പുതിയ ജിമെയില്‍ ഡിസൈന്‍ എല്ലാവര്‍ക്കും ലഭ്യമായിരിക്കുന്നു. നിങ്ങള്‍ക്ക് ഇനിയും പുതിയ ഡിസൈന്‍ ലഭിച്ചില്ലെങ്കില്‍ ജിമെയിലിലെ പ്രൊഫൈല്‍ വിന്‍ഡോയ്ക്ക് താഴെയുള്ള സെറ്റിങ്‌സ് ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ ട്രൈ ന്യൂ ജിമെയില്‍ എന്ന ഓപ്ഷന്‍ കാണാം. അത് തിരഞ്ഞെടുത്താല്‍ മതി. സ്ഥാപനങ്ങളുടെ ഓഫീഷ്യല്‍ ഇമെയില്‍ ഐഡിയില്‍ പുതിയ ഡിസൈന്‍ ലഭിക്കണമെങ്കില്‍ ജി സ്യൂട്ട് അഡ്മിനിസ്‌ട്രേറ്റര്‍ തീരുമാനിക്കണം. എന്തായാലും പുതിയ നിരവധി സൗകര്യങ്ങളുമായാണ് ജിമെയില്‍ എത്തിയിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ടവയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. ഇമെയില്‍ ഷോട്ട് കട്ടുകള്‍

ജിമെയില്‍ ഇന്‍ബോക്‌സിലെ സന്ദേശങ്ങള്‍ക്ക് മുകളില്‍ മൗസ് പോയിന്റര്‍ കൊണ്ടുവെക്കുമ്പോള്‍ ആര്‍ക്കൈവ്, ഡിലീറ്റ്, മാര്‍ക്ക് ആസ് അണ്‍റീഡ്, സ്‌നൂസ് എന്നിവയുടെ ഷോട്ട് കട്ട് ബട്ടനുകള്‍ വലതുഭാഗത്തായി കാണാന്‍ സാധിക്കും. ഇതില്‍ ആദ്യത്തെ മൂന്നെണ്ണം നേരത്തെ തന്നെ ജിമെയിലില്‍ ഉണ്ടായിരുന്നതാണെങ്കിലും സ്‌നൂസ് പുതിയ അംഗമാണ്. ഒരു ഇമെയില്‍ കോണ്‍വര്‍സേഷന്‍ ഒരു നിശ്ചിത സമയം വരെ ഒഴിവാക്കി നിര്‍ത്തുന്നതിനുള്ള സൗകര്യമാണിത്. ഒപ്പം കീപ്പ്, ടാസ്‌ക്, ഗൂഗിള്‍ കലണ്ടര്‍ എന്നിവയുെട ഷോട്ട് കട്ടുകളും ജിമെയിലില്‍ ലഭ്യമാണ്.  

2. മറുപടി നല്‍കാനുള്ള നിര്‍ദ്ദേശം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള നഡ്ജ് ഫീച്ചറും ജിമെയില്‍ പുതിയ പതിപ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇമെയിലുകള്‍ക്ക് മറുപടി നല്‍കാനും അവ ശ്രദ്ധിക്കാനും ഉപയോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കുന്ന സംവിധാനമാണിത്. ഉദാഹരണത്തിന് ഇന്‍ബോക്‌സില്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് വന്ന ഒരു ഇമെയില്‍ സന്ദേശത്തിന് നേരെ ' Received 3 days ago. Reply?' എന്ന അറിയിപ്പ് കാണാം. അയച്ച മെയിലുകള്‍ക്ക് 'follow up? എന്ന നിര്‍ദ്ദേശവും കാണാന്‍ സാധിക്കും.

3. സ്മാര്‍ട് റിപ്ലൈ

നേരത്തെ ഗൂഗിളിന്റെ ഇന്‍ബോക്‌സ് ആപ്ലിക്കേഷനിലും ജിമെയില്‍ ആപ്ലിക്കേഷനിലും ഉപയോഗിച്ചിട്ടുള്ള ഫീച്ചറാണ് സ്മാര്‍ട് റിപ്ലൈ. ഇമെയിലുകള്‍ക്ക് അനുയോജ്യമായ മറുപടികള്‍ ജിമെയില്‍ തന്നെ നിര്‍ദ്ദേശിക്കുന്ന സംവിധാനമാണിത്. നിങ്ങള്‍ക്ക് ഇമെയിലില്‍ വന്നിട്ടുള്ള സന്ദേശം എന്താണെന്ന് തിരിച്ചറിഞ്ഞാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. Thank you, Yes, No, Congratulations ഉള്‍പ്പടെയുള്ള സന്ദര്‍ഭോചിതമായ മറുപടികള്‍ പുതിയ ജിമെയില്‍ നല്‍കും. 

