Google

കഴിഞ്ഞ സപ്തംബര്‍ 29 ന് ഒരു മിനിറ്റ് നേരം Google.com സ്വന്തമാക്കിയ ഇന്ത്യന്‍ വംശജന്, 10,000 ഡോളര്‍ ഗൂഗിള്‍ പ്രതിഫലം നല്‍കി. മുന്‍ ഗൂഗിള്‍ ജീവനക്കാരനായ സാന്‍മായ് വേദ് ആണ് 12 ഡോളര്‍ (780 രൂപ) നല്‍കി ഗൂഗിളിനെ സ്വന്തമാക്കി വാര്‍ത്ത സൃഷ്ടിച്ചത്.

അല്‍പ്പനേരം ഗൂഗിളിനെ സ്വന്തമാക്കിയെങ്കിലും വേദ് എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, സ്വന്തം ഡൊമെയ്ന്‍ നാമം വേറൊരാള്‍ക്ക് വിലയ്ക്ക് വാങ്ങാന്‍ പാകത്തിലൊരു തകരാര്‍ നിലനില്‍ക്കുന്നുവെന്ന് വേദിന്റെ പ്രവര്‍ത്തനത്തിലൂടെ ഗൂഗിളിന് മനസിലായി. 

പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്ന സ്‌കീമില്‍ പെടുത്തിയാണ് പതിനായിരത്തിലേറെ ഡോളര്‍ വേദിന് ഗൂഗിള്‍ നല്‍കിയതെന്ന്, 'ബിസിനസ് ഇന്‍സൈഡര്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. പണം വേദിന് പ്രശ്‌നമേയല്ല. ഗൂഗിള്‍ നല്‍കിയ തുക മുഴുവന്‍ ഇന്ത്യയിലെ 'ആര്‍ട്ട് ഓഫ് ലിവിങ്' സംഘടനയ്ക്ക് വേദ് സംഭാവനയായി നല്‍കി. 

Sanmay Ved
ഒരു മിനിറ്റ് നേരം Google.com സ്വന്തമാക്കിയ സാന്‍മായ് വേദ്. ചിത്രം കടപ്പാട്: Sanmay Ved / Business Insider

 

ഒരു മിനിറ്റെങ്കില്‍ ഒരു മിനിറ്റ്, താനെങ്ങനെ Google.com സ്വന്തമാക്കിയെന്ന വിവരം ലിങ്ക്ഡ്ഇന്‍ ( LinkedIn ) സോഷ്യല്‍ നെറ്റ്‌വര്‍ക്കിലാണ് വേദ് വെളിപ്പെടുത്തിയത്. ഗൂഗിളിനെ സ്വന്തമാക്കിയ വേദിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലുമായി.

ഗൂഗിള്‍ ഡൊമൈന്‍ നാമം സ്വന്തമാക്കാന്‍ താനൊരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് വേദ് പറയുന്നു. പക്ഷേ, 'സപ്തംബര്‍ 29 ചൊവ്വാഴ്ച ഈസ്റ്റേണ്‍ ടൈം രാത്രി 1.20 ന് വിചിത്രമായ ഒരു സംഗതി സംഭവിച്ചു', ലിങ്കഡ്ഇനിലെ പോസ്റ്റില്‍ വിവരിച്ചു. 

ഒരു സാങ്കേതിക പിഴവിന്റെ ഫലമായി, 'ഗൂഗിള്‍ ഡൊമൈനുകളില്‍' ( Google Domains ) ഗൂഗിളിന്റെ ഡൊമൈന്‍ നാമം 'ലഭ്യമാണ്' എന്ന് കണ്ടപ്പോഴാണ്, എങ്കില്‍ പിന്നെ കാശ് കൊടുത്ത് അതങ്ങ് വാങ്ങിയേക്കാമെന്ന് വേദ് കരുതിയത്. 12 ഡോളര്‍ ചെലവിട്ട് വില്‍പ്പന പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഒരു മിനിറ്റ് നേരം അങ്ങനെ വേദ് 'ഗൂഗിള്‍ മുതലാളി'യായി!

എന്നാല്‍, ആ ഡൊമൈന്‍ രജിസ്‌ട്രേഷന്‍ സര്‍വീസ് ഗൂഗിളിന്റെ സ്വന്തമായതിനാല്‍ അല്‍പ്പവും വൈകാതെ വേദിന് നടത്തിയ കച്ചവടം റദ്ദാക്കി ഗൂഗിള്‍ തടിയൂരി. 

ഒരു മിനിറ്റ് നേരം എങ്ങനെ ഗൂഗിള്‍ സ്വന്തമാക്കിയെന്ന കാര്യം മൂന്നുമണിക്കൂര്‍ ചെലവിട്ടെഴുതിയാണ് ലിങ്കഡ്ഇനില്‍ വേദ് പോസ്റ്റ് ചെയ്തത്. 

ഇത്തരം 'വികൃതികള്‍' മുമ്പും നടത്തിയിട്ടുള്ള വ്യക്തിയാണ് വേദ്. ഹൈദരാബാദില്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് 'ഇന്ത്യയിലെ ആദ്യ ഗെയിമിങ് സ്റ്റോര്‍' വേദ് തുടങ്ങി. 'ഒരു വരി കോഡ് പോലും സ്വന്തമായി എഴുതാന്‍ എനിക്ക് കഴിവില്ലായിരുന്നു. പക്ഷേ, എച്ച്ടിഎംഎല്‍ വെബ്ബ്‌സൈറ്റുകള്‍ സൃഷ്ടിക്കുക എളുപ്പമായിരുന്നു', വേദ് ഓര്‍ക്കുന്നു. കുറച്ചുനാള്‍ കഴിഞ്ഞ് ആ സംരംഭം ഉപേക്ഷിച്ചു.

ഹൈദരാബാദില്‍ ഭാരതീയ വിദ്യാഭവനില്‍നിന്ന് ബികോം പാസായ വേദ്, 2007-2012 കാലത്താണ് ഗൂഗിളില്‍ ജോലി നോക്കിയത്. 'ഗൂഗിളിന്റെ ഉത്പന്നങ്ങളോട് എനിക്കൊരുതരം അഭിനിവേശം തന്നെയുണ്ട്. ഗൂഗിള്‍ പ്രപഞ്ചത്തില്‍ കൂടുതല്‍ പര്യവേക്ഷണം നടത്താന്‍ ഞാനിഷ്ടപ്പെട്ടു'. അങ്ങനെയാണ് 'ഗൂഗിള്‍ ഡൊമൈനുകളും' വേദിന്റെ പരിശോധനാ വിഷയമായത്. (കടപ്പാട്: Business Insider ).