വിതുര: കുരുന്നുകളെ നാടിന്റെ അകമറിയാനും പരിശീലിപ്പിക്കാനും പതിനേഴ് വർഷങ്ങൾക്കിപ്പുറം അവരെത്തി. ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്ലയിങ്ങ് ഗൊറില്ലാസ് തീയേറ്റർ ഗ്രൂപ്പിലെ നൈജൽവറാക്, സൂസന്ന ഗ്രേഷ്യേയും. വിതുരയിലെ സുഹൃദ് നാടകക്കളരിയിലാണ് നാടകത്തിന്റെ പുത്തൻമാറ്റങ്ങൾ കുരുന്നുകൾക്ക് പകരാനായി അവരെത്തിയത്.

കളരിയിലൊരുക്കിയ തീയേറ്റർ ക്യാമ്പിനു നേതൃത്വം നൽകിയ കുട്ടികളുമായി ഇവർ സംവദിച്ചു. നാടകത്തിന് ഭാഷയോ പ്രായമോ തടസ്സമല്ലെന്ന് ബാലഭവനിലെ കളരി ഒരിക്കൽക്കൂടി തെളിയിച്ചു.

ജപ്പാൻ, ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ഉൾപ്പെടുന്ന സംഗീതനൃത്തനാടക പരിപാടി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ സന്ദർശനം. വിതുര സുധാകരൻ നേതൃത്വം നൽകുന്ന സുഹൃദ് ബാലഭവനോടൊപ്പം ചേർന്നാണ് ഇന്ത്യയിൽ പരിപാടി അവതരിപ്പിക്കുക.

ഫെബ്രുവരി 19-ന് വിതുരയിലും തിരുവനന്തപുരത്തുമായാണ് അവതരണം. ബാലഭവനിലെ ദ്വിദിനക്യാമ്പ് കുട്ടികൾക്ക് വേറിട്ട അനുഭവമായി. താളത്തിലെ ശബ്ദവിന്യാസം, അഭിനയത്തിലെ വിവിധ മേഖലകൾ, ചലനാത്മകത തുടങ്ങിയവയിലായിരുന്നു പരിശീലനം

കുരുന്നു പ്രതിഭകളെയും ബാലഭവൻ പ്രവർത്തനങ്ങളെയും ഇവർ അഭിനന്ദിച്ചു. 2000ത്തിലും ഇവർ ബാലഭവനിലെത്തിയിരുന്നു. നാടകത്തെയും നാടിന്റെ ഭംഗിയേയും പുകഴ്ത്തിയതിനു ശേഷമാണ് ഇരുവരും യാത്രയായത്.

Content Highlight: Flying Gorillas theatre group Trivandrum