മുന്നിൽവരുന്ന ഓരോ ഫയലിലും പാവപ്പെട്ടവരിൽ പാവപ്പെട്ടവരുടെ ജീവിതമാണുള്ളത്. ആ ഫയലുകളിൽ നിങ്ങളെഴുതുന്ന കുറിപ്പാവും ഒരുപക്ഷേ, അവരിൽ അപൂർവം ചിലരെങ്കിലും തുടർന്നു ജീവിക്കണോ മരിക്കണോ എന്നുപോലും നിശ്ചയിക്കുന്നതെന്ന് സെക്രട്ടേറിയറ്റ്‌ ജീവനക്കാരെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. എന്തായാലും ജീവനക്കാർ ഉഷാറായി. ഫയലുകൾക്കു ജീവൻവെച്ചു. പലരുടെയും ജീവിതവും സുരക്ഷിതമായി. അതേസമയം, സർക്കാർ ജീവനക്കാരോ, ഓഫീസുകളിൽ നടുനിവർക്കാൻപോലും നേരമില്ലാതെ ജോലി ചെയ്യുകയാണ്.

ജീവിതശൈലീരോഗങ്ങൾ സർക്കാർ ജീവനക്കാരിലും നഗരപ്രദേശങ്ങളിലും വ്യാപിക്കുന്നു. പലരും നീണ്ട അവധിയെടുത്ത് ചികിത്സയ്ക്കായി പോകുന്നു. അതിനെല്ലാം ഒരു ഒറ്റമൂലി എന്ന രീതിയിലാണ് വ്യായാമ ഇടവേളകൾ ജീവനക്കാർക്കായി കൊണ്ടുവന്നത്. ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ആരംഭിച്ച പദ്ധതി രണ്ടുദിവസംകൊണ്ടു നിന്നുപോയെങ്കിലും ജീവനക്കാർ താത്‌പര്യമെടുത്തു വീണ്ടും സജീവമാക്കി. ഇപ്പോൾ എല്ലാദിവസവും സ്‌ട്രെച്ച് ബ്രേക്ക് പരിപാടി നടത്തുന്നു. ആയിരത്തോളം ജീവനക്കാരുള്ള ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ഭൂരിഭാഗം ജീവനക്കാരും സ്‌ട്രെച്ച് ബ്രേക്കിൽ പങ്കാളിയാകുന്നു.

എന്താണ് സ്‌ട്രെച്ച് ബ്രേക്ക് ?

ആർദ്രം പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പ് ആസ്ഥാനത്തു തുടക്കമിട്ട വ്യായാമ ഇടവേളയാണ് (സ്‌ട്രെച്ച് ബ്രേക്ക്). ഒറ്റയിരുപ്പിൽ ജോലി ചെയ്യുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്ന നിഗമനത്തെത്തുടർന്നായിരുന്നു പദ്ധതി ആരംഭിച്ചത്. രാവിലെ 11-നും ഉച്ചയ്ക്കുശേഷം മൂന്നിനും സ്വന്തം സീറ്റിൽത്തന്നെ എഴുന്നേറ്റുനിന്ന് വ്യായാമ മുറകൾ ചെയ്യാം. വർക്കലയിലെ പ്രകൃതിചികിത്സാ ആശുപത്രിയിൽനിന്നുള്ള വിദഗ്ധരെയെത്തിച്ചു ജീവനക്കാർക്കായി പരിശീലനം നൽകി.

കഴുത്തിനും കൈകാൽമുട്ടുകൾക്കും നടുവിനുമൊക്കെ ആശ്വാസം നൽകുന്ന യോഗമാതൃകയിലുള്ള വ്യായാമങ്ങളാണ് അഭ്യസിപ്പിച്ചത്. തുടർപരിശീലനത്തിനായി വീഡിയോ ക്ലിപ്പിങ്ങുകളും നൽകി. ഇപ്പോൾ സ്‌ട്രെച്ച് ബ്രേക്ക് സമയമാകുമ്പോൾ മൂന്ന് ബെല്ലടിക്കും. മൈക്കിലൂടെ വ്യായാമമുറകൾക്കുള്ള നിർദേശവും നൽകും. ഇതു കേട്ട് വ്യായാമം ചെയ്യാം. സംഗീതത്തിന്റെ അകമ്പടിയോടെ നിർദേശങ്ങൾ നൽകുന്നതിനും ലക്ഷ്യമിടുന്നുണ്ട്. ഇതിനായി ആയുർവേദ വകുപ്പിനെയും ചുമതലപ്പെടുത്തിക്കഴിഞ്ഞു. മാസത്തിൽ ഒരിക്കൽ എല്ലാവരും ഒരു ഹാളിൽ ഒത്തുചേർന്ന് ഇത്തരം വ്യായാമമുറകൾ അഭ്യസിക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ജീവനക്കാർ.

