ബ്രൗസ് ചെയ്‌തെത്തുന്ന വെബ്‌സൈറ്റില്‍ നിന്നും അനാവശ്യ പേജുകളിലേക്ക് വഴിതിരിച്ചു വിടുന്ന റീഡയറക്റ്റ് പരസ്യങ്ങള്‍ 2018 മുതല്‍ ഗൂഗിള്‍ ക്രോം ബ്ലോക്ക് ചെയ്യും. മൂന്ന് ഘട്ടങ്ങളിലായാണ് ഈ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നതെന്നാണ് വിവരം.

നിലവില്‍ പോപ്പ് അപ്പ് പരസ്യങ്ങളും ഓട്ടോ പ്ലേയും ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം ഗൂഗിള്‍ ക്രോമിലുണ്ട്. ഇതിന് പിന്നാലെയാണ് റീഡയറക്റ്റ് ആഡുകള്‍ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനവും ക്രോം അവതരിപ്പിക്കാനൊരുങ്ങുന്നത്.

2008 മുതല്‍ പോപ് അപ്പ് ബ്ലോക്ക് സൗകര്യം ഗൂഗിള്‍ നല്‍കിവരുന്നുണ്ട്. അരസികവും അസ്വാഭാവികവുമായ പരസ്യങ്ങള്‍ വിന്‍ഡോയില്‍ പ്രത്യക്ഷപ്പെടുന്നതിനെ തുടര്‍ന്നാണ് ഗൂഗിള്‍ പോപ്പ് അപ്പ് പരസ്യങ്ങള്‍ തടയാനുള്ള സൗകര്യം ഒരുക്കിയത്. 

റീഡയറക്റ്റ് പരസ്യങ്ങളും ഇതേ രീതിയിലുള്ള പ്രശ്‌നങ്ങളാണ് പലപ്പോഴും ഉപയോക്താക്കള്‍ക്ക് സൃഷ്ടിക്കുന്നത്. നമ്മള്‍ സെര്‍ച്ച് ചെയ്യുന്ന വെബ് പേജിന്റെ ഉടമകളുടെ അനുവാദം പോലുമില്ലാതെയാണ് പല പരസ്യങ്ങളും ഉപയോക്താക്കളെ വഴിതെറ്റിച്ച് കൊണ്ടുപോവുന്നത്. ഇത് വായനക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഗൂഗിളിന് ലഭിച്ചിട്ടുണ്ട്.

ഇനിമുതല്‍ ഇത്തരം പരസ്യങ്ങള്‍ പേജില്‍ നിന്നും റീഡയറക്റ്റ് ആവില്ല. പകരം പ്രത്യേകം തയ്യാറാക്കിയ ഇന്‍ഫോബാറിലായിരിക്കും (infobar) പ്രത്യക്ഷപ്പെടുക. അതുകൊണ്ടുതന്നെ വായിച്ചുകൊണ്ടിരിക്കുന്ന വെബ് പേജ് അപ്രതീക്ഷിതമായി മറ്റൊരു പേജിലേക്ക് റീഡയറക്റ്റ് ആവുമെന്ന് പേടിക്കേണ്ടതില്ല.

Content highlights: Google killing blocking Redirect ads pop ups autoplay chrome browser