കഴക്കൂട്ടം : ഏഴാംക്ലാസുകാരൻ മുതൽ എൺപത് വയസ്സുള്ള മുൻ അധ്യാപിക വരെ.... കുടിയൊഴിപ്പിക്കപ്പെട്ട മീൻപിടിത്തക്കാരുടെ ഗ്രാമത്തിലെ ഗ്രന്ഥശാലയ്ക്ക് കൈത്താങ്ങുമായെത്തിയത് നിരവധി പേരാണ്. മന്ത്രിയും, മേയറും, കലാകാരന്മാരും, പാളയം ചന്തയിലെ കച്ചവടക്കാരും വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

വി.എസ്.എസ്.സി.ക്കായി സ്ഥലം ഏറ്റെടുത്തപ്പോൾ കുടിയൊഴിപ്പിക്കപ്പട്ട മീൻപിടിത്തക്കാരാണ് പള്ളിത്തുറയിലുള്ളത്. 
ഇതുവരെ വികസനം ഉണ്ടാകാത്ത ഈ സ്ഥലത്തെ പുതിയ തലമുറയിലെ കുട്ടികൾക്കായാണ് ഗ്രാമത്തിലെ ആദ്യ ഗ്രന്ഥശാലയുണ്ടാക്കുന്നത്. ഇവർക്ക് പുസ്തകങ്ങളും മറ്റ് ഉപകരണങ്ങളും ശേഖരിക്കാനുള്ള ശ്രമമാണ് ഞായറാഴ്ച മ്യൂസിയം റേഡിയോ പാർക്കിൽ നടന്നത്. ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെയും പള്ളിത്തുറയിലെ ജനചേതന കലാകായിക വേദിയുടെയും നേതൃത്വത്തിലാണ് പുസ്തകശേഖരണം നടന്നത്.

അഞ്ഞൂറോളം പുസ്തകങ്ങൾ ലഭിച്ചു. കൂടാതെ അഞ്ഞൂറിലേറെ പുസ്തകങ്ങൾ നൽകാമെന്ന വാഗ്ദാനവും ഉണ്ടായി. കൂടാതെ ഗ്രന്ഥശാലയുടെ അടിസ്ഥാന സൗകര്യം ഒരുക്കാനായി പണം നൽകിയവരും ഉപകരണങ്ങൾ സ്ഥലത്തെത്തിക്കാമെന്ന് ഉറപ്പുനൽകിയവരും ഉണ്ട്. ഗ്രന്ഥശാല നിർമാണത്തിന് സഹായംതേടുന്ന വാർത്ത മാതൃഭൂമിയും നൽകിയിരുന്നു. ക്രൈസ്റ്റ് നഗർ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയായ ജോൺ ബോബി വിദ്യാർഥികൾക്ക് പഠനസഹായമാകുന്ന ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങളാണ് നൽകിയത്. എൺപത് പിന്നിട്ട മുൻ അധ്യാപിക ശാന്ത സദാശിവൻ തന്റെ പുസ്തകങ്ങൾ നൽകാൻ തയ്യാറായി. ഇവ ഗ്രന്ഥശാലാ അധികൃതർ വീട്ടിലെത്തി ശേഖരിക്കും. പാളയം ചന്തയിലെ കച്ചവടക്കാരനായ ഇബ്രാഹിംകുട്ടിയും തന്നാൽ കഴിയുന്ന പുസ്തകങ്ങൾ വാങ്ങി നൽകി.

മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ആദ്യ പുസ്തകം നൽകിയത്. മാന്ത്രികൻ ഗോപിനാഥ് മുതുകാട്, മേയർ വി.കെ.പ്രശാന്ത്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ എന്നിവരെല്ലാം ഗ്രന്ഥശാലയ്ക്കായി പുസ്തകങ്ങൾ നൽകി. സ്പീക്കർ ശ്രീരാമകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, എ.സമ്പത്ത് എം.പി., മുൻ എം.എൽ.എ. ജോർജ് മേഴ്‌സിയർ എന്നിവരെല്ലാം ഗ്രന്ഥശാലയ്ക്കായി പുസ്തകങ്ങൾ നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ടെക്‌നോപാർക്ക് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയും ഇവർക്ക് വേണ്ട സാങ്കേതിക സംവിധാനങ്ങൾ ഒരുക്കാനായി മുന്നിട്ടെത്തിയിട്ടുണ്ട്. ഡൽഹി ജെ.എൻ.യു. വിദ്യാർഥി ഇവർക്ക് അഞ്ച് വർഷത്തേക്കുവേണ്ട ഇംഗ്ലീഷിലെ റഫറൻസ് ആനുകാലികങ്ങൾ എത്തിക്കാനുള്ള നടപടികളും സ്വീകരിച്ചു. 

പുസ്തകങ്ങൾ നൽകി സഹായിക്കാൻ സൻമനസ്സുള്ളവർക്ക് ജനചേതന കലാ-കായിക സമിതി പ്രസിഡന്റ് പീറ്ററിനെയും സെക്രട്ടറി റോബർട്ടിനെയും ബന്ധപ്പെടാം. ഫോൺ: 8129979811.