'എന്തിനും ഉത്തരം ഇന്റര്‍നെറ്റിലുണ്ട്' എന്നത് ഒരു സാധാരണ പ്രയോഗമാണ്. എന്നാല്‍ സാങ്കേതികരംഗത്തെ ചില കാര്യങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ പറയാനും പഠിപ്പിക്കാനും കഴിവുള്ളവര്‍ കുറവാണ്. ഇനി വളരെ ലളിതമായി സാങ്കേതിക കാര്യങ്ങള്‍ പഠിപ്പിക്കുന്നവര്‍ ഉണ്ടെങ്കില്‍തന്നെ അതെല്ലാം മലയാളം ഒഴികെയുള്ള ഭാഷകളിലുമാണ്. 

എന്നാല്‍ സാങ്കേതിക അറിവുകളെ ലളിതമായ ഭാഷയില്‍ മലയാളത്തിലൂടെ പഠിപ്പിക്കാനുള്ള ശ്രമത്തിലാണ് ടെക്‌നോളജിസ്റ്റായ ശ്യാംലാല്‍ ടി പുഷ്പ്പന്‍. 

കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ് തുടങ്ങിയ വിഷയങ്ങള്‍ മലയാളത്തില്‍ സൗജന്യമായി പഠിപ്പിക്കാനുള്ള പദ്ധതിയുമായാണ് ശ്യാംലാല്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. യൂട്യൂബ് ചാനലിന് പുറമെ കംപ്യൂട്ടര്‍ സംബന്ധിച്ച വിവിധ വിഷയങ്ങളില്‍ സൗജന്യവും സമഗ്രവുമായ പഠന ക്ലാസുകള്‍ ഉള്‍പ്പെടുത്തിയ വെബ് സൈറ്റും തുടങ്ങിയിട്ടുണ്ട്. 

സാങ്കേതിക അറിവുകളുടെ ടിപ്‌സ് എന്നതില്‍ നിന്നും വ്യത്യസ്തമായി ഓരോ വിഷയത്തിന്റെയും തുടര്‍പഠനസഹായി കൂടിയായി മാറുകയാണ് ആലപ്പുഴയില്‍ സ്വകാര്യ ഐ.ടി സ്ഥാപനം നടത്തുന്ന ശ്യമിന്റെ http://itfundamentals.in/ എന്ന വെബ് സൈറ്റ്. 

IT Fundamentals

കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍, നെറ്റ്‌വര്‍ക്കിംഗ് എന്നീ വിഷയത്തില്‍ സൗജന്യമായ പഠനപദ്ധതിയമായി മുന്നോട്ടു പോകുന്ന ഈ വെബ്‌സൈറ്റ് ഇപ്പോള്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളിലും ഐടി കമ്മ്യൂണിറ്റികളിലും ചര്‍ച്ചയായിട്ടുണ്ട്. 

ഒരു ദിവസം ഒരു വീഡിയോ എന്ന ക്രമത്തിലാണ് പഠനം. ഓരോ ചാപ്റ്ററുകളായി തിരിച്ചാണ് കംപ്യൂട്ടര്‍ പഠനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിലവില്‍  കൂടുതല്‍ ചര്‍ച്ച ആവശ്യമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാല്‍ അതിനെക്കുറിച്ച് അടുത്ത വീഡിയോയില്‍ പ്രതിപാദിക്കുന്ന രീതിയിലാണ് പഠനം മുന്നോട്ടു പോകുന്നത്. 

ഓണ്‍ലൈന്‍ പഠനക്ലാസുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ശ്യാലാലിനെ ഫോണില്‍ വിളിക്കാം. അതുമല്ലെങ്കില്‍ www.9847155469.com തന്റെ തന്നെ ഫോണ്‍നമ്പറിലുള്ള വെബ്‌സൈറ്റില്‍ കയറി സംശയം ചോദിക്കാം. 

താന്‍ ആര്‍ജിച്ച അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന് ശ്യാംലാല്‍ പറയുന്നു. വിക്കിപീഡിയ, ഓണ്‍ലൈന്‍ ഫോറം, ഫെയ്‌സ്ബുക്ക് കമ്മ്യൂണിറ്റികള്‍ എന്നിവയൊക്കെ അറിവിന്റെ സ്രോതസ്സുകള്‍ ആണ്. എന്നാല്‍ അവിടങ്ങളില്‍ നിന്നുള്ള അറിവ് ഉപയോഗിക്കുന്നതിനൊപ്പം അത്തരം അറിവിന്റെ സഞ്ചയത്തിലേക്ക് സ്വന്തം അറിവുകളെ തിരിച്ചു നല്‍കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ശ്യാം പറയുന്നു.