ഒരു വര്‍ഷത്തിനിടെ സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് 760,935 വൈബ്സൈറ്റുകളെ രക്ഷപെടുത്തിയെന്ന് ഗൂഗിള്‍. സൈബര്‍ അതിക്രമങ്ങള്‍ നേരിടാന്‍ ആവിഷ്‌കരിച്ച സുരക്ഷാപദ്ധതിയായ 'സേഫ് ബ്രൗസിംഗ് അലര്‍ട്ട്' എന്ന സംവിധാനത്തിലൂടെയാണ് ഇത് സാധ്യമായതെന്ന് ഗൂഗിള്‍ പറയുന്നു.

സുരക്ഷാ പിഴവുകളെക്കുറിച്ചും അപകട സാധ്യതകളെക്കുറിച്ചും നെറ്റ്‌വര്‍ക്ക് അഡ്മിന് മുന്‍കൂട്ടി വിവരം നല്‍കുകയാണ് 'സേഫ് ബ്രൗസിംഗ് അലര്‍ട്ട്' ചെയ്യുന്നത്. 

ഇതിന്റെ സഹായത്തോടെ മറികടന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് 760,935 വെബ്സൈറ്റുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആക്രമണത്തിന് വിധേയമായിട്ടുണ്ടെന്ന് വ്യക്തമായത്. 

ഗൂഗിളും ബര്‍കിലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് 'സേഫ് ബ്രൗസിംഗ് അലര്‍ട്ടി'ന്റെ പ്രവര്‍ത്തനശേഷി വിലയിരുത്താനുള്ള പഠനം നടത്തിയത്. ജൂലായ് 2014 മുതല്‍ ജൂണ്‍ 2015 വരെയുള്ള കാലത്താണ് ഇത്രയും വെബ്സൈറ്റ് ആക്രമണങ്ങള്‍ ഉണ്ടായിട്ടുള്ളത്. 

സേഫ് ബ്രൗസിംഗ് അലര്‍ട്ടിലൂടെ മുന്‍കൂട്ടി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുന്‍കാലത്തേക്കള്‍ 50 ശതമാനത്തോളം അധികം പ്രശ്നപരിഹാരം സാധ്യമായി. മാത്രമല്ല, കമ്പ്യൂട്ടറുകളെ ബാധിച്ച പ്രശ്നങ്ങളുടെ തീവ്രത 62 ശതമാനം കുറയ്ക്കാന്‍ സാധിച്ചതായും പഠനം വ്യക്തമാക്കുന്നു. 

80 ശതമാനത്തോളം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് ലഭിച്ച ശേഷം നടത്തിയ ആദ്യശ്രമത്തില്‍ത്തന്നെ കമ്പ്യൂട്ടര്‍ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിച്ചു. 12 ശതമാനം മാത്രമാണ് വീണ്ടും സൈബര്‍ ആക്രമണത്തിന് ഇരയായതെന്ന് പഠനം പറയുന്നു. 

'സേഫ് ബ്രൗസിംഗ് അലര്‍ട്ട്' സംവിധാനത്തിലേയ്ക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പഠനം.