കൊച്ചുവേളി റെയിൽവേ ടെർമിനലും ടെക്‌നോ നഗരവാസികളും പുതിയ തീവണ്ടി സമയപട്ടിക കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. വെറുതെ കാത്തിരിക്കുകയല്ല ചെയ്തത്. നിരവധി സ്വപ്നങ്ങളും കണ്ടിരുന്നു. പക്ഷേ കേരളപ്പിറവി ദിനത്തിൽ വന്ന പട്ടിക കണ്ട് കഴക്കൂട്ടത്തുകാരുടെ കണ്ണ് നിറഞ്ഞ് പോയി. ജയന്തി ജനതയ്ക്ക് ഒരു സ്റ്റോപ്പ് കിട്ടണമെന്നതായിരുന്നു പ്രധാനയാവശ്യം.
ഇത്തിരി തടസ്സങ്ങളുണ്ടെന്നറിയാമെങ്കിലും ടെക്കികളും നാട്ടുകാരും ഒരുപോലെ ആഗ്രഹിച്ചുപോയതാണ്.

കന്യാകുമാരി, നാഗർകോവിൽ, നെയ്യാറ്റിൻകര ഭാഗത്ത് നിന്നുവരുന്ന ടെക്‌നോപാർക്ക് ജീവനക്കാരുടെ വലിയൊരു ആവശ്യമായിരുന്നു ഇത്. അതുപോലെ കൊല്ലം, കായംകുളം ഭാഗത്തേക്ക് പോകുന്ന ഉദ്യോഗസ്ഥർക്കും വിദ്യാർഥികൾക്കും ഏറെ ഉപകാരപ്പെടും. ജയന്തിജനത പോയാലും ഏറനാടിനോ, ഇന്റർസിറ്റിക്കോ ഏതെങ്കിലും ഒന്നിന് കഴക്കൂട്ടത്ത് ഒരു സ്റ്റോപ്പ് കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഈ ആഗ്രഹം റെയിൽവേയ്ക്ക് സിമ്പിളായിട്ട് നടത്തിക്കൊടുക്കാമായിരുന്നു. ഇടയ്ക്ക് മോഹങ്ങൾ നൽകുകയും ചെയ്തതാണ്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. അങ്ങ് മുകളിലിരിക്കുന്ന ഏമാൻമാർ കനിഞ്ഞില്ല. ഇനി ഇതിനൊക്കെ പകരം കൊച്ചുവേളിയിൽ നിന്നു തുടങ്ങുന്ന ബാംഗ്ലൂർ ഏക്സ്പ്രസിനെങ്കിലും ഒരു സ്റ്റോപ്പ് കിട്ടുമെന്ന് പ്രതീക്ഷിച്ചു.
ഇതും തഥൈവ.  നിവേദനവുമായി കയറിയിറങ്ങിയവർക്ക് മുന്നിൽ റെയിൽവേയിലെ ചില എമാൻമാർ തന്നെ മുന്നോട്ടുവച്ച നിർദേശമുണ്ട്. അനന്തപുരി എക്സ്പ്രസ് കൊല്ലത്തേക്ക് നീട്ടുമ്പോൾ വേണമെങ്കിൽ ഒരു സ്റ്റോപ്പ് തരാം എന്ന്. അതെങ്കിലും കിട്ടുമെന്നായിരുന്നു അവസാന പ്രതീക്ഷ. അനന്തപുരി കൊല്ലത്തേക്ക് പോയെങ്കിലും കഴക്കൂട്ടത്ത് നിർത്തിയില്ല.

ഇങ്ങനെയൊന്നും ഒരു നാട്ടുകാരെയും പറ്റിക്കരുത്.   തൊട്ടടുത്ത കൊച്ചുവേളിയിലും സ്ഥിതി ഇതുതന്നെ. ഈ ടെർമിനലിൽനിന്ന് ഒരു പുതിയ തീവണ്ടി പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ സർവീസ് എന്ന് തുടങ്ങുമെന്ന് റെയിൽവേയ്ക്കുമറിയില്ല. കൊച്ചുവേളിയിൽ നിന്ന് മംഗലാപുരം വരെ പോകുന്ന അന്ത്യോദയ ബൈവീക്‌ലി എക്സ്പ്രസ് തീവണ്ടിയാണ് പുതുതായി തുടങ്ങുന്നത്.  കഴക്കൂട്ടം റെയിൽവേ വികസനം ആവശ്യപ്പെട്ട് പുറകേ നടന്നത് ഒന്നോ രണ്ടോ പേരല്ല. ടെക്കികളുടെ സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിൽ സാമൂഹികമാധ്യമങ്ങളിലും റെയിൽവേ സ്റ്റേഷന് മുന്നിലുമെല്ലാം നിരവധി സമരങ്ങൾ നടത്തിയിരുന്നു. ഇവർ നിവേദനങ്ങളുമായി കാണാത്ത നേതാക്കളില്ല.

ഇതുപോലെ തന്നെയാണ് നാട്ടുകാരുടെ നേതൃത്വത്തിലുള്ള ആക്‌ഷൻ കൗൺസിലും. റെയിൽവേയുടെ ഏത് ഉന്നത ഉദ്യോഗസ്ഥൻ തലസ്ഥാനത്തെത്തിയാലും ഇവർ പോയികണ്ട് കാര്യങ്ങൾ വിശദീകരിച്ച് നൽകുന്നതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. പാർക്കായ ടെക്‌നോപാർക്കിന് സമീപത്തുള്ള റെയിൽവേ സ്റ്റേഷൻ വികസിക്കണമെന്നും ഇവിടെ കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ് വേണമെന്നും പറഞ്ഞാൽ ആർക്കും മനസ്സിലാവും. കാര്യം സിമ്പിളാണ്, പവർഫുള്ളുമാണ്. പക്ഷേ റെയിൽവേയുടെ മുകളിലിരിക്കുന്ന ചില ഇതരസംസ്ഥാനക്കാർക്ക് അത് മനസ്സിലാവില്ല. അങ്ങനെ ഞങ്ങളുടെ പറ്റിലല്ലാതെ ഇവിടെ ഒരു വികസനം വേണ്ട, എന്ന് വിശ്വസിക്കുന്ന ചില രാഷ്ട്രീയക്കാരും ഇതിന് ചൂട്ടുവയ്ക്കുന്നുണ്ടെന്നാണ് മറ്റൊരു പിന്നാമ്പുറ സംസാരം. 

വർഷങ്ങളായി ഇതിന്റെ പിന്നാലെ നടക്കുന്ന ടെക്കികളും നാട്ടുകാരും പിൻമാറില്ല. അവർ വീണ്ടും അധികാരികൾക്ക് മുന്നിൽ ആവശ്യത്തിന്റെ പ്രതിഷേധ സ്വരങ്ങൾ ഉയർത്തിക്കൊണ്ടേയിരിക്കും. അവരെപ്പോലെ നമുക്കും പ്രതീക്ഷിക്കാം. നിരവധി തീവണ്ടികൾക്ക് സ്റ്റോപ്പുള്ള കഴക്കൂട്ടവും, പുതിയ തീവണ്ടികൾ സർവീസ് തുടങ്ങുന്ന വിശാലമായ കൊച്ചുവേളിയും. വരും....വരാതിരിക്കില്ല.