അടിപൊളിയാണ് ഇപ്പോൾ

ഓഫീസ് ഇപ്പോൾ ചില്ലാണ്. ജോലി ചെയ്യാനൊക്കെ ഒരു ഉഷാറുണ്ട്. മുൻപൊക്കെ വന്ന് ഒരിരുപ്പാണ്. ഭക്ഷണം കഴിക്കാനും വീട്ടിൽ പോകാനും നേരം മാത്രമാണ് എഴുന്നേൽക്കുക. ഇപ്പോൾ അങ്ങനെയല്ല. സ്‌ട്രെച്ച് ബ്രേക്ക് തുടങ്ങിയതിനുശേഷം എല്ലാവരും ആക്ടീവാണ്. ജോലിയൊക്കെ രസായിത്തുടങ്ങിയെന്നു പറയുന്നു ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ക്ലർക്കായ മോളിക്കുട്ടി. ഇനി രോഗത്തെപ്പേടിക്കാതെ ജോലി ചെയ്യാമല്ലോയെന്ന് സഹപ്രവർത്തകയും.

സുംബ ഡാൻസ് പഠിപ്പിക്കും

ഇരുന്നിരുന്ന് കൊഴുപ്പ് അടിഞ്ഞുകൂടി അമിതവണ്ണമുള്ള ജീവനക്കാരെ ഇനി നിങ്ങൾക്കു മറക്കാം. ഫയലുകൾക്കു മുന്നിൽ ഉറക്കംതൂങ്ങിയിരിക്കുന്നവരെയും. ഓഫീസിലെ സ്‌ട്രെച്ച് ബ്രേക്കിനു പിന്നാലെ ജീവനക്കാരെ നൃത്തവും സംഗീതവും ഒരുമിപ്പിച്ച് ഫിറ്റ്‌നെസ് വീണ്ടെടുക്കാൻ സഹായിക്കുന്ന സുംബഡാൻസ് കൂടി പഠിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ്. തലസ്ഥാനത്ത് സുംബഡാൻസ് അഭ്യസിപ്പിക്കുന്ന സംഘവുമായി ചേർന്ന് മൂന്ന് ക്ലാസുകൾ ജീവനക്കാർക്കു സൗജന്യമായി നൽകും. അതിനുശേഷം താത്‌പര്യമുള്ളവർക്ക് സുംബഡാൻസ് അഭ്യസിക്കാൻ സൗകര്യമൊരുക്കും. ഇങ്ങനെ ആരോഗ്യമുള്ള ചിൽ ചില്ലെന്നു നിൽക്കുന്ന ജീവനക്കാരെ സംസ്ഥാനത്ത് വാർത്തെടുക്കുകയാണ് ലക്ഷ്യമെന്ന് പറയുന്നു ആർദ്രം പദ്ധതി സംഘാടകർ.

സെക്രട്ടേറിയറ്റിലേക്കു വ്യാപിപ്പിക്കും

സെക്രട്ടേറിയറ്റിലെ ജീവനക്കാർക്കിടയിലും വ്യായാമങ്ങൾ പ്രോത്സാഹിപ്പിക്കും. അവിടെയും വ്യായാമ ഇടവേള ഉൾപ്പെടെയുള്ള പരിപാടികൾ ആരംഭിക്കും. ഇതിനായി മൂന്നോ-നാലോ ദിവസങ്ങൾകൊണ്ടു ജീവനക്കാർക്ക് ഡോ. വസുന്ധരയുടെ കീഴിൽ പരിശീലനം നൽകും. തുടർന്ന് ജീവനക്കാർക്കു നൽകുന്നതിനായി ബന്ധപ്പെട്ട മേൽ ഉദ്യോഗസ്ഥരുടെ കൈവശം വ്യായാമമുറകളുടെ സി.ഡി.കൾ കൈമാറും. അടുത്തയാഴ്ചയോടെതന്നെ സെക്രട്ടേറിയറ്റിലെ ജീവനക്കാർക്കായുള്ള ആരോഗ്യപരിശീലനത്തിനു തുടക്കംകുറിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ജീവിതശൈലീരോഗനിയന്ത്ര പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫീസറായ ഡോ. ബിപിൻ ഗോപാൽ പറഞ്ഞു.

