പ്രൈമറി ക്ലാസ്സുകളിലെ ഇരട്ടവര ബുക്കില്‍ മലയാള അക്ഷരങ്ങളെ ഉരുട്ടിയെഴുതി വരുതിയിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരുടെ കൂട്ടത്തില്‍ സന്തോഷുമുണ്ടായിരുന്നു. പെന്‍സില്‍ കൊണ്ട് ഉരുട്ടിയെഴുതണമെന്ന് അധ്യാപകര്‍ പറയും. പക്ഷേ എഴുതി വരുമ്പോള്‍ രണ്ട് വരകളുടെ സമാന്തരലോകത്തിന് അപ്പുറത്തേക്ക് അക്ഷരങ്ങള്‍ ചിറകു വച്ച് പറക്കും. ചിലത് വരകള്‍ക്കിടയില്‍ പതുങ്ങിയിരിക്കും. ഇതൊന്ന് കൃത്യമായി എഴുതിക്കൂടേയെന്ന് ചോദിക്കുമ്പോള്‍ ഉരുളാത്ത അക്ഷരങ്ങളുടെ മുകളില്‍ രണ്ട് കുഞ്ഞുകണ്ണുകള്‍ മാത്രം ഉരുണ്ടുരുണ്ട് വരും. 

ഒരുപോലെ ഉരുണ്ട അക്ഷരങ്ങള്‍ സൃഷ്ടിക്കുന്ന യന്ത്രം കണ്ടുപിടിച്ചിരുന്നെങ്കില്‍ രണ്ടുവര കോപ്പിയില്‍നിന്ന് രക്ഷപ്പെടാമായിരുന്നെന്ന് ഏതൊരു പ്രൈമറി ക്ലാസ്സുകാരനെപ്പോലെ സന്തോഷും ആഗ്രഹിച്ചു കാണണം. പിന്നീട് എഴുത്തും വായനയും കമ്പ്യൂട്ടറിലേക്ക് വഴി മാറിയപ്പോഴാണ് അക്ഷരമെഴുത്ത് വീണ്ടും സന്തോഷിന് മുന്നില്‍ വെല്ലുവിളിയായത്.

'എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ' എന്ന ആശയത്തിലൂന്നി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് ( SMC ) മലയാളം യൂണികോഡ് ഫോണ്ടുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ അക്ഷരങ്ങള്‍ക്ക് സാങ്കേതികരൂപം നല്‍കി അവയെ കമ്പ്യൂട്ടറിലെത്തിക്കുകയെന്ന വലിയ ഉദ്യമത്തിന്റെ ഭാഗമായി സന്തോഷ് തോട്ടിങ്ങല്‍ എന്ന പാലക്കാടുകാരന്‍.  

ആദ്യകാലത്ത് ഫോണ്ടുകള്‍ക്കാവശ്യമായ സാങ്കേതികസഹായം നല്‍കുന്നതിലായിരുന്നു സന്തോഷിന്റെ ഇടപെടല്‍. പിന്നീട് സ്വന്തമായി ഫോണ്ടുകള്‍ രൂപകല്‍പ്പന ചെയ്യാനുള്ള ആത്മവിശ്വാസം കൈവന്നു. കൈയെഴുത്ത് ശൈലിയിലുള്ള 'ചിലങ്ക' ഫോണ്ടാണ് സന്തോഷിന്റെ കരവിരുതില്‍ ആദ്യം കിലുങ്ങിയത്. സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാര്‍ മുതല്‍ ഓണ്‍ലൈന്‍ എഴുത്തില്‍ കൈവയ്ക്കുന്നവര്‍ വരെ ചിലങ്കയുടെ ആരാധകരായി മാറി. അങ്ങനെ വളരെ പെട്ടന്ന് ചിലങ്ക സൂപ്പര്‍ഹിറ്റായി.  

