തിരുവനന്തപുരം: യുവത്വത്തിന്റെ പങ്കാളിത്തവും ആവിഷ്‌കാരത്തിലെ പുത്തന്‍പ്രവണതകളുംകൊണ്ടു ശ്രദ്ധേയമായ പത്താമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്തു സമാപനം. കൈരളി തിയേറ്ററില്‍ സമാപനച്ചടങ്ങും പുരസ്‌കാരവിതരണവും മന്ത്രി ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.

ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ അവിജിത്ത് മുകുള്‍ കിഷോര്‍, റോഷന്‍ ശിവകുമാര്‍ എന്നിവര്‍ സംവിധാനംചെയ്ത 'നൊസ്റ്റാള്‍ജിയ ഫോര്‍ ദി ഫ്യൂച്ചര്‍', തുഷാര്‍ മാധവ്, സര്‍വനിക് കൗര്‍ എന്നിവര്‍ സംവിധാനംചെയ്ത 'സോസ്-എ ബല്ലാഡ് ഓഫ് മെലഡീസ്' എന്നിവയും അവാര്‍ഡിന് അര്‍ഹമായി. പ്രശസ്തിപത്രവും ഒരുലക്ഷം രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം. ഉമാ തനകു, അനുപമാ ചന്ദ്ര എന്നിവര്‍ സംവിധാനംചെയ്ത 'ദി ബുക്‌സ് വി മെയ്ഡ്', സുരുചി ശര്‍മ സംവിധാനംചെയ്ത 'ഓഫ് ലൗ ആന്‍ഡ് ആര്‍ട്ടിസ്ട്രി' എന്നിവ ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹമായി.

ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ മുകുള്‍ ഹലോയ് സംവിധാനംചെയ്ത 'ഡെയ്‌സ് ഓഫ് ഓട്ടം' തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്തിപത്രവും 50,000 രൂപയുമാണ് സമ്മാനം. അമര്‍ കൗശിക് സംവിധാനംചെയ്ത 'ഗ്രാന്റ് ഫാദര്‍' എന്ന ചിത്രം പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹമായി. പ്രശസ്തിപത്രവും 25,000 രൂപയുമാണു ലഭിക്കുക.

മികച്ച അനിമേഷന്‍ ചിത്രമായി അഭിഷേക് വര്‍മ സംവിധാനംചെയ്ത 'ഫിഷ് കറി' തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്തിപത്രവും 25,000 രൂപയുമാണ് സമ്മാനം. സംഗീത് ഉണ്ണി സംവിധാനംചെയ്ത 'റൂംസ്' ആണ് മികച്ച കാമ്പസ്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്തിപത്രവും 20,000 രൂപയുമാണ് സമ്മാനം.

നവറോസ് കോണ്‍ട്രാക്ടര്‍ ഏര്‍പ്പെടുത്തിയ മികച്ച ഡോക്യുമെന്ററി ഛായാഗ്രാഹകനുള്ള അവാര്‍ഡ് 'ഇന്‍ പ്രൈസ് ഓഫ് ദാറ്റ് ഏഞ്ചല്‍ ഫെയ്‌സ്' എന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ച രഞ്ജന്‍ പാലിത്ത് അര്‍ഹനായി. പ്രശസ്തിപത്രവും 15,000 രൂപയുമാണ് സമ്മാനം. മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ ജൂറി അവാര്‍ഡുകളൊന്നും നല്‍കിയില്ല.

സംവിധായകയും നിര്‍മാതാവുമായ റിതു സരിന്‍, മലയാളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, പ്രോഗ്രാമറും ഫെസ്റ്റിവെല്‍ കോ-ഓര്‍ഡിനേറ്ററുമായ കാര്‍ലോ ലോസ്ച് എന്നിവര്‍ കഥാവിഭാഗം ജൂറിയും ഓസ്‌ട്രേലിയന്‍ സംവിധായകനായ ആന്‍ഡ്രൂ വയ്ല്‍, ഡോക്യുമെന്ററി സംവിധായികയായ റെജുല ഷാ, മലയാളി സംവിധായകന്‍ വിപിന്‍ വിജയ് എന്നിവര്‍ ഡോക്യുമെന്ററി വിഭാഗം ജൂറി അംഗങ്ങളുമായിരുന്നു.

മേളയില്‍ വിവിധ വിഭാഗങ്ങളിലായി 210 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. മത്സരവിഭാഗത്തില്‍ 77 ചിത്രങ്ങളുണ്ടായിരുന്നു. ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ്, മാസ്‌ട്രോ, ട്രിബ്യൂട്ട്, വിയന്ന ഷോര്‍ട്ട്‌സ്, അനിമേഷന്‍ ഫിലിംസ് ഫ്രം ലാറ്റിന്‍ അമേരിക്ക, പ്രവാസിമലയാളികളുടെ ജീവിതം പകര്‍ത്തിയ മൈഗ്രന്റ് ബോഡീസ്, നേറ്റീവ് ഹാര്‍ട്ട്‌സ്, സൗണ്ട് ഫയല്‍സ് എന്നീ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു.