്പെടുത്തിയാൽ ഇത് കോഴ്‌സിന്റെ ഭാവിയെത്തന്നെ ബാധിക്കുമെന്നാണ് വിദ്യാർഥികളുടെ ആശങ്ക.

Content Highlights: Kerala University, Home Science