തിരുവനന്തപുരം: പാതയോരത്ത് കാർ നിർത്തി മരുന്നുവാങ്ങാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം. കൊല്ലം നോർത്ത് വിളയിൽ വീട്ടിൽ ഡെന്നീസ് ഡാനിയൽ(45), ഭാര്യ നിർമല ഡെന്നീസ്(33) എന്നിവരാണ് ബുധനാഴ്ച രാത്രി എട്ടരയോടെ പഴവങ്ങാടിയിലുണ്ടായ അപകടത്തിൽ മരിച്ചത്.

കോട്ടയ്ക്കകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഇവർ വീട്ടിലേക്കു മടങ്ങും വഴി മേലെ പഴവങ്ങാടിയിൽ കാർ നിർത്തി റോഡിനു കുറുകേ കടക്കുമ്പോഴായിരുന്നു അപകടം. പാഞ്ഞെത്തിയ രണ്ട് ബൈക്കുകളിൽ ഒരെണ്ണം രണ്ടുപേരെയും ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. അപകടം കണ്ടുനിന്നവർ ഉടൻതന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഡെന്നീസ് അർധരാത്രിയോടെ മരിച്ചു. ബുധനാഴ്ച പുലർച്ചെയോടെ നിർമലയും മരിച്ചു. 

അപകടം നടന്ന സ്ഥലത്ത് മറിഞ്ഞുകിടന്ന ഒരു ബൈക്ക് ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ബൈക്ക് മറിഞ്ഞുവീഴുന്നതായുള്ള സി.സി.ടി.വി. ദൃശ്യം പോലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ, ദമ്പതിമാരെ ഇടിക്കുന്നതിന്റെ ദൃശ്യം ലഭിച്ചിട്ടില്ല. ബൈക്കിലുണ്ടായിരുന്ന രണ്ടു യുവാക്കൾക്കും പരിക്കുണ്ട്. അപകടത്തിനിടയാക്കിയത്‌ ചീറിപ്പാഞ്ഞെത്തിയ മറ്റൊരു ബൈക്കാണെന്നാണ് ഇവരുടെ വിശദീകരണം. കസ്റ്റഡിയിലെടുത്ത ബൈക്കാണോ അപകടമുണ്ടാക്കിയതെന്നറിയാൻ പോലീസ് ഫൊറൻസിക് പരിശോധന നടത്തും. രണ്ടാമത്തെ ബൈക്കിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഡെനീല, ഡയാൻ എന്നിവരാണ് മരിച്ച ദമ്പതിമാരുടെ മക്കൾ.

സംസ്‌കാരം വെള്ളിയാഴ്ച നാലിന് നോർത്ത് മൈലക്കാട് സെന്റ് ജോസഫ് ദോവാലയ സെമിത്തേരിയിൽ.