ന്യൂഡല്‍ഹി: തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും നിലനില്‍ക്കെ ഇന്റര്‍നെറ്റ് സമത്വവുമായി ബന്ധപ്പട്ട് സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് എല്ലാ ഒഹരി ഉടമകളേയും ഉള്‍പ്പെടുത്തി ഡല്‍ഹി ഉള്‍പ്പടെ മൂന്ന് നഗരങ്ങളില്‍ ട്രായ് തുറന്ന ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. 

എല്ലാ ഓഹരി ഉടമകളും സംവാദത്തില്‍ ,സജീവമായി പങ്കെടുത്തുവെന്നും. ഇന്റര്‍നെറ്റ് സമത്വവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ട്രായിക്ക്് സാധിക്കുമെന്നാണ് കരുതുന്നതെന്നും അത് ഒരുമാസത്തിനുള്ളില്‍ തന്നെയുണ്ടാവുമെന്നും ചര്‍ച്ചകള്‍ അവസാനിപ്പിച്ചശേഷം ട്രായ് ചെയര്‍മാന്‍ ആര്‍എസ് ശര്‍മ്മ പറഞ്ഞു. 

ഇന്റര്‍നെറ്റ് സമത്വവുമായി ബന്ധപ്പെട്ട് നടന്ന സംവാദങ്ങളില്‍ സ്വാഭാവികമായും ടെലികോം സേവന ദാതാക്കളും ഉള്ളടക്ക ദാതാക്കളും ( Content providers ) രണ്ടുപക്ഷങ്ങളായിരുന്നു. ഉള്ളടക്ക ദാതാക്കളും ഇന്റര്‍നെറ്റ് സമത്വത്തിന് വേണ്ടി വാദിക്കുന്നവരും സേവന ദാതാക്കള്‍ അവരുടെ സേവനങ്ങളും ഇന്റര്‍നെറ്റ് വേഗതയും മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധിക്കണമെന്നും ട്രായിയുടെ തീരുമാനം എല്ലാവര്‍ക്കും തുല്യത ഉറപ്പുവരുത്തുന്നതാകണമെന്നും നിലപാടെടുത്തു. 

ഇന്റര്‍നെറ്റില്‍ ഇന്ന് സൗജന്യമായി നമ്മള്‍ക്ക് ലഭിക്കുന്ന  സേവനങ്ങള്‍ക്കുമേല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമമാണ് ടെലികോം കമ്പനികളില്‍ നിന്നുള്ളത്. 

ഇന്റര്‍നെറ്റ് സേവനം തങ്ങളുടെ താല്പര്യപ്രകാരമാവണമെന്നും ഇന്റര്‍നെറ്റ് സേവനങ്ങളെ പലതട്ടിലാക്കി പണമീടാക്കണമെന്നും തങ്ങള്‍ നിക്ഷേപം നടത്തിയ  നെറ്റ്‌വര്‍ക്കില്‍ നിന്നും ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ അനുവദിക്കണമെന്ന നിലപാടാണ് ടെലികോം കമ്പനികളുടേത്. 

ഫോണ്‍കോള്‍, എസ്എംഎസ് സേവനങ്ങള്‍ക്ക് കനത്ത ആഘാതം സൃഷ്ടിച്ച  വാട്‌സ്ആപ്പ്, സ്‌കൈപ്പ്, പോലുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കണമെങ്കില്‍ പ്രത്യേകം നിരക്ക് ഈടാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ന്നാല്‍ ടെലികോം കമ്പനികളുടെ ഈ നിലപാട് തികഞ്ഞ പിടിച്ചുപറിയാണെന്നാണ് മറുപക്ഷത്തിന്റെ വാദം. 
 
ട്രായ് നല്‍കുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സമീപഭാവിയില്‍ തന്നെ നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് കൃത്യമായ നിയമ നിര്‍മ്മാണം നിലവില്‍ വരാനാണ് സാധ്യത.