പാറശ്ശാല: പൂവാര്‍ ആറ്റുപുറത്തെ കാരക്കാട്ട് റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ സംഘാടകര്‍ ഉള്‍പ്പെടെ 20 പേരെ എക്സൈസ് പിടികൂടി. റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ. അടക്കമുള്ള ലഹരി ഉത്പന്നങ്ങളും പിടിച്ചെടുത്തു. ലഹരി പാര്‍ട്ടിയുടെ മുഖ്യസംഘാടകരായ ആര്യനാട് സ്വദേശി അക്ഷയ് മോഹന്‍, കണ്ണാന്തുറ സ്വദേശി പീറ്റര്‍ഷാന്‍, കഴക്കൂട്ടം സ്വദേശി ആഷിര്‍ എന്നിവരുള്‍പ്പെടെയാണ് റിസോര്‍ട്ടില്‍നിന്നു പിടിയിലായത്.

ആറ്റുപുറം കാരക്കാട്ട് റിസോര്‍ട്ടില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ മിന്നല്‍പ്പരിശോധനയിലാണ് ലഹരി പാര്‍ട്ടി നടക്കുന്നത് മനസ്സിലാക്കിയത്. ബോട്ടില്‍ മാത്രം എത്താന്‍ സാധിക്കുന്ന പൂവാര്‍ ഐലന്‍ഡിലാണ് റിസോര്‍ട്ട്.

ശനിയാഴ്ചയും ഞായറാഴ്ചയും പൂവാറിലെ ഒരു റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടക്കുന്നതായുള്ള രഹസ്യവിവരത്തെത്തുടര്‍ന്നാണ് എക്‌സൈസ് പരിശോധന നടത്തിയത്. പരിശോധനയില്‍ എം.ഡി.എം.എ. ക്രിസ്റ്റല്‍, എം.ഡി.എം.എ. പില്‍സ്, ഹാഷിഷ് ഓയില്‍, എല്‍.എസ്.ഡി. സ്റ്റാമ്പ്, കഞ്ചാവ്, മദ്യം എന്നിവ കണ്ടെടുത്തിട്ടുണ്ട്.

'നിര്‍വാണ മ്യൂസിക് ഫെസ്റ്റിവല്‍' എന്ന പേരിലാണ് പാര്‍ട്ടി നടത്തിയത്. ഇതിനായി പ്രത്യേക പാസുകളും ഏര്‍പ്പെടുത്തിയിരുന്നു. പ്രവേശനത്തിനു മാത്രം 1000, 1500, 2000 എന്നിങ്ങനെയായിരുന്നു തുക ഈടാക്കിയത്. ശനിയാഴ്ച നടന്ന പാര്‍ട്ടിയില്‍ നൂറോളംപേര്‍ പങ്കെടുത്തിരുന്നു.

ഇവരെ പ്രത്യേകം ബോട്ടുകളിലാണ് റിസോര്‍ട്ടില്‍ എത്തിച്ചത്. അക്ഷയ്മോഹന്റെ നേതൃത്വത്തില്‍ വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് ലഹരി പാര്‍ട്ടിയിലേയ്ക്ക് ആളുകളെ ക്ഷണിച്ചത്. റിസോര്‍ട്ട് രണ്ടു ദിവസത്തേക്ക് പൂര്‍ണമായും വാടകയ്‌ക്കെടുത്താണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പിടിയിലായവരില്‍ പലരും ലഹരിയിലായിരുന്നതിനാല്‍, ഇവരെ ചോദ്യംചെയ്ത് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

ലഹരി എത്തിച്ചതിന്റെയും മറ്റും വിവരങ്ങള്‍ക്കായി റിസോര്‍ട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ എക്‌സൈസ് പരിശോധിക്കുകയാണ്.

എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് തലവന്‍ ടി.അനില്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ കൃഷ്ണകുമാര്‍, മുകേഷ്‌കുമാര്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

എക്‌സൈസ് സംഘം എത്തിയത് ടൂറിസ്റ്റുകളായി

പാറശ്ശാല: പൂവാര്‍ പ്രദേശത്തുള്ള ഒരു റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടക്കുന്നു എന്ന വിവരം മാത്രമാണ് എക്‌സൈസ് സംഘത്തിനുണ്ടായിരുന്നത്. വാഹനത്തില്‍ പൂവാര്‍ പൊഴിക്കരയിലെത്തിയപ്പോഴാണ് റിസോര്‍ട്ടുകള്‍ സ്ഥിതിചെയ്യുന്നത് പൊഴിമുഖത്താണെന്നും ബോട്ടില്‍ മാത്രമേ അവിടെ എത്താന്‍ സാധിക്കുകയുള്ളൂവെന്നും മനസ്സിലാക്കിയത്.