4. സുരക്ഷാ മുന്നറിയിപ്പ്

സംശയാസ്പദമായ ഇമെയിലുകളില്‍ നിന്നും വരുന്ന സന്ദേശങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കുന്ന ഫീച്ചര്‍ പുതിയ ജിമെയിലില്‍ ലഭ്യമാണ്. അങ്ങനെയുള്ള ഇമെയില്‍ സന്ദേശങ്ങള്‍ക്ക് മുകളില്‍ 'This message seems dangerous' എന്ന അറിയിപ്പ് കാണാം. ഒപ്പം ഡിലീറ്റ് നൗ എന്ന ബട്ടനും ജിമെയില്‍ നല്‍കും. ഇതുവഴി ഇമെയില്‍ വഴിയുള്ള ആക്രമണങ്ങളേയും അത്തരം ശ്രമങ്ങളേയും അവഗണിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.

5. റ്റൂ ഫാക്റ്റര്‍ ഒതന്റിക്കേഷനോടു കൂടിയുള്ള കോണ്‍ഫിഡന്‍ഷ്യല്‍ മോഡ്

ഇമെയില്‍ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ആ സന്ദേശം അതിന്റെ സ്വീകര്‍ത്താവ് മറ്റൊരാള്‍ക്ക് അയക്കുന്നത്, പകര്‍പ്പെടുക്കുന്നത്, ഡൗണ്‍ലോഡ് ചെയ്യുന്നത്, പ്രിന്റ് ചെയ്യുന്നത് എന്നിവയെല്ലാം തടയാന്‍ ജിമെയിലില്‍ നല്‍കിയിട്ടുള്ള പുതിയ കോണ്‍ഫിഡന്‍ഷ്യല്‍ മോഡില്‍ സാധിക്കും. ഈ സംവിധാനം ഉപയോഗിച്ച് മറ്റ് ജിമെയില്‍ അല്ലാതെ മറ്റ് ഇമെയില്‍ ഐഡികളിലേക്ക് അയക്കുമ്പോള്‍ സാധാരണ ഇമെയിലിന് പകരം പ്രത്യേകം ലിങ്ക് ആണ് അവര്‍ക്ക് ലഭിക്കുക. അതായത് യാഹൂ ഇമെയില്‍ ഉപയോഗിക്കുന്നയാളുകള്‍ക്ക് കോണ്‍ഫിഡന്‍ഷ്യല്‍ ആയി അയക്കുന്ന ഇമെയിലില്‍ സന്ദേശത്തിലേക്കുള്ള ഒരു ലിങ്ക് ആണ് ലഭിക്കുക. ഒപ്പം ഇമെയിലുകള്‍ക്ക് വാലിഡിറ്റി നിശ്ചയിക്കാനും സാധിക്കും. ഇതുവഴി ഒരു നിശ്ചിത സമയം/ ദിവസം വരെ മാത്രമേ സ്വീകര്‍ത്താവിന് ആ ഇമെയില്‍ സന്ദേശം തുറക്കാന്‍ കഴിയുകയുള്ളൂ. കൂടാതെ ടൂ ഫാക്ടര്‍ ഒതന്റിഫിക്കേഷന്‍ സംവിധാനം വഴി സ്വീകര്‍ത്താവിനെ സ്ഥിരീകരിക്കാനും സാധിക്കും. 

6.നേറ്റീവ് ഓഫ്‌ലൈന്‍ മോഡ്

ഗൂഗിള്‍ ഡോക്‌സില്‍ നല്‍കിയിട്ടുള്ള ഓഫ്‌ലൈന്‍ മോഡ്‌സംവിധാനം പോലെയാണിത്. ജിമെയില്‍ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി പ്രശ്‌നങ്ങള്‍ ഉള്ള സ്ഥലങ്ങളിലും തടസമില്ലാതെ ഉപയോഗിക്കുന്നതിനാണ് ഓഫ്‌ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

7.മൊബൈല്‍ ആപ്പിലെ സൗകര്യങ്ങള്‍

പ്രധാനപ്പെട്ട സന്ദേശങ്ങള്‍ തിരിച്ചറിയാനുള്ള പ്രിയോറിറ്റി നോട്ടിഫിക്കേഷന്‍ സംവിധാനം, ന്യൂസ് ലെറ്ററുകള്‍ അണ്‍ സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള ഷോട്ട്കട്ട് സൗകര്യം എന്നിവ ജിമെയിലിന്റെ മൊബൈല്‍ ആപ്പില്‍ ഉണ്ടാവും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനത്തിന്റേയും പ്രവര്‍ത്തനം.