Netflix

'നെറ്റ്ഫ്‌ലിക്‌സ്' ഇന്ത്യയിലെത്തിയതിന്റെ ആവേശത്തില്‍, സിനിമകളും ടിവി ഷോകളും കാര്യമായി കണ്ടുകളയാം എന്ന് കരുതി ചാടിപ്പുറപ്പെടുന്നവര്‍ സ്വന്തം ഡേറ്റാപ്ലാന്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്ന്. കാരണം, നെറ്റ്ഫ്‌ലിക്‌സില്‍ സിനിമകളും ടിവി ഷോകളും തുടര്‍ച്ചയായി കാണാന്‍  കാര്യമായ ഡേറ്റാചെലവ് വേണ്ടിവരും. 

ഇന്ത്യയുള്‍പ്പടെ 129 രാജ്യങ്ങളിലേക്ക് നെറ്റ്ഫ്‌ലിക്‌സ് ( Netflix ) സേവനം എത്തുന്ന കാര്യം ലാസ് വെഗാസില്‍ ഇത്തവണത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ ( CES 2016 ) യിലാണ് നെറ്റ്ഫ്‌ലിക്‌സ് പ്രഖ്യാപിച്ചത്. ചൈനയൊഴികെ ലോകത്തെ പ്രധാന രാജ്യങ്ങളിലെല്ലാം കമ്പനിയുടെ സേവനം ഇപ്പോള്‍ ലഭ്യമാകുന്നതായും അധികൃതര്‍ പറഞ്ഞു. 

ഓണ്‍ലൈനില്‍ ടിവി ഷോകളും സിനിമകളും സ്ട്രീം ചെയ്യുന്ന പ്രമുഖ സര്‍വീസാണ് നെറ്റ്ഫ്‌ലിക്‌സ്. അമേരിക്കയില്‍ ശക്തമായി സാന്നിധ്യമുറപ്പിച്ച് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ച നെറ്റ്ഫ്‌ലിക്‌സിന് 2015 ഒക്ടോബറിലെ കണക്കനുസരിച്ച് ലോകത്താകമാനം 6.917 കോടി വരിക്കാരുണ്ട് (അതില്‍ 4.3 കോടി വരിക്കാര്‍ അമേരിക്കയിലാണ്). 2015 ന്റെ നാലാംപാദത്തില്‍ 1200 കോടി മണിക്കൂര്‍ നെറ്റ്ഫ്‌ലിക്‌സ് വീഡിയ കണ്ടതായി ഹാസ്റ്റിങ്‌സ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 

35,000 ടിവിഷോകളും സിനിമകളും ഹൈഡെഫിനിഷനിലും അള്‍ട്രാഹൈഡെഫിനിഷനിലും ഓണ്‍ലൈനില്‍ കാണാന്‍ നെറ്റ്ഫ്‌ലിക്‌സ് അവസരമൊരുക്കുന്നു. ഇന്റര്‍നെറ്റ് സ്ട്രീമിങ് സാധ്യമായ ടിവിയിലും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഉപകരണങ്ങളിലും അനാസായം വീഡിയോ കാണാം.

ഇന്ത്യയിലേക്കുള്ള നെറ്റ്ഫ്‌ലിക്‌സിന്റെ വരവ്, 2016 ല്‍ ഓണ്‍ലൈന്‍ രംഗത്ത് രാജ്യത്തുണ്ടാകുന്ന പ്രധാന സംഭവങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ ഉള്ളടക്കം കുറവാണെന്ന പോരായ്മയുണ്ടെങ്കിലും വീഡിയോ പ്രേമികള്‍ വലിയ ആവേശത്തോടെയാണ് നെറ്റ്ഫ്‌ലിക്‌സിന്റെ ഇന്ത്യയിലേക്കുള്ള വരവിനെ കാണുന്നത്. 

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി മൂന്നു വ്യത്യസ്ത പ്രതിമാസ പ്ലാനുകള്‍ നെറ്റ്ഫ്‌ലിക്‌സ് അവതരിപ്പിച്ചിട്ടുണ്ട്. ഒരു സ്റ്റാന്‍ഡേര്‍ഡ് ഡെഫിനിഷന്‍ ( SD) സ്‌ക്രീനില്‍ മാത്രം കാണാനുള്ള 500 രൂപയുടെ പ്ലാന്‍ ആണ് അതില്‍ ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ളത്. 650 രൂപയുടേതാണ് അടുത്ത പ്ലാന്‍. ഹൈഡെഫിനിഷനില്‍ രണ്ട് സ്‌ക്രീനില്‍ ഒരേസമയം വീഡിയോ കാണാന്‍ ഈ പ്ലാനില്‍ കഴിയും. 800 രൂപയ്ക്കുള്ള മൂന്നാമത്തെ പ്ലാനില്‍ 4കെ അല്‍ട്രാ ഹൈഡെഫിനിഷന്‍ വീഡിയോകള്‍ നാല് സ്‌ക്രീനുകളില്‍ ഒരേ സമയം ആസ്വദിക്കാം.

വെബ്‌സൈറ്റ് വഴിയോ, ഐഫോണ്‍, വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ വഴിയോ നെറ്റ്ഫ്‌ലിക്‌സിലേക്ക് സൈന്‍ അപ് സാധ്യമാണ്. രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍ തന്നെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കണം. 

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ആദ്യത്തെ ഒരു മാസം സൗന്യമായി നെറ്റ്ഫ്‌ലിക്‌സ് ഉപയോഗിക്കാം. അടുത്ത മാസം മുതല്‍ ഉപയോക്താവ് തിരഞ്ഞെടുത്ത പ്ലാനിന്റെ തുക ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് ഈടാക്കും. അമേരിക്കയില്‍ ഈടാക്കുന്ന ഏതാണ്ട് അതേ പ്ലാന്‍ചാര്‍ജ് തന്നെയാണ് ഇന്ത്യയിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഓര്‍ക്കേണ്ട കാര്യം, ഈ പ്ലാന്‍ചാര്‍ജ് കൊണ്ട് കഥ തീരുന്നില്ല എന്നതാണ്. ഡേറ്റാചാര്‍ജ് കൂടി ഉപയോക്താക്കള്‍ വഹിക്കണം. എസ്ഡി വീഡിയോ ഒരു മണിക്കൂര്‍ കാണാന്‍ 300 മുതല്‍ 700 എംബി വരെ ഡേറ്റ വേണമെന്ന് നെറ്റ്ഫ്‌ലിക്‌സ് പറയുന്നു. ഹൈഡെഫിനിഷന്‍ സ്ട്രീം ആണ് ഒരു മണിക്കൂര്‍ കാണുന്നതെങ്കില്‍ 3ജിബി ഡേറ്റ തീരും. 4കെ അള്‍ട്രാ എച്ച്ഡി സ്ട്രീമിങിന്റെ കാര്യത്തില്‍ ഇത് മണിക്കൂറിന് 7 ജിബിയാണ്.

എന്നുവെച്ചാല്‍, ഏതാനും ജിബി പ്രതിമാസ ഡേറ്റാപ്ലാനുംകൊണ്ട് നെറ്റ്ഫ്‌ലക്‌സ് കാണാനിറങ്ങിയാല്‍ കീശ കാലിയാകുമെന്ന് സാരം. ഏതെങ്കിലും അണ്‍ലിമിറ്റഡ് ഡേറ്റാപ്ലാനിലേക്ക് മാറിയിട്ട് നെറ്റ്ഫ്‌ലക്‌സ് ഉപയോഗിക്കാന്‍ തുടങ്ങുന്നതാകും നല്ലത്.