ചിലങ്ക ഫോണ്ടിന്റെ വിജയമാണ് പുതിയൊരു അക്ഷര പരീക്ഷണത്തിന് സന്തോഷിന് ഊര്‍ജ്ജം പകര്‍ന്നത്. ചുരുളെഴുത്തിന്റെ വൃത്തവടിവില്‍ ആ അക്ഷരപരീക്ഷണത്തിന് ജീവന്‍ വച്ചപ്പോള്‍ സാങ്കേതികസഹായം നല്‍കി കൂടെ നിന്നത് സന്തോഷിന്റെ ഭാര്യ കാവ്യ മനോഹര്‍. ചിലങ്കയുടെ രൂപകല്‍പ്പനയിലും കാവ്യയുടെ പങ്ക് നിര്‍ണായകമായിരുന്നു. പാലക്കാട് ആര്യാ നെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അധ്യാപിക കൂടിയാണ് കാവ്യ. 

Santhosh Thottingal
സന്തോഷും കാവ്യ മനോഹറും. മഞ്ജരി ഫോണ്ട് രൂപകല്‍പ്പന ചെയ്യുന്നതില്‍ കാവ്യയും സഹായിച്ചു

 

രണ്ടു വര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് മലയാളത്തിലെ എല്ലാത്തരം എഴുത്തുകള്‍ക്കും ഉപയോഗിക്കാവുന്ന 'മഞ്ജരി' ഫോണ്ട് ഇരുവരും ചേര്‍ന്ന് വികസിപ്പിച്ചെടുത്തത്. 

റെഗുലര്‍, ബോള്‍ഡ് എന്നിവയ്ക്ക് പുറമേ മലയാളത്തില്‍ ആദ്യമായി 'വേശി' രീതി കൂടി പുതിയ ഫോണ്ടിലൂടെ അവതരിപ്പിക്കപ്പെടുന്നു. മലയാളം യൂണികോഡ് ഫോണ്ട് ചരിത്രത്തില്‍ നിര്‍ണായകമായ ചുവടുവയ്പാണിത്. 

മീര, രചന ഫോണ്ടുകളുടെ ഗണത്തില്‍ പെടുന്ന മഞ്ജരി ഫോണ്ട് ചതുരവടിവില്‍ നിന്ന് വട്ടവടിവിലേക്ക് വന്നുകൊണ്ടിരിക്കുന്ന മലയാളത്തിന്റെ എഴുത്തുശൈലിയുടെ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നുണ്ട്. മലയാളത്തിന്റെ അക്ഷരങ്ങളെ വിടര്‍ന്നുരുണ്ട വടിവുകളില്‍ മഞ്ജരി ഫോണ്ട് അവതരിപ്പിക്കുന്നു. 'റ' യും 'ര' യും 'മ' യുമൊക്കെ ഈ ഉരുളലിന്റെ സൗന്ദര്യം പകര്‍ത്തുന്നുണ്ട്. ഓരോ അക്ഷരങ്ങളുടെയും അഗ്രഭാഗങ്ങള്‍ വള്ളിപ്പടര്‍പ്പുകളുടെ അറ്റം പോലെ ഉരുണ്ടിരിക്കുന്നു. അക്ഷരങ്ങളിലൂടെ കണ്ണോടിച്ചാല്‍ ഇലകളും വെള്ളത്തുള്ളികളും കൈകോര്‍ക്കുന്ന ജൈവികത ഒളിച്ചിരിക്കുന്നതായി കാണാം.   കൂട്ടക്ഷരങ്ങള്‍ പരമാവധി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ലിപി സഞ്ചയമാണ് ഫോണ്ടിലുള്ളത്. ഇംഗ്ലീഷില്‍ നൂറുകണക്കിന് ഫോണ്ടുകള്‍ ലഭ്യമാണെന്നരിക്കെ ക്ലാസിക്കല്‍ പദവിയിലേയ്ക്കുയര്‍ന്ന മലയാളത്തിനിപ്പോഴും വളരെ പരിമിതമായ എണ്ണം യൂണികോഡ് ഫോണ്ടുകളേ ഉള്ളൂ. 

