ന്റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി ദേവാലയങ്ങളിൽ ഞായറാഴ്ച രാത്രി തിരുക്കർമ ശുശ്രൂഷകൾ നടന്നു. പള്ളികളിൽ പ്രത്യേക പ്രാർഥനാശുശ്രൂഷകളും പാതിരാക്കുർബാനകളും  ഉണ്ടായിരുന്നു.  പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ഞായറാഴ്ച രാത്രി എട്ടിന് ആരംഭിച്ച ക്രിസ്‌മസ് തിരുക്കർമങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭാ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു.  പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ രാത്രി 11.30-നാണ് ക്രിസ്‌മസ് തിരുക്കർമങ്ങൾ ആരംഭിച്ചത്.

തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം മുഖ്യകാർമികനായിരുന്നു. പാളയം സമാധാനരാജ്ഞി ബസിലിക്കയിൽ രാത്രി 9.30-ന് ക്രിസ്‌മസിന്റെ തിരുക്കർമങ്ങൾ ആരംഭിച്ചു. ബസിലിക്ക റെക്ടർ ഫാ. ജോസ് ചരുവിൽ മുഖ്യകാർമികനായി. സ്പെൻസർ ജങ്‌ഷനിലുള്ള സെന്റ് ജോർജ് ഓർത്തഡോക്‌സ് സിറിയൻ കത്തീഡ്രലിൽ പുലർച്ചെ രണ്ടിന് രാത്രി നമസ്കാരത്തോടെ ക്രിസ്‌മസ് ശുശ്രൂഷകൾ ആരംഭിച്ചു. തോമസ് ടി.വർഗീസ് കോർ എപ്പിസ്കോപ്പ മുഖ്യകാർമികനായിരുന്നു. 

പി.എം.ജി. ലൂർദ് ഫൊറോന പള്ളിയിൽ കരോൾ ഗാനശുശ്രൂഷയോടെയാണ് രാത്രി 11.15-ന് ക്രിസ്‌മസ് തിരുക്കർമങ്ങൾ ആരംഭിച്ചത്. തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യകാർമികത്വം വഹിച്ചു.  പോങ്ങുംമൂട് വിശുദ്ധ അൽഫോൻസാ പള്ളിയിലെ ക്രിസ്‌മസിന്റെ തിരുക്കർമങ്ങൾ രാത്രി പത്തിന് ആരംഭിച്ചു. ഫാ. ടുബിൻ സി.എം.എഫ്. മുഖ്യകാർമികത്വം വഹിച്ചു. പേരൂർക്കട ലൂർദ് ഹിൽ ദേവാലയത്തിൽ 11.15-ന് ജപമാലയോടെ ആരംഭിച്ച ക്രിസ്‌മസ് തിരുക്കർമങ്ങൾക്ക് ഇടവക വികാരി ഫാ. റോണി മാളിയേക്കൽ മുഖ്യകാർമികനായിരുന്നു.

കിള്ളിപ്പാലം സെന്റ് ജൂഡ് ദേവാലയത്തിലെ ക്രിസ്‌മസിനോടനുബന്ധിച്ചുള്ള തിരുക്കർമങ്ങൾ രാത്രി 11.30-ന് ആരംഭിച്ചു. ഫാ. ജേക്കബ്  സ്റ്റെല്ലസ് മുഖ്യകാർമികനായിരുന്നു.