നെയ്യാറ്റിന്‍കര: മകളുടെ വിവാഹത്തലേന്ന് മക്കളെയും ഭാര്യയെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ഗൃഹനാഥനെ റിമാന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കര പോലീസ് കസ്റ്റഡിയിലായിരുന്ന ആറാലുംമൂട്, പൂജാ നഗര്‍ മണ്ണറത്തല വീട്ടില്‍ പ്രദീപ് ചന്ദ്രന്‍(57) ആണ് റിമാന്‍ഡിലായത്.

തന്റെ ഇഷ്ടപ്രകാരമല്ലാതെ മകളുടെ വിവാഹം നടക്കുന്നതിനെ എതിര്‍ത്ത പ്രദീപ്ചന്ദ്രന്‍, ഭാര്യ ശ്രീലത(47), മകള്‍ ലിജ(25), മകന്‍ ബെന്‍(20) എന്നിവരെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്.

സംഭവത്തെത്തുടര്‍ന്ന് പോലീസ് അച്ഛന്‍ പ്രദീപ്ചന്ദ്രനെ കസ്റ്റഡിയിലെടുത്തിരുന്നു.

തുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റ മകള്‍ ലിജ ബുധനാഴ്ച രാവിലെ നിശ്ചയിച്ച പ്രകാരം തൃശ്ശൂര്‍ സ്വദേശിയെ വിവാഹം കഴിക്കുകയും ചെയ്തു.

ഗള്‍ഫിലായിരുന്ന പ്രദീപ് ചന്ദ്രന്‍ കുറേ വര്‍ഷമായി നാട്ടിലാണ്. ബെംഗളൂരുവില്‍ സ്വകാര്യ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മകള്‍ ലിജ, ഒപ്പം ജോലിചെയ്യുന്ന തൃശ്ശൂര്‍ സ്വദേശിയുമായി പ്രണയത്തിലായി.

ഇരുവരുടെയും വിവാഹം അച്ഛനായ പ്രദീപ് ചന്ദ്രന്റെ ഇഷ്ടമില്ലാതെ നിശ്ചയിച്ചു. ഇതിനെ തുടര്‍ന്നാണ് ഭാര്യയെയും മക്കളെയും ഇയാള്‍ കത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.