ആറ്റിങ്ങല്‍: മദ്യലഹരിയില്‍ സ്വകാര്യ ബസോടിച്ച് റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മുടപുരം എസ്.വി.ഭവനില്‍ ശ്യാം(32) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ വെഞ്ഞാറമൂട്-ആറ്റിങ്ങല്‍ റോഡിലാണ് സംഭവം.

വെഞ്ഞാറമൂട്-ആറ്റിങ്ങല്‍ റൂട്ടിലോടുന്ന കാര്‍ത്തിക എന്ന സ്വകാര്യബസില്‍ വ്യാഴാഴ്ച കണ്ടക്ടറായി ജോലിചെയ്തിരുന്നയാളാണ് ശ്യാമെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ബസ് ഓടിക്കാറുമുണ്ട്.

വെഞ്ഞാറമൂട്ടില്‍ ബസ് നിര്‍ത്തിയിട്ട് ഡ്രൈവര്‍ പുറത്തിറങ്ങിയപ്പോഴാണ് ശ്യാം ഡ്രൈവിങ് സീറ്റിലെത്തി ബസ് മുന്നോട്ടെടുത്തത്. ഈ സമയം സ്ത്രീകളുള്‍പ്പെടെ 20 യാത്രക്കാരുണ്ടായിരുന്നു. നിര്‍ത്താതെ ബസ് പായാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ ബഹളം കൂട്ടി. എതിരേ വന്ന മൂന്ന് കാറിലും ഒരു സ്വകാര്യബസിലും ബസ് ഇടിച്ചതോടെ ബസിനുള്ളില്‍ കൂട്ടനിലവിളിയായി. വിവരമറിഞ്ഞ് ആറ്റിങ്ങല്‍ പോലീസെത്തി തടയാന്‍ ശ്രമിച്ചെങ്കിലും ബസ് നിര്‍ത്തിയില്ല. പാഞ്ഞുവന്ന ബസിനു മുന്നില്‍നിന്ന് പോലീസ് ജീപ്പും എസ്.ഐ.യും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ കയറ്റി ബസ് നിര്‍ത്തിയിട്ടശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പിന്തുടര്‍ന്നെത്തിയ പോലീസ് ശ്യാമിനെ പിടികൂടുകയായിരുന്നു.