പ്യോങ്യാങ്(ഉത്തരകൊറിയ): ലോകത്തെ ഞെട്ടിച്ച റാന്‍സംവെയര്‍ ( Ransomware ) സൈബര്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം നിഷേധിച്ച് ഉത്തരകൊറിയ രംഗത്ത്. ആരോപണങ്ങളെ 'അസംബന്ധ'മെന്നാണ് ഉത്തരകൊറിയയുടെ യുഎന്‍ ഡെപ്യൂട്ടി അംബാസിഡര്‍ കിം ഇന്‍ റ്യോങ് വിശേഷിപ്പിച്ചത്.

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉത്തരകൊറിയയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ഇപ്പോള്‍ സാധാരണമായി മാറിയിരിക്കുകയാണ്. അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും ഗൂഢലക്ഷ്യങ്ങളാണ് ഇതിനു പിന്നില്‍ -ഇന്‍ റ്യോങ് കൂട്ടിച്ചേര്‍ത്തു.

150 രാജ്യങ്ങളിലായി മൂന്ന് ലക്ഷം കംപ്യൂട്ടറുകളാണ് വാനാക്രൈ ( WannaCry ) എന്ന റാന്‍സംവെയറിന്റെ ആക്രമണത്തിന് ഇരയായത്. കംപ്യൂട്ടര്‍ ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്തശേഷം ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ ( Bitcoin ) വഴി പണം നല്‍കാനാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്.

ഉത്തരകൊറിയ മുമ്പ് സൈബര്‍ ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ച കോഡുമായി വാനാക്രൈക്ക് സാമ്യമുണ്ടെന്നായിരുന്നു ഒരു വിഭാഗം സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ഉത്തരകൊറിയന്‍ ഹാക്കിങ് ഗ്രൂപ്പായ ലാസാറസ് ( Lazarus ) ആയിരുന്നു പ്രതിസ്ഥാനത്ത്.

Read | കംപ്യൂട്ടര്‍ വൈറസുകള്‍ മോചനദ്രവ്യം ആവശ്യപ്പെടുമ്പോള്‍