ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സ് I/O 2018 ന് തുടക്കമായി. ഗൂഗിളിനെ സംബന്ധിച്ചിടത്തോളം ഭാവി പദ്ധതികളുടെയും ഉല്‍പന്നങ്ങളുടെയും സുപ്രധാന പ്രഖ്യാപനങ്ങള്‍ നടക്കുന്ന ഏറെ പ്രധാനപ്പെട്ട വേദിയാണ് ഗൂഗിള്‍ I/O കോണ്‍ഫറന്‍സ്. ഇത്തവണ ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ നടത്തിയ മുഖ്യ പ്രഭാഷണവും ഗൂഗിളിന്റെ ഭാവി പദ്ധതികളുടെ പ്രഖ്യാപനങ്ങളായിരുന്നു. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് പി, കൂടുതല്‍ മികച്ച ഗൂഗിള്‍ അസിസ്റ്റന്റ്, പുതുക്കിപ്പണിത ഗൂഗിള്‍ ന്യൂസ്, ഗൂഗിള്‍ മാപ്പിലെ പുതിയ ഫീച്ചറുകള്‍, ഗൂഗിള്‍ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നതായിരുന്നു പ്രധാന പ്രഖ്യാപനങ്ങള്‍. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും മെഷിന്‍ ലേണിങ്ങിനുമെല്ലാം സ്ഥാനം നല്‍കിക്കൊണ്ടുള്ളതാണ് ഗൂഗിളിന്റെ ഇനിയുള്ള കാലമെന്ന് വിളിച്ചുപറയുന്നത് കൂടിയായിരുന്നു ഈ മുഖ്യപ്രഭാഷണങ്ങള്‍. ആരോഗ്യ രംഗത്തെ മെഷീന്‍ ലേണിങ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളുടെ ഉപയോഗത്തെ കുറിച്ച് പറഞ്ഞാണ് പിച്ചൈ തന്റെ പ്രസംഗം ആരംഭിച്ചത്.

ആരോഗ്യ രംഗത്തെ ഗൂഗിള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷിന്‍ ലേണിങ് ടൂളുകള്‍

ഡയബറ്റിക് റെറ്റിനോപതി കണ്ടെത്തുന്നതിനുള്ള ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂള്‍ ഏറെ അറിയപ്പെടുന്നതാണ്. ഭാവിയില്‍ റെറ്റിന ചിത്രങ്ങള്‍ വിലയിരുത്തി ഹൃദ്രോഗ സംബന്ധിയായ കണ്ടെത്തലുകള്‍ക്കും മെഷീന്‍ ലേണിങ് പ്രയോജനപ്പെടുത്താനാവുമെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞു. ഇതിനുള്ള പ്രായോഗിക പരീക്ഷണങ്ങള്‍ ഉടന്‍ ആരംഭിക്കും. അധികം വൈകാതെ തന്നെ ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപകരണങ്ങള്‍ക്ക് രോഗിയുടെ ഗുരുതരാവസ്ഥ തിരിച്ചറിയാനും കൂടുതല്‍ ശ്രദ്ധ വേണമെന്ന് നിര്‍ദ്ദേശിക്കാനും സാധിക്കുമെന്നും പിച്ചൈ പറയുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ആഗോളതലത്തില്‍ കൊണ്ടുവരാനും അതിനായി ലോകത്താകമാനം സെന്ററുകള്‍ സ്ഥാപിക്കുമെന്നും  ഡോക്ടര്‍മാരുടെ കുറവ് നികത്താനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗൂഗിള്‍ അസിസ്റ്റന്റിലെ പുതിയ ഫീച്ചറുകള്‍

ഗൂഗിള്‍ അസിസ്റ്റന്റിനെ കൂടുതല്‍ മികവുറ്റതാക്കുകയാണ് കമ്പനി. ഉപയോക്താക്കളുമായുള്ള ഗൂഗിള്‍ അസിസ്റ്റന്റിന്റെ സംഭാഷണം കൂടുതല്‍ സ്വാഭാവികമായി മാറും. സംഭാഷണം ആരംഭിക്കാന്‍ 'ഒക്കെ ഗൂഗിള്‍' എന്ന് എപ്പോഴും പറയേണ്ടിവരില്ല ഇനി. ഒരു തവണ തുടങ്ങിയ സംഭാഷണം ഏറെ നേരെ തുടര്‍ന്നു കൊണ്ടുപോവാന്‍ സാധിക്കും. 

