കൊച്ചി: ഭാഷാസാങ്കേതികരംഗത്ത് മലയാളത്തിന് ഒരു പൊന്‍തൂവല്‍ക്കൂടി സമ്മാനിച്ചുകൊണ്ട് പുതിയൊരു യുണികോഡ് അക്ഷരരൂപം കൂടി എത്തി. 'മഞ്ജരി' എന്നാണ് പുതിയ മലയാളം ഫോണ്ടിന്റെ പേര്.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങിന്റെ ( SMC ) ആഭിമുഖ്യത്തില്‍ ഭാഷാസാങ്കേതിക വിദഗ്ധനായ സന്തോഷ് തോട്ടിങ്ങല്‍ രൂപപ്പെടുത്തിയ മഞ്ജരി ഫോണ്ട്, കൊച്ചിയില്‍ ശനിയാഴ്ച നടന്ന ചടങ്ങില്‍ പുറത്തിറക്കി.

ചെറിയ അക്ഷരങ്ങള്‍ക്കും തലക്കെട്ടുകള്‍ക്കും സൗകര്യപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ഫോണ്ടാണ് മഞ്ജരി. അതിനായി സാധാരണ കനത്തിലുള്ള അക്ഷരങ്ങള്‍ക്ക് പുറമെ കട്ടികുറഞ്ഞതും ( thin ) കട്ടികൂടിയതുമായ ( bold ) പതിപ്പുകള്‍ക്കൂടി ഉള്‍പ്പെടുന്ന മൂന്ന് ഫോണ്ടുകളാണ് അവതരിപ്പിച്ചത്. 

യുണികോഡ് 9.0 പതിപ്പ് പിന്തുണയ്ക്കുന്ന ഫോണ്ടാണ് മഞ്ജരി. മലയാളത്തിന് പുറമേ, ഇംഗ്ലീഷ്/ലാറ്റിന്‍ അക്ഷരങ്ങളും ഈ ഫോണ്ടിലുണ്ട്. ഉരുണ്ട മലയാളം അക്ഷരങ്ങളുടെ ശൈലിക്കനുസരിച്ചാണ് ഇംഗ്ലീഷ് അക്ഷരങ്ങള്‍ വരച്ചിട്ടുള്ളത്. 

Manjari Font

ഓപ്പണ്‍ ഫോണ്ട് ലൈസന്‍സ് പ്രകാരം സ്വതന്ത്രവും സൗജന്യവുമാണ് മഞ്ജരി. കൂട്ടക്ഷരങ്ങള്‍ പരമാവധി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ലിപി സഞ്ചയമാണ് മഞ്ജരിക്കുള്ളത്.

60 കിലോബൈറ്റ് മാത്രം ഫയല്‍ വലിപ്പമുള്ള മഞ്ജരി ഫോണ്ട് വെബ് ഫോണ്ടുകളായി എളുപ്പത്തില്‍ ഉപയോഗിക്കാം. TTF, OTF, WOFF, WOFF2 എന്നീ ഫോര്‍മാറ്റുകളില്‍ മഞ്ജരി ഫോണ്ട് ഡൗണ്‍ലോഡ് ചെയ്യാം. 

Manjari Font
'മഞ്ജരി' ഫോണ്ട് പ്രകാശനച്ചടങ്ങില്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ് പ്രവര്‍ത്തകര്‍. ചിത്രം കടപ്പാട്: Manoj Karingamadathil ലിന്റെ ഫെയ്‌സ്ബുക്ക് പേജ്

 

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങിന്റെ പതിനൊന്നാമത്തെ മലയാളം ഫോണ്ടാണ് മഞ്ജരി. മഞ്ജരിയുടെ ശില്പിയായ സന്തോഷ് തോട്ടിങ്ങല്‍ 2014 ല്‍ 'ചിലങ്ക' എന്ന ഫോണ്ട് രൂപകല്‍പ്പന ചെയ്തിരുന്നു. കൈയെഴുത്ത് ശൈലിയിലുള്ള ഫോണ്ടായിരുന്നു 'ചിലങ്ക'. അത് പെട്ടന്ന് ജനപ്രീതി നേടി.  

മാത്രമല്ല, രചന, മീര, അഞ്ജലി, കേരളീയം, ഉറൂബ്, ദ്യുതി, കറുമ്പി, സുറുമ തുടങ്ങിയ മലയാളം ഫോണ്ടുകളുടെയൊക്കെ സാങ്കേതികവിദ്യയില്‍ സന്തേഷ് പങ്കുവഹിച്ചിട്ടുണ്ട്. വിക്കിമീഡിയ ഫൗണ്ടേഷനലെ ഭാഷാ സാങ്കേതികവിദ്യാ വിഭാഗത്തില്‍ എന്‍ജിനീയറാണ് പാലക്കാട് സ്വദേശിയായ സന്തോഷ്.

മഞ്ജരിയുടെ സാങ്കേതിക സാക്ഷാത്ക്കാരത്തിലും കനം കുറഞ്ഞ പതിപ്പിന്റെ രൂപകല്‍പ്പനയിലും സഹകരിച്ചത് കാവ്യ മനോഹര്‍ ആണ്. സന്തോഷിന്റെ ഭാര്യയാണ് ആര്യാനെറ്റ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അധ്യാപിക കൂടിയായ കാവ്യ. 

മഞ്ജരിയുടെ പൂര്‍ണ രൂപം തയ്യാറാക്കുന്നതിന് ഏകദേശം രണ്ടുവര്‍ഷത്തോളം സമയമെടുത്തു. മലയാളത്തിന്റെ അക്ഷരചിത്രീകരണ നിയമങ്ങളെ ഈ ഫോണ്ടിനുവേണ്ടി പുതുക്കിയെഴുതിയിട്ടുണ്ട്. 

മഞ്ജരി ഫോണ്ട് ഡൗണ്‍ലോഡ് ചെയ്യാന്‍: https://smc.org.in/fonts/#manjari