ആപ്പിളിന്റെ ഈ വര്‍ഷത്തെ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സ് കാലിഫോര്‍ണിയയിലെ സാന്‍ജോസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ കഴിഞ്ഞ ദിവസമാണ് തുടക്കം കുറിച്ചത്. ലോകം ഉറ്റുനോക്കുന്ന ഈ പരിപാടിയിലാണ് ആപ്പിളിന്റെ വരും വര്‍ഷത്തെ പുതിയ പദ്ധതികളും നൂതന ആശയങ്ങളും അവതരിപ്പിക്കപ്പെടാറുള്ളത്.
പുതിയ ഐഓഎസ് 12 ഫീച്ചറുകള്‍ക്കും മാക്ക് ഓഎസ് മൊഹാവെയ്ക്കുമൊപ്പം ഗൂഗിളിനും ഫെയ്‌സ്ബുക്കിനും തിരിച്ചടിയാവുന്ന പുതിയ പ്രൈവസി പ്രൊട്ടക്ഷന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍.
ഐഓഎസ് 12 ലും മാക് ഓഎസ് മൊഹാവെയിലുമുള്ള സഫാരി ബ്രൗസറില്‍ പുതിയ പ്രൈവസി പ്രൊട്ടക്ഷന്‍ ഫീച്ചറുകളുണ്ടാമുമെന്നാണ് ആപ്പിളിന്റെ പ്രഖ്യാപനം. അനാവശ്യ കുക്കീസിനെ തടയുന്നതിനൊപ്പം ഫെയ്‌സ്ബുക്കിന്റെ ലൈക്ക് ബട്ടന്‍ പോലുള്ള പ്ലഗ് ഇനുകളെ ബ്ലോക്ക് ചെയ്യുമെന്നും ആപ്പിളിന്റെ സോഫ്റ്റ് വെയര്‍ എഞ്ചീനീയറിങ് മേധാവി ക്രെയ്ഗ് ഫെഡരിഗി പ്രഖ്യാപിച്ചു. ലൈക്ക്, ഷെയര്‍ ബട്ടനുകളും കമന്റ് ബോക്‌സുമെല്ലാം ഉപയോക്താക്കളെ നിരീക്ഷിക്കാന്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഈ വര്‍ഷം തങ്ങള്‍ അതിന് അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എതെങ്കിലും വെബ്‌സൈറ്റുകള്‍ ലൈക്ക് ഷെയര്‍ പോലുള്ള സംവിധാനങ്ങള്‍ വഴി നിരീക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ സഫാരി ബ്രൗസര്‍ അത് തിരിച്ചറിഞ്ഞ് ബ്രൗസര്‍ വിന്‍ഡോയ്ക്ക് മുകളിലായി ഒരു നോട്ടിഫിക്കേഷന്‍ ബാറിലൂടെ ഉപയോക്താക്കളെ അറിയിക്കും. ഇതുവഴി ഉപയോക്താക്കളുടെ അനുവാദമില്ലാതെ അവരെ നിരീക്ഷിക്കാനും പിന്തുടരാനും വെബ്‌സൈറ്റുകള്‍ക്ക് സാധിക്കാതെ വരും. ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള സ്ഥാപനങ്ങളുടെ പരസ്യ വിതരണ സംവിധാനങ്ങളെ ബാധിക്കുന്ന മാറ്റങ്ങളാണിവ.
അതേസമയം ഈ സംവിധാനങ്ങള്‍ എത്രത്തോളം പ്രാവര്‍ത്തികമാവുമെന്ന് പറയാനാവില്ല. കാരണം മാക് ഐഓഎസ് ഉപകരണങ്ങളില്‍ പോലും ആപ്പിളിന്റെ തന്നെ സഫാരി ബ്രൗസറിന് വലിയ ജനപ്രീതിയില്ല. പകരം ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ് പോലുള്ള മറ്റ് ബ്രൗസര്‍ സേവനങ്ങളാണ് വലിയൊരു വിഭാഗം ആളുകളും പ്രയോജനപ്പെടുത്തുന്നത്.
എങ്കിലും മാതൃകാപരമായൊരു നടപടിയാണ് ആപ്പിള്‍ കൈകൊണ്ടിരിക്കുന്നത്. കാരണം ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് വേണ്ടി ആദ്യമായാണ് ഒരു ബ്രൗസര്‍ മറ്റാരും സ്വീകരിക്കാത്ത പുതിയ സംവിധാനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ ഈ മാതൃക പിന്തുടരാന്‍ സാധ്യതയില്ലെങ്കിലും മൈക്രോ സോഫ്റ്റ് എഡ്ജ്, മോസില്ല ഫയര്‍ഫോക്‌സ് എന്നിവയ്ക്ക് ഈ മാതൃക പിന്തുടരാവുന്നതാണ്.