പഴയ പേപ്പര്‍കെട്ടുകള്‍ പരതുന്നതിനിടെ ഇന്റര്‍നെറ്റിന്റെ പോയകാല ചരിത്രത്തിലെ ഒരു അമൂല്യ ഏട് കൈയില്‍ വന്നുപെടുന്ന കാര്യം ആലോചിച്ചു നോക്കൂ. എത്ര വിചിത്രമായിരിക്കുമല്ലേ ആ അനുഭവം. 

തന്റെ പിതാവിന്റെ പേപ്പറുകള്‍ പരതുന്നതിനിടെ യു.എസില്‍ പിറ്റ്‌സ്ബര്‍ഗിലെ ഡേവിഡ് ന്യൂബറിയുടെ കൈയിലെത്തിയത് അത്തരമൊരു അമൂല്യ രേഖയാണ്. 1973 ലെ ഇന്റര്‍നെറ്റിന്റെ സമ്പൂര്‍ണ്ണ മാപ്പ്. അന്ന് ഇന്റര്‍നെറ്റിന്റെ പേര് 'അര്‍പ്പാനെറ്റ്' ( ARPANet ) എന്നായിരുന്നു. 

പിറ്റ്‌സ്ബര്‍ഗില്‍ കാര്‍നെജീ മ്യൂസിയം ഓഫ് ആര്‍ട്ടിലെ 'ആര്‍ട്ട് ട്രാക്ക്‌സ് സംരംഭം' വികസിപ്പിക്കലാണ് ഡേവിഡ് ന്യൂബറിയുടെ ജോലി. 1970 കളില്‍ പിറ്റ്‌സ്ബര്‍ഗിലെ കാര്‍നെജീ മെലോണ്‍ സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് ന്യൂബറിയുടെ പിതാവ്. 

പിതാവ് സൂക്ഷിച്ചിരുന്ന കാര്‍നെജി മെലോണില്‍ നിന്നുള്ള പേപ്പറുകള്‍ പരതുന്നതിനിടെയാണ്, 1973 ലെ ഇന്റര്‍നെറ്റിന്റെ രേഖാചിത്രം പൂര്‍ണരൂപത്തില്‍ ന്യൂബറിക്ക് കിട്ടിയത്. അദ്ദേഹമത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 

1960 കളില്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പിന് കീഴില്‍ നിലവില്‍ വന്ന 'അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്റ്റ്‌സ് ഏജന്‍സി' ( Advanced Research Projects Agency - ARPA ) ആണ് ഇന്റര്‍നെറ്റിന്റെ ആദ്യരൂപമായ 'അര്‍പാനെറ്റി'ന് രൂപം നല്‍കിയത്. 

അര്‍പാനെറ്റ് 1973 ല്‍ എങ്ങനെയിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന രേഖാചിത്രം. ഇതുപ്രകാരം, അന്ന് ആകെ ഇന്റര്‍നെറ്റിലുണ്ടായിരുന്നത് 42 കമ്പ്യൂട്ടര്‍ ഹോസ്റ്റുകളും 36 നോഡുകളുമാണ്. ചിത്രത്തിലെ ചതുരങ്ങള്‍ നോഡുകളെയും (ബേസിക് റൂട്ടറുകള്‍), ദീര്‍ഘവൃത്തങ്ങള്‍ കമ്പ്യൂട്ടര്‍ ഹോസ്റ്റുകളെയും സൂചിപ്പിക്കുന്നു.

ഈ ഇന്റര്‍നെറ്റ് മാപ്പ് രൂപപ്പെടുത്തി ഏതാനും മാസങ്ങള്‍ക്കകം, അര്‍പാനെറ്റ് അറ്റ്‌ലാന്റിക്കിനക്കരെ നോര്‍വ്വെ, ലണ്ടന്‍ എന്നിവിടങ്ങളിലെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളുമായി സാറ്റ്‌ലൈറ്റുകള്‍ വഴി ബന്ധിപ്പിക്കപ്പെട്ടു. എന്നുവെച്ചാല്‍, ഇന്റര്‍നെറ്റ് ആദ്യമായി അന്താരാഷ്ട്രതലത്തിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പുള്ള മാപ്പാണിത്. 

