പേയാട്: രണ്ടാം ഭര്‍ത്താവ് ആസിഡ് ഒഴിച്ച് യുവതിക്കു പൊള്ളലേറ്റു. ശാസ്തമംഗലം മരുതംകുഴി മൂലത്തോട്ടം ഞാറമൂട് ആറ്റുവരമ്പ് വീട്ടില്‍ എസ്.ലക്ഷ്മി (32) ക്കാണ് ആസിഡ് വീണ് തലയിലും കൈകാലുകളിലും വയറ്റിലും പൊള്ളലേറ്റത്. 

ഇവരുടെ രണ്ടാം ഭര്‍ത്താവ് പുളിയറക്കോണം ചൊവ്വള്ളൂര്‍ സ്വദേശി ബിജുവാണ് അക്രമം നടത്തിയത്. ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചശേഷം നാലു വര്‍ഷമായി ലക്ഷ്മിയും രണ്ട് മക്കളും ബിജുവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. കുറച്ചു നാളായി ഇവര്‍ തമ്മില്‍ പിണങ്ങി ലക്ഷ്മിയും മക്കളും അവരുടെ മരുതംകുഴിയിലെ വീട്ടിലായിരുന്നു. ബുധനാഴ്ച രാവിലെ ലക്ഷ്മിയുടെ ആഭരണങ്ങളും വീട്ടു സാധനങ്ങളും എടുത്തുകൊണ്ടു പോകാന്‍ ബിജു അവരെ ചൊവ്വള്ളൂരിലേക്കു വിളിച്ചു വരുത്തി.

മക്കള്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ എത്തിയ ലക്ഷ്മിയെ തനിച്ച് മുറിക്കുള്ളിലാക്കി ആദ്യം മര്‍ദ്ദിക്കുകയും പിന്നീട് റബ്ബര്‍ ഷീറ്റ് തയ്യാറാക്കാന്‍ സൂക്ഷിച്ചിരുന്ന ആസിഡ് ദേഹത്ത് ഒഴിക്കുകയുമായിരുന്നു എന്ന് ലക്ഷ്മി പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

പൊള്ളലേറ്റ ഇവര്‍ മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ബിജുവിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് വിളപ്പില്‍ശാല എസ്.എച്ച്.ഒ. അനീഷ് കരീം പറഞ്ഞു.