ഒരുകാലത്ത് സജീവമായിരുന്ന ചുവരെഴുത്തുകാരായിരുന്നു മലയാളത്തിലെ വ്യത്യസ്തമായ എഴുത്ത് ശൈലികളുടെ സ്രഷ്ടാക്കളും പരിപാലകരും. ചുവരെഴുത്താശാന്‍മാരുടെ കൈയൊപ്പ് പതിഞ്ഞ നിരവധി അക്ഷരശൈലികള്‍! പ്രത്യേക ടെക്നിക്ക് ഉപയോഗിച്ചാണ് ആശാന്‍മാര്‍ ചുവരില്‍ അക്ഷരങ്ങള്‍ കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍ ചുവരെഴുത്തുകളെ ഡിജിറ്റല്‍ എഴുത്തുകള്‍ വിഴുങ്ങാന്‍ തുടങ്ങിയപ്പോള്‍ ചുവരുകളിലും മതിലുകളിലും നിറഞ്ഞുനിന്നിരുന്ന എഴുത്തു ശൈലികള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങി. 

അന്യമായിക്കൊണ്ടിരിക്കുന്ന ഇത്തരം ചുവരെഴുത്ത് അക്ഷരരൂപങ്ങളെ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റാനുള്ള വലിയ ശ്രമത്തില്‍ പങ്കാളികളാണ് സന്തോഷും കാവ്യയും കൂടാതെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ സന്നദ്ധപ്രവര്‍ത്തകരായ മറ്റ് സുഹൃത്തുക്കളും. 

വിക്കിമീഡിയ ഫൗണ്ടേഷനിലെ ഭാഷാസാങ്കേതികവിദ്യാ വിഭാഗത്തില്‍ എന്‍ജിനീയറാണ് സന്തോഷ്. പ്രതിഫലേച്ഛ ഇല്ലാതെ തങ്ങളുടെ ഇടവേളകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ സമയം കണ്ടെത്തുന്നു.  

മലയാളം ടൈപ്പോഗ്രഫി ഗൗരവമായ ഗവേഷണങ്ങള്‍ക്ക് സാധ്യതയുള്ള മേഖലയായിട്ടു കൂടി മലയാളം സര്‍വകലാശാലയോ അല്ലെങ്കില്‍ മറ്റ് സര്‍വകലാശാലകളോ ഈ വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് സന്തോഷിന്റെ നിരീക്ഷണം. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലേയും മറ്റും സന്നദ്ധപ്രവര്‍ത്തകരാണ് ഇത്തരം അന്വേഷണങ്ങള്‍ നടത്തുന്നത്. അക്കാദമിക് തലത്തിലുള്ള ഗവേഷണങ്ങളും അന്വേഷണങ്ങളും തീര്‍ച്ചയായും ഡിജിറ്റലിലേക്ക് മാറിക്കൊണ്ടിരിക്കുന്ന മലയാളത്തിന് പുതിയ സാധ്യതകള്‍ നല്‍കുമെന്നും സന്തോഷ് കരുതുന്നു. 

കേരളത്തില്‍ ഇനിയും രേഖപ്പെടുത്താതെ കിടക്കുന്ന നിരവധി വൈവിധ്യമുള്ള അക്ഷരരൂപങ്ങളുണ്ട്. തെക്ക് നിന്ന് വടക്കോട്ട് പോകുമ്പോള്‍ പല അക്ഷരങ്ങളും പല രീതിയിലാണ് ആളുകള്‍ എഴുതുന്നത്. ശൈലിയില്‍ മാത്രമല്ല, എഴുത്തിലും വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നു. ഇവയെ കണ്ടെത്താനും രേഖപ്പെടുത്താനും കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണെന്ന് സന്തോഷ് പറയുന്നു. മലയാളഭാഷയ്ക്കായി നിലകൊള്ളുന്ന സ്ഥാപനങ്ങളും കൂട്ടായ്മകളും ഭാഷയുടെ സാങ്കേതികവശത്തിന് കൂടി പ്രധാന്യം നല്‍കുന്ന വിഷയങ്ങളിലേക്കും ഗവേഷണങ്ങളിലേക്കും കൂടി ശ്രദ്ധ തിരിക്കണമെന്നാണ് സന്തോഷിന്റെ അഭ്യര്‍ത്ഥന (ചിത്രള്‍ക്ക് കടപ്പാട്: സന്തോഷ് തോട്ടിങ്ങല്‍). 

ലേഖികയുടെ ഈമെയില്‍: seenarose@gmail.com മഞ്ജരി ഫോണ്ട് ഡൗണ്‍ലോഡ് ചെയ്യാം: https://smc.org.in/fonts/#manjari