മുംബൈ: അനശ്വരഗായകന്‍ മുഹമ്മദ് റഫിയ്ക്ക് സമര്‍പ്പിച്ച് ഗൂഗിളിന്റെ പുതിയ ഡൂഡിള്‍. റഫിയുടെ 93ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ഗൂഗിള്‍ പുതിയ ഡൂഡിള്‍ അവതരിപ്പിച്ചിരിക്കുന്നത്. 

മുഹമ്മദ് റഫി സ്റ്റുഡിയോയില്‍ പാടുന്നതും ആ ഗാനരംഗത്തില്‍ അഭിനയിക്കുന്ന നടീനടന്മാരെയുമാണ് ഡൂഡിളില്‍ അവതരിപ്പിച്ചിട്ടുള്ളത്. 

1924 ഡിസംബര്‍ 24 നാണ് മുഹമ്മദ് റഫിയുടെ ജന്മദിനം. 1941 ല്‍ ചലച്ചിത്ര പിന്നണി ഗായകാനിയ അരങ്ങേറ്റം കുറിച്ച റഫി, ഇന്ത്യന്‍ സംഗീതപ്രേമികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ വിശിഷ്ട വ്യക്തിത്വമായി മാറുകയായിരുന്നു. പ്രതീക്ഷിക്കാതെയായിരുന്നു 1980 ജുലായ് 31ന് 55ാം വയസില്‍ അദ്ദേഹത്തിന്റെ മരണം.

മുഹമ്മദ് റഫിയുടെ നിരവധി ഗാനങ്ങള്‍ക്ക് തലമുറകള്‍ക്കിപ്പുറവും ആരാധകര്‍ ഏറെയാണ്. അക്കാലത്തെ മുന്‍ നിര ഗായകര്‍ക്കൊപ്പമെല്ലാം മുഹമ്മദ് റഫി ഗാനമാലപിച്ചിട്ടുണ്ട്. ഹിന്ദിയിലും മറ്റ് ഭാഷകളിലുമായി ഖവാലി, ഗസല്‍, ഡിസ്‌കോ, പോപ് ശാഖകളില്‍ പെട്ട നിരവധി ഗാനങ്ങള്‍ റഫിയുടേതായിട്ടുണ്ട്. 

രാജ്യത്തിന് സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളുടെ ജന്മദിനത്തില്‍ അവര്‍ക്ക് ആദരമര്‍പ്പിച്ചും വിശേഷദിവസങ്ങളില്‍ അത് ആഘോഷമാക്കിയും ഗൂഗിള്‍ ഡൂഡിള്‍ പുറത്തിറക്കാറുണ്ട്. സെര്‍ച്ച് ബോക്‌സിന് മുകളിലായി ഗൂഗിള്‍ ലോഗോയുടെ സ്ഥാനത്താണ് പ്രത്യേകം രൂപകല്‍പന ചെയ്ത ഡൂഡിള്‍ ഉണ്ടാവുക.