ശരിക്കും ഈ മാപ്പ് എവിടെ പ്രസിദ്ധീകരിച്ചതാണെന്ന് വ്യക്തമല്ല. കാര്‍നെജീ സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിസിനസ് മാനേജരായി തന്റെ പിതാവ് പ്രവര്‍ത്തിക്കുമ്പോള്‍ സൂക്ഷിച്ചുവെച്ചതാണ് ഇതെന്ന് ന്യൂബറി കരുതുന്നു. 1974 ലെ ഇന്റര്‍നെറ്റിന്റെ പൂര്‍ണരൂപം നാസയുടെ ആമസ് റിസര്‍ച്ച് സെന്ററില്‍ സൂക്ഷിച്ചിട്ടുണ്ട്. (https://ntrs.nasa.gov/archive/nasa/casi.ntrs.nasa.gov/19760002920.pdf )

Internet at 1974

1970 കളുടെ ആദ്യം കമ്പ്യൂട്ടര്‍ ഹോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നത് പ്രധാനമായും ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ലോസ് ഏഞ്ചല്‍സ്, സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റി മുതലായ സ്ഥാപനങ്ങളിലാണ്. മാസത്തില്‍ ഒന്ന് എന്ന തോതിലാണ് അക്കാലത്ത് പുതിയ നോഡുകള്‍ സ്ഥാപിച്ചിരുന്നത്. 

1960 കളുടെ അവസാന വര്‍ഷമാണ് അര്‍പാനെറ്റ് നിലവില്‍ വരുന്നത്. 'ഫയല്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍' ( FTP ) വഴി അന്ന് ആ നെറ്റ്‌വര്‍ക്കിലൂടെ ഡേറ്റയും ഫയലുകളും കൈമാറ്റം ചെയ്യപ്പെട്ടു. 1970 കളില്‍ വിന്‍ സെര്‍ഫ് ആണ് ബോബ് കോഹ്‌നിന്റെ സഹായത്തോടെ IP/TCP ( Internet Protocol/Transfer Control Protocol ) വികസിപ്പിക്കുന്നത് (ഇതിന്റെ പേരില്‍ 'ഇന്റര്‍നെറ്റിന്റെ പിതാവ്' എന്ന പദവി വിന്‍ സെര്‍ഫിന് ലഭിച്ചു).  

1983 ജനുവരി ഒന്നിന് അര്‍പാനെറ്റ് IP/TCP യിലേക്ക് മാറി. ആധുനിക ഇന്റര്‍നെറ്റിന്റെ പിറവി അതാണെന്ന് പറയാം. ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ രൂപംകൊണ്ട നെറ്റ്‌വര്‍ക്കുകളും ഈ പ്രോട്ടോക്കോള്‍ സ്യൂട്ടിലേക്ക് മാറിയതോടെ, അവയ്‌ക്കെല്ലാം ഇന്റര്‍നെറ്റ് എന്ന ഒറ്റ കുടക്കീഴില്‍ പ്രവര്‍ത്തിക്കുകയും വിവരകൈമാറ്റം നടത്തുകയും ചെയ്യാമെന്ന സ്ഥിതിവന്നു. 

1990 കളുടെ തുടക്കത്തില്‍ ടിം ബേര്‍ണസ്-ലീ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ 'വേള്‍ഡ് വൈഡ് വെബ്ബ്' ( WWW ) രംഗത്തെത്തിച്ചതോടെ ഇന്റര്‍നെറ്റ് ജനകീയമായി. മനുഷ്യന്‍ സൃഷ്ടിച്ച ഏറ്റവും വലിയ വിവരവിതരണ സംവിധാനമായി ഇന്റര്‍നെറ്റ് മാറുന്നതിനാണ് പിന്നീട് ലോകം സാക്ഷിയായത്. ഇന്ന് നൂറുകോടിയിലേറെ വെബ്ബ്‌സൈറ്റുകളാണ് ഇന്റര്‍നെറ്റിലുള്ളത് (കടപ്പാട്: ScienceAlert).