കൂടുതൽ ഇരുന്നാൽ ദോഷം

ഇരിക്കുന്ന സമയം ദിവസത്തിൽ എട്ടുമണിക്കൂറിൽ കൂടുതൽ നേരമായാൽ അത് ആരോഗ്യത്തെ ബാധിച്ചുതുടങ്ങുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. നിൽക്കുന്നതിനേക്കാൾ ഇരിക്കുമ്പോളാണ് ഡിസ്‌കിനുള്ള മർദം കൂടുന്നത്. ദീർഘനേരം ഇരിക്കുന്നത് ഡിസ്‌ക് സംബന്ധമായ പ്രശ്നങ്ങൾക്കു കാരണമാകും. ഇരിപ്പ് ശരിയായ രീതിയിലല്ലെങ്കിൽ നടുവേദനയും കഴുത്തുവേദനയും ഉണ്ടാകും. ഇരിപ്പ് കൂടുന്നത് കൊളസ്‌ട്രോളും രക്തസമ്മർദവും വർധിക്കാനും കാരണമാകും.

രോഗസാധ്യത കൂടുതൽ

കൂടുതൽ നേരം ഇരിക്കുന്നവർക്ക് അർബുദം, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, പ്രമേഹം, വൃക്കരോഗം, ആസ്ത്മ, ന്യൂമോണിയ, കരൾ രോഗം, അൾസർ, പാർക്കിൻസൺ, അൽഷിമേഴ്‌സ്, ഞരമ്പുകളെ ബാധിക്കുന്ന രോഗങ്ങൾ തുടങ്ങിയവ വരാനുള്ള സാധ്യതയും കൂടുതലാണെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്.

വ്യായാമസംസ്കാരം ലക്ഷ്യം

വ്യായാമം, ഭക്ഷണം, മാനസിക സമ്മർദം കുറയ്ക്കൽ എന്നീ മൂന്നുകാര്യങ്ങളാണ് ജീവനക്കാർക്കായി നടപ്പാക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സർക്കാർ ജീവനക്കാർക്കിടയിൽ ജീവിതശൈലീരോഗങ്ങൾ വ്യാപകമാണ്. അത് കുറയ്ക്കാൻ വ്യായാമത്തിലൂടെ സാധിക്കും. ദിവസവും 10 മിനിറ്റിൽ ചെയ്യുന്ന ലഘുവ്യായാമം മണിക്കൂറുകൾ ജോലി ചെയ്യാനുള്ള ഉന്മേഷം നൽകും. ഇതുവഴി ഒരു വ്യായാമസംസ്കാരം ഉണ്ടാക്കിയെടുക്കുകയാണ് സർക്കാർ ലക്ഷ്യം.

-ഡോ. ബിപിൻ ഗോപാൽ, ജീവിതശൈലീരോഗനിയന്ത്രണ പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫീസർ

ലഭിക്കും പോസിറ്റീവ് എനർജി

ജീവനക്കാർ എല്ലാവരും സഹകരിക്കുന്നുണ്ട്. എല്ലാവരും സന്തോഷത്തിലാണ്. ജോലിയുടെ സമ്മർദം കുറയ്ക്കാൻ സൗകര്യപ്രദം. ഹാളിൽ എല്ലാവർക്കും ഒരുമിച്ച് വ്യായാമമുറകൾ പരിശീലിക്കാൻ സാധിക്കുമോയെന്നു നോക്കുന്നുണ്ട്. ഓഫീസിൽ ജനങ്ങൾ കയറിവരുമ്പോൾ ഉദ്യോഗസ്ഥർ വ്യായാമമുറകൾ ചെയ്യുന്നത് അവർക്ക് ബുദ്ധിമുട്ടാകുമെന്ന ആശങ്കയിലാണ് ഇക്കാര്യം പരിഗണിക്കുന്നത്. ജനങ്ങളിലും വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തണം.

- എ.ഷീല, സ്റ്റാഫ് വെൽഫെയർ കമ്മിറ്റി കൺവീനർ, ആരോഗ്യവകുപ്പ് ആസ്ഥാനം

എല്ലാവർക്കും നല്ലത്

ഇരുന്നു ജോലി ചെയ്യുന്നവർക്കാണ് ഇത്തരം ലഘുവ്യായാമമുറകൾ ഏറെ സൗകര്യപ്രദം. എന്നിരുന്നാലും എല്ലാവർക്കുമൊപ്പം ചെയ്യുമ്പോൾ മാനസികസമ്മർദം കുറഞ്ഞ് ജോലിയിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ സഹായിക്കും. - മുഹമ്മദ് അനസ്, ഇലക്ട്രീഷ്യൻ.

Content Highlights: Stretch Break Project, Lifestyle diseases in government employees, Zumba Dance