യാഹൂ... ഇന്റര്‍നെറ്റ് യുഗത്തിലെ തലമുറയ്ക്ക് പരിചിതമായ പേര്. ചരിത്രത്തില്‍ ഗൂഗിളിനൊപ്പം തന്നെ സുപ്രധാന സ്ഥാനമുള്ള ഇന്റര്‍നെറ്റ് ഭീമന്‍. എന്നാല്‍ ഇന്ന് യാഹുവിന്റെ സ്ഥിതി പരുങ്ങലിലാണ്. മുന്നോട്ടുവെച്ച മുന്നോട്ട് വെച്ച ഒരോ ചുവടും വലിയ നഷ്ടങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.

വലിയൊരു തകര്‍ച്ച ഒഴിവാക്കാനായിരിക്കണം യാഹുവിനെ ഇന്ന് വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ്! 

യാഹുവിന്റെ ഭാവിയെന്താവുമെന്ന് സാങ്കേതിക ലോകം ഉറ്റു നോക്കുന്ന ഒരു വിഷയമാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് യാഹു വില്‍ക്കുകയാണെന്ന പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കമ്പനി നേരിടുന്ന സാമ്പത്തിക നഷ്ടമാണ് യാഹുവിനെ ഇങ്ങനെ ഒരു അവസ്ഥയിലെത്തിച്ചത്.

മുന്നേറ്റങ്ങളുടേയും ഒടുവില്‍ വന്‍ വീഴ്ച്ചയുടേയും ദീര്‍ഘമായൊരു ചരിത്രം യാഹുവിനുണ്ട്.

ഇരുപത്തൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജെറിയാങ്, ഡേവിഡ് ഫിലോ എന്നിവര്‍ ചേര്‍ന്നാണ് യാഹൂവിന് തുടക്കംകുറിക്കുന്നത്. അതായത് ഇന്ന് ഇന്റര്‍നെറ്റ് ലോകം അടക്കിവാഴുന്ന ഗൂഗിള്‍ സ്ഥാപിതമാവുന്നതിനും മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഒരു ഇന്റര്‍നെറ്റ് ഡയറക്ടറി എന്ന നിലയില്‍ ആരംഭിച്ച യാഹൂ പിന്നീട് വിവരാന്വേഷകരായ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പ്രധാന ദിശാമാര്‍ഗ്ഗിയായി മാറി. യാഹുവിന് പകരം വെക്കാന്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല. പലപ്പോഴും തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ യാഹുവിന് സാധിക്കുകയും ചെയ്തു. 

jerry yang and David Filoഅക്കാലത്തെ മുന്‍ നിര സെര്‍ച്ച് എഞ്ചിനുകളില്‍ ഒന്നായ അള്‍ട്ടാ വിസ്റ്റ ഏറ്റെടുത്ത യാഹൂ, പിന്നീട് തങ്ങളുടെ സേവനങ്ങള്‍ വാര്‍ത്ത, ഇമെയില്‍, ചിത്ര ശേഖരണം, ഗ്രൂപ്പ്‌സ്, ചാറ്റ്, ക്ലാസിഫൈഡ് പരസ്യങ്ങള്‍ എന്നിങ്ങനെ പലവിധങ്ങളായി വ്യാപിപ്പിച്ചു.

മിടുക്കരായ തലവന്‍മാരുടെ അഭാവമാണ് യാഹുവിന് ശാപമായത്. കഴിവുറ്റവരും ദീര്‍ഘദര്‍ശികളുമായ ആരും തന്നെ യാഹുവിന്റെ നേതൃത്വത്തിലുണ്ടായിരുന്നില്ലെന്നതാണ് ചരിത്രസാക്ഷ്യം. ഒരുപക്ഷെ ഈ സംഘാടന പിശകുകളായിരിക്കാം യാഹുവിന് തിരിച്ചടിയായിട്ടുണ്ടാവുക.

2001ല്‍ ഹോളിവുഡ് താരം ടെറി സെമെല്‍ യാഹുവിന്റെ സി.ഇ.ഒ ആയി ചുമതലയേറ്റതോടെയാണ് യാഹു പിന്നോട്ട് മറിയാന്‍ തുടങ്ങിയത്. ഇക്കാലത്ത് യാഹു നടത്തിയ ചില ഏറ്റെടുക്കലുകള്‍ കാര്യങ്ങള്‍ തകിടം മറിച്ചു. യാതൊരും ധാരണയുമില്ലാതെയായിരുന്നു സെമലിന്റെ പല തീരുമാനങ്ങളും. 