ഒരേ സമയം ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ ഗൂഗിള്‍ അസിസ്റ്റന്റിനോട് ഇനി ആവശ്യപ്പെടാന്‍ സാധിക്കും. ഇതിനായി മള്‍ട്ടിപ്പിള്‍ ആക്ഷന്‍സ് എന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ അസിസ്റ്റന്റില്‍ ചേര്‍ത്തിട്ടുണ്ട്.

എന്നാല്‍ ഗൂഗിള്‍ അസിസ്റ്റന്റിലെ പുതിയ ഫീച്ചറുകളില്‍ പ്രധാനപ്പെട്ടത് ഫോണ്‍ ചെയ്യാനും അപ്പോയ്ന്‍മെന്റ് എടുക്കാനുമെല്ലാമുള്ള സൗകര്യമാണ്. അതായത് ഒരു റസ്‌റ്റോറന്റിലേക്ക് വിളിച്ച് ഭക്ഷണം ആവശ്യപ്പെടാനും സലോണിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും വിളിച്ച് അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യാനുമെല്ലാം ഗൂഗിള്‍ അസിസ്റ്റന്റ് വഴി സാധിക്കും. 

Google Searchഭക്ഷണങ്ങള്‍ ബുക്ക് ചെയ്യുന്ന സേവനം നല്‍കുന്നതിനായി നിരവധി സ്ഥാപനങ്ങളുമായി ഗൂഗിള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. 

അതേസമയം അപ്പോയിന്‍മെന്റുകള്‍ എടുക്കുന്നതിനായുള്ള ഗൂഗിള്‍ അസിസ്റ്റന്റ് സേവനമാണ് മികച്ച മറ്റൊന്ന്. മുടിവെട്ടാന്‍ വേണ്ടി ഒരു സലോണിലേക്ക് വിളിച്ച് സമയം ബുക്ക് ചെയ്യാന്‍ നമ്മള്‍ ഗൂഗിള്‍ അസിസ്റ്റന്റിനോട് ആവശ്യപ്പെടുന്നു. ആ സലോണിലേക്ക് വിളിച്ച് അവിടത്തെ ജീവനക്കാരുമായി മനുഷ്യര്‍ സംസാരിക്കുന്നപോലെ സംസാരിക്കാനും മുടിവെട്ടാനുള്ള സമയം അവരുമായി ചര്‍ച്ച ചെയ്യാനും തീരുമാനിക്കാനുമെല്ലാം ഗൂഗിള്‍ അസിസ്റ്റന്റിന് സാധിക്കും. ഗൂഗിള്‍ ഡ്യൂപ്ലെക്‌സ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗൂഗിള്‍ ഇത് സാധ്യമാക്കിയിരിക്കുന്നത്. എന്തായാലും ഗൂഗിള്‍ ഈ സാങ്കേതികവിദ്യയ്ക്ക് വേണ്ടിയുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങളിലാണ്. ആറ് പുതിയ ശബ്ദങ്ങളും ഗൂഗിള്‍ അസിസ്റ്റന്റിന് നല്‍കിയിട്ടുണ്ട്.

ജിമെയില്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവയ്ക്ക് വേണ്ടിയുള്ള സ്മാര്‍ട്​ഫീച്ചറുകള്‍

മെഷിന്‍ ലേണിങ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ സ്മാര്‍ട് കംപോസിങ് സംവിധാനം ജിമെയിലില്‍ താമസിയാതെ എത്തും. ഒരാള്‍ ഇമെയില്‍ ടൈപ്പ് ചെയ്യുമ്പോള്‍ വാക്കുകള്‍ മുഴുവനാക്കാനും, അഡ്രസ് ചേര്‍ക്കാനുമെല്ലാം ഈ സംവിധാനം സഹായിക്കും. ഡോക്യുമെന്റുകള്‍ തിരിച്ചറിഞ്ഞ് അവ പെട്ടെന്ന് തന്നെ പിഡിഎഫ് രൂപത്തിലേക്ക് മാറ്റാനുള്ള സ്മാർട് ആക്ഷന്‍ ഫീച്ചറാണ് ഗൂഗിള്‍ ഫോട്ടോസില്‍ ചേര്‍ത്തിട്ടുള്ളത്. 

