ജീമെയില്‍ ഉപയോഗിച്ചുള്ള ആശയവിനിമയത്തില്‍ രഹസ്യസ്വഭാവം വിലയിരുത്താനുള്ള ചില പൊടിക്കൈകള്‍ ജീമെയില്‍ അതിന്റെ ഔദ്യോഗികബ്ലോഗില്‍ അടുത്തയിടെ പങ്കുവച്ചു. 

വിവിധ സ്ഥാപനങ്ങള്‍ സഹകരിച്ച് നടത്തുന്ന സേഫര്‍ ഇന്റര്‍നെറ്റ് പ്രോഗ്രാമിന്റെ ഭാഗമായി ആചരിക്കുന്നതാണ് 'സേഫര്‍ ഇന്റര്‍നെറ്റ് ഡേ' അഥവാ 'സുരക്ഷിത ഇന്റര്‍നെറ്റ് ദിനം'. ഈ വര്‍ഷം ഫിബ്രവരി 9 നായിരുന്നു അത്. അന്നുതന്നെയാണ് ജീമെയിലിന്റെ ബ്ലോഗില്‍ സുരക്ഷാ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

രണ്ട് കാര്യങ്ങളാണ് പോസ്റ്റിലുള്ളത്:

നിങ്ങള്‍ക്ക് ലഭിച്ച ഒരു സന്ദേശം എന്‍ക്രിപ്റ്റഡ് ആയിരുന്നോ എന്നും നിങ്ങള്‍ അയയ്ക്കാന്‍ പോകുന്ന ഒസന്ദേശം എന്‍ക്രിപ്റ്റഡ് ആയിരിക്കുമോ എന്നും എങ്ങനെ മനസ്സിലാക്കാം.

നിങ്ങള്‍ക്ക് ലഭിച്ച സന്ദേശം അയച്ചത് ഒരു ആള്‍മാറാട്ടക്കാരനാണോ എന്ന് എങ്ങനെ കണ്ടെത്താം.

ഈമെയില്‍ സന്ദേശങ്ങള്‍ അവയുടെ സഞ്ചാരവേളയില്‍ മറ്റുള്ളവര്‍ (ഹാക്കര്‍മാര്‍) വായിക്കാനിടയുണ്ട്. ഇതു തടയാന്‍ ജീമെയില്‍ സന്ദേശങ്ങള്‍ ടി.എല്‍.എസ്. സങ്കേതമുപയോഗിച്ച് എന്‍ക്രിപ്റ്റ് ചെയ്താണ് അഥവാ കോഡുഭാഷയിലാക്കിയാണ് കൈമാറ്റം ചെയ്യുന്നത്. 

എന്നാല്‍ ഈമെയില്‍ അയയ്ക്കുന്നയാളും സ്വീകരിക്കുന്നയാളും ജീമെയിലോ ടി.എല്‍.സ്. പിന്തുണയുള്ള മറ്റേതെങ്കിലും ഈമെയില്‍ സേവനമോ ഉപയോഗിച്ചാലേ ഇത് ഫലവത്താവുകയുള്ളൂ. ആരെങ്കിലുമൊരാള്‍ ടി.എല്‍.എസ്. പിന്തുണയില്ലാത്ത സേവനമാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈമെയിലിന്റെ സ്വകാര്യത നഷ്ടപ്പെടും.

നിങ്ങള്‍ക്ക് ലഭിച്ച സന്ദേശം എന്‍ക്രിപ്റ്റഡ് അല്ലായിരുന്നെങ്കിലോ നിങ്ങള്‍ അയക്കാന്‍ പോകുന്ന ഒരു സന്ദേശം എന്‍ക്രിപ്റ്റഡ് ആയിരിക്കില്ലെങ്കിലോ ജീമെയിലില്‍ ആ സന്ദേശത്തിനൊപ്പം ഒരു ഉടഞ്ഞ പൂട്ടിന്റെ ചിത്രം കാണാം (ചിത്രം നോക്കുക). ഫ്രം/റ്റു വിലാസങ്ങള്‍ നോക്കിയാണ് ജീമെയില്‍ ഇത് പ്രവചിക്കുന്നത്.

Internet safety

ഒരു ഈമെയില്‍ സന്ദേശം അയച്ചത് ഫ്രം ഫീല്‍ഡില്‍ കാണിച്ചിരിക്കുന്ന ആള്‍ തന്നെയാണോ എന്ന് ഉറപ്പുവരുത്താനുള്ളതാണ് അടുത്ത സൂത്രം. 

ഒരു ഈമെയിലിന്റെ സ്രോതസ്സിനെക്കുറിച്ച് ജീമെയിലിന് സംശയമുണ്ടെങ്കില്‍ അയച്ചയാളുടെ ഫോട്ടോ/ലോഗോ/അവതാര്‍ കാണിക്കുന്നതിനുപകരം ഒരു ചോദ്യചിഹ്നമായിരിക്കും ജീമെയില്‍ പ്രദര്‍ശിപ്പിക്കുക (ചിത്രം നോക്കുക). 

Internet Safety

ബാങ്കില്‍നിന്നെന്നും മറ്റും അയച്ചതെന്ന വ്യാജേന ഒട്ടേറെ ഈമെയിലുകള്‍ വരുന്ന സാഹചര്യത്തില്‍ സംശയനിവാരണത്തിന് ഇതുപകരിക്കും. ഫ്രം വിലാസത്തില്‍ തട്ടിപ്പുകാണിക്കാന്‍ എളുപ്പമാണെന്നത് ചിത്രസംവിധാനത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ജീമെയിലിന്റേത് എന്‍ഡ്-റ്റു-എന്‍ഡ് എന്‍ക്രിപ്ഷനല്ല. അതായത്, ഗൂഗിളിന്റെ സെര്‍വറിലേക്ക് വരുമ്പോഴും അവിടെനിന്ന് പോകുമ്പോഴും മാത്രമേ ഈമെയില്‍ എന്‍ക്രിപ്റ്റഡ് ആവുന്നുള്ളൂ; സെര്‍വറില്‍ അത് ഗൂഗിളിന് വായിക്കാവുന്ന രൂപത്തില്‍ത്തന്നെയായിരിക്കും. 

അതീവസുരക്ഷിതമായ എന്‍ഡ്-റ്റു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനങ്ങള്‍ ജീമെയിലടക്കം ഏത് ഈമെയില്‍ സേവനത്തിലും ഉപയോഗിക്കാം. എന്നാല്‍ ഇതിന് ഒരല്‍പ്പം സാങ്കേതികപരിചയം ആവശ്യമാണ് (ചിത്രങ്ങള്‍ക്ക് കടപ്പാട്: ജിമെയില്‍ ബ്ലോഗ്).