ലണ്ടന്‍: ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തിന് പിന്നാലെ തിങ്കളാഴ്ച വീണ്ടും ഇത്തരത്തിലുള്ള ആക്രമണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്.

ശനിയാഴ്ചത്തെ ആക്രമണത്തെ ചെറുക്കാന്‍ സഹായിച്ച'മാല്‍വെയര്‍ ടെക്' എന്ന ബ്രിട്ടീഷ്‌ കമ്പ്യൂട്ടര്‍ സുരക്ഷാ ഗവേഷകനാണ് മുന്നറിയിപ്പ് നല്‍കിയത്.

'കഴിഞ്ഞ ദിവസത്തെ ആക്രമണം ഒരു പരിധി വരെ ഞങ്ങള്‍ക്ക് തടയാന്‍ കഴിഞ്ഞു. ഇനിയും ഇതാവര്‍ത്തിക്കാന്‍ ഇടയുണ്ട്. തിങ്കളാഴ്ചയായിരിക്കും അത്. എന്നാല്‍ ആ ആക്രമണം തടയാന്‍ കഴിയണമെന്നില്ല' - മാല്‍വെയര്‍ ടെക് അറിയിച്ചു.

പേര് വെളിപ്പെടുത്താത്ത 22 വയസുകാരനാണ് മാല്‍വെയര്‍ടെക് എന്ന പേരില്‍ അറിയപ്പെടുന്നത്. മാല്‍വെയര്‍ ടെകും അമേരിക്കയില്‍ നിന്നുള്ള 20 എഞ്ചിനീയര്‍മാരും ചേര്‍ന്ന സൈബര്‍ സമൂഹമാണ് കില്‍ സ്വിച്ച് ഉപയോഗിച്ച് സൈബര്‍ ആക്രമണം തടഞ്ഞത്.

ഇന്ത്യയടക്കം 99 രാജ്യങ്ങളിലാണ് കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണമുണ്ടായത്.  കംപ്യൂട്ടറുകളെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവേര്‍ വിഭാഗത്തില്‍പ്പെടുന്ന മാല്‍വേറാണ് ആക്രമണത്തിനുപയോഗിച്ചത്. ഇന്ത്യയില്‍ ആന്ധ്രാപ്രദേശ് പോലീസിന്റെ 102 കംപ്യൂട്ടറുകളില്‍ ആക്രമണമുണ്ടായി.

അമേരിക്കന്‍ ദേശീയസുരക്ഷാ ഏജന്‍സിയില്‍ (എന്‍.എസ്.എ.)നിന്ന് തട്ടിയെടുത്ത 'സൈബര്‍ ആയുധങ്ങളു'ടെ സഹായത്തോടെയാണ് കംപ്യൂട്ടറുകളില്‍ ആക്രമണം നടത്തിയതെന്ന് വിദഗ്ധര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല.

സ്വീഡന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് ആദ്യം ആക്രമണമുണ്ടായത്. ബ്രിട്ടനിലെ ആരോഗ്യമേഖലയെയാണ് ഇത് ഏറ്റവും ദോഷകരമായി ബാധിച്ചത്. വെള്ളിയാഴ്ചയാണ് 'വാനാക്രൈ' എന്ന റാന്‍സംവേറിന്റെ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടതെന്ന് കമ്പ്യൂട്ടര്‍ സുരക്ഷാരംഗത്തെ കമ്പനിയായ അവാസ്റ്റ് പറഞ്ഞു. മണിക്കൂറുകള്‍ക്കകം ലോകമാകെ 75,000 സൈബര്‍ ആക്രമണങ്ങള്‍ കണ്ടെത്തി. 

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളാണ് ആക്രമണത്തിനിരയായത്. ഇത്തരമൊരാക്രമണത്തിന്റെ സാധ്യതയെക്കുറിച്ച് മൈക്രോസോഫ്റ്റ് മാര്‍ച്ചില്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. പഴയ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളാണ് ആക്രമണത്തിനിരയായത്.