പുതുക്കിയ ഗൂഗിള്‍ ന്യൂസ്

പരിഷ്‌കരിക്കപ്പെട്ട ഗൂഗിള്‍ ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് ഗൂഗിള്‍ ന്യൂസ്. മെഷിന്‍ ലേണിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുടെ സഹായത്തോടെ രൂപകല്‍പനയില്‍ വലിയ മാറ്റമാണ് ഗൂഗിള്‍ ന്യൂസിന് ഉണ്ടായിരിക്കുന്നത്. ചിത്രങ്ങള്‍, വീഡിയോകള്‍, വാര്‍ത്താ ലേഖനങ്ങള്‍ എന്നിവയില്‍ ശ്രദ്ധചെലുത്തിക്കൊണ്ടാണ് പുതിയ മാറ്റം. ട്വീറ്റുകള്‍, ലേഖനങ്ങൾ, വീഡിയോ എന്നിവയടക്കം ഒരു വിഷയത്തിന്‍ മേലുള്ള എല്ലാ വിവരങ്ങളും ഒരിടത്ത് തന്നെ കാണിക്കുന്ന ന്യൂസ് കാസ്റ്റ് (News Casts) സേവനവും ഗൂഗിള്‍ ആരംഭിച്ചിട്ടുണ്ട്.  ഒരു വിഷയവുമായി ബന്ധപ്പെട്ട സമ്പൂര്‍ണ വിവരങ്ങള്‍ തരുന്ന ഫുള്‍ കവറേജ് ഓപ്ഷനും ഗൂഗിള്‍ ന്യൂസില്‍ ചേര്‍ക്കുന്നു.

സബ്‌സ്‌ക്രിപ്ഷന്‍ ആവശ്യമായ വാര്‍ത്തകള്‍ക്ക് പുതിയ സബ്‌സ്‌ക്രൈബ് സംവിധാനവും ഗൂഗിള്‍ ന്യൂസില്‍ ചേര്‍ത്തിരിക്കുന്നു. ഇതുവഴി പണം നല്‍കി വായിക്കേണ്ട വാര്‍ത്തകളും ലേഖനങ്ങളും എളുപ്പത്തില്‍ കണ്ടെത്താനും അവ വായിക്കാനും ഉപയോക്താക്കള്‍ക്ക് സാധിക്കും. വരും ആഴ്ചകളില്‍ തന്നെ ഈ ഫീച്ചര്‍ 127 ലോക രാജ്യങ്ങളില്‍ ലഭ്യമായിത്തുടങ്ങും. 

ഡിജിറ്റല്‍ സൗഖ്യത്തിനായി ആന്‍ഡ്രോയിഡ് പി 

ഉപയോക്താക്കളുടെ ഫോണ്‍ ആസക്തി അറിയാനും ഫോണുകളുടെ ഉപയോഗം നിയന്ത്രിക്കാനും സഹായിക്കുന്ന ഫീച്ചര്‍ ആന്‍ഡ്രോയിഡ് പി യിലുണ്ടാവും. എത്ര തവണ ഫോണ്‍ അണ്‍ലോക്ക് ചെയ്തു, എത്ര തവണ നോട്ടിഫിക്കേഷനുകള്‍ നോക്കി, എപ്പോള്‍ ഇടവേളയെടുക്കണം, എത്ര നേരം ആപ്ലിക്കേഷനുകള്‍ നോക്കി തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഡാഷ് ബോര്‍ഡ് ആന്‍ഡ്രോയിഡ് പിയില്‍ ഉണ്ടാവും. 

വീഡിയോ കാണുന്നതില്‍ ഇടവേളയെടുക്കാന്‍ യൂട്യൂബും ഉപയോക്താക്കളോട് ആവശ്യപ്പെടും. ഈ ഫീച്ചര്‍ താമസിയാതെ യൂട്യൂബ് പ്രാബല്യത്തില്‍ കൊണ്ടുവരും. 