തുടര്‍ന്ന് ടൂറിസ്റ്റുകളായി നടിച്ച് ബോട്ടിങ് നടത്താന്‍ എക്‌സൈസ് സംഘം തീരുമാനിച്ചു. വനിതാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ടൂറിസ്റ്റുകളുടെ വേഷത്തില്‍ ബോട്ടില്‍ കയറുകയും പാര്‍ട്ടി നടത്താന്‍ സാധിക്കുന്ന റിസോര്‍ട്ടുകളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

ശനിയാഴ്ച രാത്രിയില്‍ കാരക്കാട്ടില്‍ നിശാപാര്‍ട്ടി നടന്നതായി വിവരം ലഭിച്ചത് ബോട്ടിലെ തൊഴിലാളികളില്‍നിന്നാണ്. തുടര്‍ന്ന് റിസോര്‍ട്ടില്‍ താമസിക്കുവാനെന്ന വ്യാജേന എക്‌സൈസ് സംഘം ആറ്റുപുറത്തെ റിസോര്‍ട്ടില്‍ എത്തി. എന്നാല്‍ രണ്ടുദിവസത്തേക്ക് തങ്ങള്‍ റിസോര്‍ട്ട് പൂര്‍ണമായും വാടകയ്ക്ക് എടുത്തിരിക്കുകയാണെന്ന് ഇവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു. പിന്നീട് കാണാനെന്ന വ്യാജേന സംഘം റിസോര്‍ട്ടില്‍ കടന്നു.

അകത്ത് കടന്നയുടന്‍ കോട്ടേജുകള്‍ പുറത്തുനിന്നു പൂട്ടി. തുടര്‍ന്ന് ഓരോ കോട്ടേജിലും പരിശോധന ആരംഭിച്ചപ്പോഴാണ് റിസോര്‍ട്ടില്‍ പരിശോധന നടക്കുന്ന വിവരം താമസക്കാര്‍ അറിഞ്ഞത്. അപ്പോള്‍ പലരും ലഹരിയിലായിരുന്നു.

റിസോര്‍ട്ടിലുള്ളവര്‍ രക്ഷപ്പെടുവാനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കിയാണ് പരിശോധന നടത്തിയത്. ശനിയാഴ്ച രാത്രി ലഹരി പാര്‍ട്ടി നടന്നതായും പിറ്റേന്ന് രാത്രിയും പാര്‍ട്ടി സംഘടിപ്പിച്ചിട്ടുണ്ടെന്നുമുള്ള വിവരത്തെ തുടര്‍ന്നാണ് ഞായറാഴ്ച പരിശോധനയ്‌ക്കെത്തിയത്. സംഘാടകരുടെ ആവശ്യപ്രകാരം ഭക്ഷണം പാചകം ചെയ്യുന്നതിനും മറ്റ് ജോലികള്‍ക്കുമായി എത്തിയ തൊഴിലാളികളും എക്സൈസ് പിടികൂടിയ സംഘത്തിലുണ്ട്.

പിടിയിലായത് സ്ഥിരം ലഹരി പാര്‍ട്ടി നടത്തുന്നവര്‍

പാറശ്ശാല: ലഹരി പാര്‍ട്ടി സംഘടിപ്പിച്ച സംഭവത്തില്‍ എക്‌സൈസ് പിടിയിലായത് സംസ്ഥാനത്ത് സ്ഥിരമായി ലഹരി പാര്‍ട്ടി സംഘടിപ്പിക്കുന്നവരെന്ന് സൂചന. സംഗീതനിശയെന്ന പേരില്‍ പാസ് ഏര്‍പ്പെടുത്തി ആള്‍ക്കാരെ സംഘടിപ്പിച്ചത് വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ്.

എക്‌സൈസ് പിടികൂടിയ ആര്യനാട് സ്വദേശി അക്ഷയ മോഹന്‍, കണ്ണാന്തുറ സ്വദേശി പീറ്റര്‍ഷാന്‍, കഴക്കൂട്ടം സ്വദേശി ആഷിര്‍ഖാന്‍ എന്നിവര്‍ മുമ്പും ഇത്തരം പാര്‍ട്ടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് എക്‌സൈസ് പറയുന്നത്.

ആര്യനാട് സ്വദേശി അക്ഷയ മോഹന്‍ എം.ഡി.എം.എ. കൈവശം വച്ചതിനു മുമ്പ് പിടിയിലായിട്ടുണ്ട്.

ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി ആറ്റുപുറത്ത് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചിട്ടുള്ളതായി വിവരം ലഭിച്ചത്.

ആയിരം രൂപയ്ക്ക് സില്‍വര്‍ പാസും 1500 രൂപയ്ക്ക് ഗോള്‍ഡും രണ്ടായിരം രൂപയ്ക്ക് വി.ഐ.പി. പാക്കേജുമാണ് ഇവര്‍ സംഘടിപ്പിച്ചിരുന്നത്. സില്‍വര്‍ പാസില്‍ ബിയറും ഗോള്‍ഡ് പാസില്‍ ബിയറും മദ്യവും വി.ഐ.പി. പാസില്‍ എത്തുന്നവര്‍ക്ക് മദ്യവും ഭക്ഷണവുമാണ് സംഘാടകര്‍ ഓഫര്‍ ചെയ്യുന്നത്. ഇതിനുപുറമേ ലഹരി പാര്‍ട്ടിയില്‍ വിതരണം ചെയ്യുന്ന മയക്കുമരുന്നുകള്‍ക്ക് പ്രത്യേകം പണം നല്‍കണം. ആറായിരം രൂപ മുതല്‍ ഈടാക്കിയാണ് ലഹരിമരുന്നുകള്‍ പാര്‍ട്ടിയില്‍ വിതരണം ചെയ്തത്.