വലിയ ആഘോഷങ്ങളുടെ അകമ്പടിയില്ലാതെ ജിയോ ടിവി ലൈവ് സ്ട്രീമിങ് സേവനത്തിന്റെ വെബ് പതിപ്പ് റിലയന്‍സ് ജിയോ അവതരിപ്പിച്ചു. ജിയോ സിനിമയ്ക്ക് ശേഷം വെബ് പതിപ്പിലേക്ക് മാറുന്ന രണ്ടാമത്തെ ജിയോഉല്‍പ്പന്നമാണ് ജിയോ ടിവി. ഇതുവഴി വെബ് ബ്രൗസറിലൂടെ സൗജന്യമായി ടെലിവിഷന്‍ ചാനലുകള്‍ കാണാന്‍ സാധിക്കും.

jiotv.com എന്ന യുആര്‍എലിലാണ് ജിയോ ടിവി വെബ്‌സൈറ്റ് ലഭിക്കുക. എന്റര്‍ടെയ്ന്‍മെന്റ്, മൂവീസ്, ന്യൂസ്, സ്‌പോര്‍ട്‌സ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ചാനലുകള്‍ വെബ്‌സൈറ്റില്‍ കാണാന്‍ സാധിക്കും. എച്ച്ഡി ചാനലുകള്‍ പ്രത്യേകം കാണാനുമുള്ള സൗകര്യവും ഇതിലുണ്ട്. പ്രാദേശിക ഭാഷകളിലുള്ള ചാനലുകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

എന്നാല്‍ ജിയോ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ജിയോ ടിവി, ജിയോ സിനിമ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കാനും സാധിക്കുക. ഇതിനായി ഉപയോക്താക്കള്‍ അവരുടെ ജിയോ ഐഡിയുെ പാസ് വേഡും നല്‍കി ലോഗ് ഇന്‍ ചെയ്യണം. 

എന്നാല്‍ മൊബൈലിലേത് പോലെ ജിയോ നെറ്റ് വര്‍ക്കില്‍ തന്നെ ആയിരിക്കണം എന്ന നിബന്ധനയില്ല. വൈഫൈ ഹോട്ട് സ്‌പോട്ടുകളുമായി ബന്ധിപ്പിച്ചോ മറ്റ് കമ്പനികളുടെ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചോ ജിയോ ഉപയോക്താക്കള്‍ക്ക് ബ്രൗസര്‍ വഴി വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

പക്ഷെ, വെബ്‌സൈറ്റ് ഇപ്പോള്‍ താല്‍കാലികമായി പിന്‍വലിച്ചിരിക്കുകയാണ്. വെബ്‌സൈറ്റ് അണ്ടര്‍ കണ്‍സട്രക്ഷന്‍ എന്നാണ് യൂആര്‍എല്‍ സന്ദര്‍ശിച്ചാല്‍ ഇപ്പോള്‍ കാണാന്‍ സാധിക്കുക. എന്നാല്‍ ജിയോ സിനിമാ വെബ്‌സൈറ്റ് ഇപ്പോഴും ലഭ്യമാണ്.