ഫോണിന്റെ ബാറ്ററി ഉപയോഗം നിയന്ത്രിക്കാന്‍ 'അഡാപ്റ്റീവ് ബാറ്ററി' ഫീച്ചര്‍ ആന്‍ഡ്രോയിഡ് പിയിലുണ്ടാവും. കൂടാതെ ഒരു മെഷിന്‍ ലേണിങ് കിറ്റും ഗൂഗിള്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് പി യുസര്‍ ഇന്റര്‍ ഫെയ്‌സില്‍ പുതിയ സൈ്വപ്പുകളും ജെസ്റ്റര്‍ നാവിഗേഷനുകളും ഉണ്ടാവും.

Waymoഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ ലെന്‍സ്

അടുത്തുള്ള റസ്റ്റോറന്റ്, ഷോപ്പിങ് മാള്‍ പോലെ ഉപയോക്താക്കള്‍ക്ക് താല്‍പര്യമുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ നിര്‍ദ്ദേശിക്കുന്ന 'for you' ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ താമസിയാതെ എത്തും. നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് സ്ഥലങ്ങള്‍ നിര്‍ദ്ദേശിക്കുന്ന 'Your Match' എന്ന ഫീച്ചറും മാപ്പിലെത്തും. ഇതിനും മെഷിന്‍ ലേണിങ് സംവിധാനമാണ് ഉപയോഗപ്പെടുത്തുന്നത്. 

ഒരു സ്ഥലം തിരഞ്ഞെടുക്കുന്നതിനായി സുഹൃത്തുക്കളോട് അഭിപ്രായം ചോദിക്കുന്നതിനുള്ള ഷെയര്‍ വിത്ത് ഫ്രണ്ട്‌സ് എന്ന ഫീച്ചറും ഗൂഗിള്‍ മാപ്പിലെത്തും. ഒരു സ്ഥലം തിരഞ്ഞെടുക്കുന്നതിന് സുഹൃത്തുക്കള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കും. വിഷ്വല്‍ പൊസിഷനിങ് സിസ്റ്റം (വിപിഎസ്) ഉപയോഗിച്ച് നാവിഗേഷന്‍ സാധ്യമാക്കുന്ന സംവിധാനവും മാപ്പില്‍ അവതരിപ്പിക്കും.

ഗൂഗിള്‍ ലെന്‍സിലും പുതിയ മാറ്റങ്ങള്‍ താമസിയാതെ എത്തും. ചിത്രങ്ങള്‍ക്ക് സമാനമായ മറ്റുള്ള വ നിര്‍ദ്ദേശിക്കുന്ന സ്റ്റൈല്‍ മാച്ച് ഫീച്ചര്‍ അതിലൊന്നാണ്. ഗൂഗിള്‍ പിക്‌സല്‍, എല്‍ജി ജി7 സ്മാര്‍ട്‌ഫോണുകളുടെ ക്യാമറാ ആപ്പില്‍ ഗൂഗിള്‍ ലെന്‍സ് ലഭ്യമാവും.

വെയ്‌മോ കാര്‍

വെയ്‌മോ ഡ്രൈവറില്ലാ കാറുകളുടെ പ്രഖ്യാപനവും ഗൂഗിള്‍ I/O കോണ്‍ഫറന്‍സിലുണ്ടായി. ഈ വര്‍ഷം അവസാനത്തോടെ അരിസോണയിലെ ഫീനിക്‌സ് നഗരത്തില്‍ വെയ്‌മോ ഡ്രൈവര്‍വെസ് കാറുകളുടെ സേവനം ആരംഭിക്കുമെന്ന് വെയ്‌മോ സിഇഓ ജോണ്‍ ക്രാഫ്‌സിക് പറഞ്ഞു. ഉപയോക്താക്കള്‍ക്ക് വേണ്ടയിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കും. ഈ ഡ്രൈവറില്ലാ കാറുകളെ പുതിയ വിദ്യകള്‍ പരിശീലിപ്പിക്കുകയാണെന്നും ക്രാഫ്‌സിക് പറഞ്ഞു. 

Content Highlights: Google I O conference google assistant AI ML