460 കോടി ഡോളര്‍ ചെലവിട്ട് ജിയോസിറ്റിസും 570 കോടി ഡോളര്‍ പിന്നിട്ട് ബ്രോഡ്കാസ്റ്റ് ഡോട്ട്‌കോം വാങ്ങിയും 100 കോടി ഡോളറോളം അനാവശ്യമായി ധൂര്‍ത്തടിച്ചും 2007 വരെയുള്ള ടെറി ടെമലിന്റെ കാലം യാഹുവിന്റെ അബദ്ധങ്ങളുടെ കാലഘട്ടമായി മാറി. ഇന്റര്‍നെറ്റിലെ പുതിയ സംഭവവികാസങ്ങളെ ഉള്‍പ്പെടുത്തി തുടങ്ങിയ യാഹു മാഗസിന്‍ സംരഭവും വന്ന വഴിയേ പോയി.

യാഹുവിന്റെ തലപ്പത്ത് രണ്ടാമതായി വന്ന ടെറി സെമലിനെ മാത്രം പഴിചാരുന്നത് ശരിയല്ല. സെമലിന് ശേഷം നിലവിലെ സി.ഇ.ഒ മരിസ്സ മേയര്‍ വരെ ആറ് പേരാണ് യാഹുവിന്റെ തലപ്പത്ത് വന്ന് പോയത്. സുപ്രധാന തീരുമാനങ്ങള്‍ തീരുമാനങ്ങള്‍ പലതും എടുത്തെങ്കിലും ഒന്നും ഫലവത്താക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. 

2012ല്‍ ചുമതലയേറ്റ മുന്‍ ഗൂഗിള്‍ എക്‌സിക്യൂട്ടീവായ നിലവിലെ യാഹു സി.ഇ.ഒ മെരിസ്സ മേയര്‍ക്കും യാഹുവിന് ഒരു തിരിച്ചുവരവ് നല്‍കാന്‍ സാധിച്ചില്ല. മാത്രവുമല്ല നഷ്ടങ്ങളുടെ ആഴം വര്‍ധിക്കുകയും ചെയ്തു. 

അതേസമയം ഇക്കാലങ്ങളില്‍ യാഹുവിന്റെ മുഖ്യ എതിരാളിയായ ഗൂഗിള്‍ വന്‍ മുന്നേറ്റമാണ് ഇന്റര്‍നെറ്റ്/ വിവര സാങ്കേതിക മേഖലയില്‍ നടത്തിയത് തുടര്‍ച്ചയായ ഫലപ്രദവും ദീര്‍ഘദര്‍ശിയുമായ ആശയങ്ങള്‍ ഗൂഗിള്‍ അവതരിപ്പിച്ചുകൊണ്ടിരുന്നു. ഫേസ്ബുക്ക് പോലുള്ള പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്റര്‍നെറ്റ് സാങ്കേതിക ലോകം അടക്കി വാണുതുടങ്ങി.

Marissa Mayerഅതേസമയം യാഹൂ സ്‌പോര്‍ട്‌സ്, ഫിനാന്‍സ്, ടെക്‌നോളജി വെബ്‌സൈറ്റുകള്‍ക്ക് വന്‍സ്വീകാര്യതയുണ്ട്. യാഹുമെയില്‍ പോലുള്ള സേവനങ്ങള്‍ക്ക് നിരവധി ഉപയോക്താക്കളുമുണ്ട്. പക്ഷെ ഇവരെല്ലാം ഒരു സത്യം മനസ്സിലാക്കേണ്ടതുണ്ട്. 

വര്‍ഷാ വര്‍ഷം തുടരുന്ന നഷ്ടക്കണക്കുകള്‍ യാഹുവിനെ അടച്ചുപൂട്ടലിന്റെ വഴിയെ നയിച്ചുകൊണ്ടിരിക്കുകയാണ്. പണ്ടൊരിക്കല്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ യാഹുവിനെ ഏറ്റെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അന്ന് യാഹു അതിന് നിന്നുകൊടുത്തില്ല. 

ഇന്ന് നിരവധി പ്രമുഖ കമ്പനികള്‍ യാഹുവിന് വേണ്ടി പണം മുടക്കാന്‍ തയ്യാറാണെങ്കിലും വില്‍പ്പനയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഒരു പക്ഷം വില്‍പ്പന നടന്നില്ലെങ്കില്‍ അത് ഒരു അന്ത്യമായിരിക്കും.