സാന്‍ഫ്രാന്‍സിസ്‌കോ: യാഹുവിന്റെ നെറ്റ്വർക്കില്‍നിന്ന് വന്‍ തോതില്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി റിപ്പോര്‍ട്ട്. 2014ല്‍ 50 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി യാഹു വെളിപ്പെടുത്തി.

ഉപയോക്താക്കളുടെ പേരുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ടെലഫോണ്‍ നമ്പറുകള്‍, ജനനത്തീയതികള്‍, പാസ്സ്വേഡുകള്‍ എന്നിവ ചോര്‍ത്തപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ക്രഡിറ്റ്കാര്‍ഡ്-ബാക്ക് അക്കൗണ്ട് വിവരങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. 

നെറ്റ്വര്‍ക്കില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ഇതു സംബന്ധിച്ച നിയമപരമായ വശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും കമ്പനി അറിയിച്ചു.

ലോകത്തെ മുന്‍നിര ഇന്റര്‍നെറ്റ് കമ്പനികളിലൊന്നായിരുന്ന യാഹൂ തങ്ങളുടെ ഇന്റര്‍നെറ്റ് അടക്കമുള്ള പ്രധാന സേവനങ്ങള്‍ വെരിസോണ്‍ കമ്മ്യൂണിക്കേഷന്‍സിന് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. യാഹുവിന്റെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ 500 കോടി ഡോളറിന് വാങ്ങുന്നതായി കഴിഞ്ഞ ജൂലായില്‍ വെരിസോണ്‍ കമ്യൂണിക്കേഷന്‍സിന് വ്യക്തമാക്കിയിരുന്നു. 

വന്‍തോതില്‍ വിവരങ്ങള്‍ ചോര്‍ന്നതായി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന വിവരം ഈ ഇടപാടിനെ എങ്ങനെയാണ് ബാധിക്കുക എന്നത് വ്യക്തമല്ല. വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട സംഭവം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടതായി വെരിസോണ്‍ വക്താവ് പറഞ്ഞു.