ഈമെയിലിന്റെ ഉപജ്ഞാതാവും, ഈമെയില്‍ പ്രതീകമായ @ ചിഹ്നത്തിന്റെ അവതാരകനുമായ റേ ടോംലിന്‍സണ്‍ (74) അന്തരിച്ചു. ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായ 'അര്‍പനെറ്റി' ( ARPANET ) ലെ ആശയവിനിമയ ഉപാധിയെന്ന നിലയ്ക്ക് 1971 ലാണ് ഈമെയില്‍ പ്രോഗ്രാം ടോംലിന്‍സണ്‍ അവതരിപ്പിച്ചത്.

'ടെക്‌നോളജി രംഗത്ത് ശരിക്കും പാതയൊരുക്കിയ വ്യക്തിയായിരുന്നു റേ',  അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് 'റേത്തിയോണ്‍' ( Raytheon ) കമ്പനി വക്താവ് മൈക്ക് ദോബിള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണകാരണമെന്ന് കരുതുന്നു.

ടെക് ലോകം ദുഖത്തോടെയാണ് ടോംലിന്‍സണിന്റെ വിയോഗത്തോട് പ്രതികരിച്ചത്. 'വളരെ സങ്കടകരമായ വാര്‍ത്ത. റേ ടോംലിന്‍സണ്‍ അന്തരിച്ചു'-'ഇന്റര്‍നെറ്റിന്റെ പിതാവെ'ന്ന വിശേഷണം പേറുന്ന വിന്റ് സെര്‍ഫ് ട്വിറ്ററില്‍ കുറിച്ചു.

'റേ ടോംലിന്‍സണ്‍, അങ്ങേക്ക് നന്ദി. ഈമെയില്‍ കണ്ടുപിടിച്ചതിനും അതിന്റെ ഭൂപടത്തില്‍ @ ചിഹ്നം സ്ഥാപിച്ചതിനും' - ഗൂഗിളിന്റെ ഈമെയില്‍ സര്‍വീസായ ജീമെയില്‍ അതിന്റെ ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞു.

Historical Pics ട്വീറ്റല്‍ ഇങ്ങനെ പറഞ്ഞു: 'RIP റേ ടോംലിന്‍സണ്‍. ഈമെയില്‍ കണ്ടുപിടിക്കുകയും ആദ്യ ഈമെയില്‍ അയയ്ക്കുകയും ചെയ്ത അങ്ങ് ആധുനിക കാലത്തെ ഒരു ഹീറോയാണ്'. 

റേമണ്ട് സാമുവര്‍ ടോംലിന്‍സണ്‍ എന്ന റേ ടോംലിന്‍സണ്‍ 1941ല്‍ ന്യൂയോര്‍ക്കിലെ ആംസ്റ്റര്‍ഡാമിലാണ് ജനിച്ചത്. റെന്‍സ്സിലേര്‍ പോളിടെക്‌നിക് ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് 1963ല്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങില്‍ ഡിഗ്രി നേടിയ അദ്ദേഹം, മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി ( MIT ) യില്‍ നിന്ന്  1965ല്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങില്‍ ഉന്നത ബിരുദം നേടി. 

1967ല്‍ പ്രസിദ്ധമായ 'ബോള്‍ട്ട് ബെരാനെക് ആന്‍ഡ് ന്യൂമാന്‍' (ബിബിഎന്‍) കമ്പനിയില്‍ ( നിലവില്‍ Raytheon BBN Technologies ) ടോംലിന്‍സണ്‍ ചേര്‍ന്നു. അവിടെ 'ടെനെക്‌സ്' ( TENEX ) ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കാനുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളിയായി.  

ആധുനിക ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായ 'അര്‍പനെറ്റി'ലൂടെ വ്യക്തിഗത ആശയവിനിമയത്തിനായി ആദ്യ ഈമെയിലിന് 1971ല്‍ ടോംലിന്‍സണ്‍ രൂപംനല്‍കുന്നത് ബിബിഎന്നില്‍ വെച്ചാണ്. നെറ്റ്‌വര്‍ക്കുകള്‍ വഴി യൂസര്‍മാര്‍ക്ക് മറ്റ് കമ്പ്യൂട്ടറുകളിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഈമെയില്‍ വഴിതുറന്നു. 

ഈമെയിലിന്റെ പ്രതീകമായി @ ചിഹ്നം ടോംലിന്‍സണ്‍ മുന്നോട്ടുവെച്ചു. user@host എന്നത് ഈമെയില്‍ വിലാസങ്ങളുടെ സ്റ്റാന്‍ഡേര്‍ഡായി ഇന്നും തുടരുന്നു.

ആശയവിനിമയരംഗത്ത് വിപ്ലവം തന്നെ ഈമെയില്‍ സൃഷ്ടിക്കുന്നതിനാണ് തുടര്‍ന്നുള്ള കാലം സാക്ഷ്യംവഹിച്ചത്. വ്യക്തിഗത സന്ദേശങ്ങള്‍ മാത്രമല്ല, ബാങ്കുകളും ബിസിനസ് സ്ഥാപനങ്ങളുമെല്ലാം ആശയവിനിമയ ഉപാധിയായി ഈമെയിലിനെ വ്യാപകമായി ഉപയോഗിച്ചു. നിലവില്‍ പ്രതിദിനം അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഈമെയിലുകളുടെ എണ്ണം പതിനായിരം കോടിയിലേറെയാണ്! 

2000ല്‍ ലഭിച്ച ജോര്‍ജ് ആര്‍സ്റ്റിബിറ്റ്‌സ് കമ്പ്യൂട്ടര്‍ പയനീര്‍ അവാര്‍ഡ് ഉള്‍പ്പടെ ഒട്ടേറെ ബഹുമതികള്‍ ടോംലിന്‍സണെ തേടിയെത്തിയിട്ടുണ്ട്. 
(ചിത്രം കടപ്പാട്: Wikipedia, വിവരങ്ങള്‍ക്ക് കടപ്പാട്: Internet Hall of Fame, The Gurdian )

ഈമെയില്‍ -ചരിത്രവും അവകാശവാദങ്ങളും