ആഗോളതലത്തില്‍ ഏറെ പ്രചാരമുള്ള ഗൂഗിള്‍ ക്രോം ബ്രൗസറിലെ ' ഫ്രീ മൂവീസ്' ലിങ്കുകള്‍ അപകടം പിടിച്ചതാണെന്ന് മുന്നറിയിപ്പ്. ഗൂഗിള്‍ വെബ്സ്റ്റോറിലെ തീംസ് വിഭാഗത്തില്‍ ഫുള്‍ എച്ച്ഡി ഓണ്‍ലൈന്‍ 4കെ സിനിമകള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള തീമുകള്‍ ആളുകളെ കബളിപ്പിച്ച് മാല്‍വെയര്‍ വെബ്സൈറ്റുകളിലേക്ക് കൊണ്ടുപോവുന്നുവെന്നും ബാങ്ക് പണമിടപാട് വിവരങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ അത്തരം ലിങ്കുകള്‍ വഴി ചോര്‍ത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആപ്ലിക്കേഷനുകളും എക്സ്റ്റന്‍ഷനുകളും ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഗൂഗിള്‍ ക്രോമില്‍ ഒരുക്കിയിട്ടുള്ള സൗകര്യമാണ് ഗൂഗിള്‍ വെബ്സ്റ്റോര്‍. പരസ്യ ബ്ലോക്കിങ് മുതല്‍ വ്യാജ ടൊറന്റ് ലിങ്കുകള്‍ വരെ ബ്ലോക്ക് ചെയ്യാന്‍ കഴിവുള്ള എക്സ്റ്റന്‍ഷനുകള്‍ ഗൂഗിള്‍ വെബ്സ്റ്റോറില് ലഭ്യമാണ്.
അതേസമയം ഗൂഗിള്‍ വെബ്സ്റ്റോറില് തന്നെ തീമുകള്‍ എന്നൊരു വിഭാഗമുണ്ട്. ഗൂഗിള്‍ ക്രോമിന്റെ ഡിസൈനിലും മറ്റും മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനാണ് ഈ തീമുകള്‍ ഉപയോഗിക്കുന്നത്.
ഈ തീമുകളുടെ ഇടയിലാണ് തട്ടിപ്പുകാര്‍ കയറിക്കൂടിയിരിക്കുന്നത്. ഫ്രീ മൂവീസ് എന്ന പേരില്‍ തട്ടിപ്പ് ലിങ്കുകള്‍ പ്രചരിപ്പിക്കാന്‍ ആളുകള്‍ തീമുകള്‍ പ്രയോജനപ്പെടുത്തുകയാണ്. ആവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്, ബ്ലാക്ക് പാന്തര്‍ ഉള്‍പ്പടെയുള്ള ബ്ലോക്ക് ബസ്റ്റര്‍ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാം എന്ന് വാഗ്ദാനം ചെയ്യുന്നവയാണ് ഒരോ തീമുകളും.
ഈ തീമുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ Vioos.co എന്ന വെബ്സൈറ്റിലേക്കാണ് പോവുക. ഒരു സ്ട്രീമിങ് പോര്‍ട്ടലാണ് ആദ്യ കാഴ്ചയില്‍ തോന്നുമെങ്കിലും ഒന്നും നടക്കില്ല. വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള വീഡിയോകളില്‍ ക്ലിക്ക് ചെയ്താല്‍ അണ്‍ലിമിറ്റഡ് സ്ട്രീമിങ് ലഭിക്കണമെങ്കില്‍ അക്കൗണ്ട് ഉണ്ടാക്കണമെന്ന് വെബ്സൈറ്റ് ആവശ്യപ്പെടും.
ഈ വെബ്സൈറ്റില്‍ വരുന്നവരെ EtnaMedia.net എന്ന വെബ്സൈറ്റിലേക്ക് വഴിതിരിച്ചുവരുന്നുണ്ടെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ആന്റി വൈറസ് സോഫ്റ്റ്വെയറായ മാല്‍വെയര്‍ ബൈറ്റ്സ് ഈ വെബ്സൈറ്റിനെ തട്ടിപ്പ് നടത്തിയതിന് ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഈ യുആര്‍എല്‍ സന്ദര്‍ശിച്ചവരുടെ ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നും മറ്റും പണം നഷ്പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.
ആവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര് തീം 1,134 പേരാണ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. ബ്ലാക്ക് പാന്തര്‍ എന്ന പേരിലുള്ള തീം 1,823 ആളുകളാണ് ഡൗണ്‍ലോഡ് ചെയ്തത്.
Content Highlights: Google Chrome warning don’t click this fake link